- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ കേരള സ്റ്റോറി വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള സിനിമ'; പ്രദർശനത്തിനെതിരേ അഭിഭാഷകൻ സുപ്രീം കോടതിയിൽ; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി; ഹൈക്കോടതിയിൽ പോകാൻ നിർദ്ദേശം; സാധ്യമായ വഴി നോക്കുമെന്ന് കബിൽ സിബൽ; വിശദമായ ഹർജി ചീഫ് ജസ്റ്റിസിന് മുമ്പാകെ നൽകും
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ 'ദ് കേരള സ്റ്റോറി' സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് അഭിഭാഷകൻ. അഭിഭാഷകനായ നിസാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദ്ദേശിച്ചു.
വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാൻ പരാതിക്കാരൻ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിൽ അപേക്ഷയായി ഈ വിഷയം പരിഗണിക്കാൻ ബഞ്ച് വിസമ്മതിച്ചു. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് വിദ്വേഷപ്രസംഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം ചേർത്തുകൊണ്ട് ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലും നിസാം പാഷയ്ക്കായി കോടതിയിൽ ഹാജരായിരുന്നു.
വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള സിനിമയാണെന്ന് വാദിച്ചാണ് കോടതിയെ സമീപിച്ചത്. എന്നാൽ, വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു.
സെൻസർ ബോർഡിന്റെ അനുമതിയുടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് എന്ന് ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയോ, ഉത്തരവാദിത്തപ്പെട്ട മറ്റുസംവിധാനങ്ങളേയോ സമീപിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പരാതിക്കാർക്ക് ഈ വിഷയത്തിൽ നേരിട്ട് സുപ്രീം കോടതിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്നും ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.
എന്നാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ ട്രാൻസ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനകം 16 ദശലക്ഷം പേരാണ് ട്രെയ്ലർ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടൻ തന്നെ വിശദമായ ഹർജി ഫയൽ ചെയ്യുമെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു. നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം ഉന്നയിച്ചാലും, അതിൽ തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടിവിയിൽ ഇതിന്റെ റിപ്പോർട്ട് കണ്ടെന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ മറുപടി. സിനിമ വെള്ളിയാഴ്ച റിലീസാണെന്ന് ഓർമ്മിപ്പിച്ച സിബൽ ഇത് തടയാൻ സാധ്യമായ വഴി നോക്കുമെന്നും വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കിക്കൊണ്ട് ദ കേരള സ്റ്റോറി സിനിമക്ക് ഇന്നലെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. സിനിമയിലെ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് സിനിമയെന്നാണ് സിപിഎം നിലപാട്. 32000 അല്ല, അതിലധികം ആണ് കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണമെന്നാണ് സിനിമയുടെ സംവിധായകൻ സുദീപ്‌തോ സെൻ പറയുന്നത്.
പത്ത് മാറ്റങ്ങളാണ് കേന്ദ സെൻസർ ബോർഡ് സിനിമയിൽ നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ അവസാന ഭാഗത്തുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കി. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവരല്ലെന്ന പരാമർശം ഒഴിവാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതിൽ നിന്നും ഇന്ത്യൻ എന്ന പദം മാറ്റി. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അടക്കമാണ് സിനിമയിൽ നിന്നും ഒഴിവാക്കിയത്.
എ സർട്ടിഫിക്കറ്റാണ് സിനിമക്ക് നൽകിയിരിക്കുന്നത്. സിനിമയിൽ പറയുന്ന കണക്കുകൾക്കുള്ള രേഖകളും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമയുണ്ടാക്കിയതെന്നാണ് സംവിധായകൻ സുദീപ്‌തോ സെൻ പറയുന്നത്. ദ കേരള സ്റ്റോറി സിനിമയും കക്കുകളി നാടകവും അനുവദിക്കരുതെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ