തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിർമ്മിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും.

കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സയൻസ് പാർക്കുകളുടെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റികൾ യഥാക്രമം കണ്ണൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികൾ ആയിരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയൻസ് പാർക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി തീരുമാനിച്ചു.

സയൻസ് പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്‌ഐ.ടി.എൽ നെ ചുമതലപ്പെടുത്തി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്സ് - ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ പി സുധീർ ചെയർമാനായ ഒമ്പത് അംഗ കൺസൾട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകൾ കിഫ്ബി ഫണ്ടിൽ നിന്ന് നൽകും. 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് 4 സയൻസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഐസൊലേഷൻ ബ്ലോക്കിന് ഭരണാനുമതി

പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി. കിഫ്ബി ധനസഹായത്തോടെ തയ്യാറാക്കിയ യഥാക്രമം 34.74 കോടി, 34.92 കോടി രൂപയുടെ എസ്റ്റിമേറ്റുകൾക്കാണ് ഭരണാനുമതി നൽകിയത്. ഇതുവരെ നിർമ്മിച്ച ഐസൊലേഷൻ വാർഡുകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തേണ്ടതാണ്.

ഭൂപരിധി ഇളവ് അപേക്ഷകൾ

ഭൂപരിധി ഇളവിന് 12.10.2022നു മുമ്പുള്ള മാനദണ്ഡത്തിന് അനുസൃതമായി അപേക്ഷ നൽകിയതും സർക്കാരിന്റെയോ ജില്ലാതല സമിതിയുടെയോ പരിഗണനയിലുള്ളതുമായ കേസുകളിൽ വീണ്ടും ഓൺലൈനായി അപേക്ഷിക്കേണ്ടതില്ല. അത്തരത്തിലുള്ള ഓഫ്ലൈൻ അപേക്ഷകളും ഓൺലൈൻ അപേക്ഷകൾപോലെ പരിഗണിച്ച് തീരുമാനമെടുക്കും.

തസ്തിക

കണ്ണൂർ ഐ.ഐ.എച്ച്.റ്റിയിൽ ഒരു വർഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് - 2 (പ്രോസസ്സിങ്) (ശമ്പള സ്‌കെയിൽ - 22200-48000), ഹെൽപ്പർ (വീവിങ്) (ശമ്പള സ്‌കെയിൽ - 17000 -35700) എന്നീ തസ്തികകൾ 22.10. 2001 ഉത്തരവിലെ നിബന്ധനയിൽ ഇളവ് അനുവദിച്ച് പുനഃസ്ഥാപിച്ചു നൽകും.

മുൻകാല പ്രാബല്യം

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിൽപ്പെട്ട ജീവനക്കാർക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്‌ക്കരണ പ്രകാരമുള്ള അലവൻസുകൾക്ക് 2017 ഏപ്രിൽ 1 മുതൽ പ്രാബല്യം നൽകും

ഉപയോഗാനുമതി

ബേക്കൽ റിസോർട്ട് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ കൈവശമുള്ള റീസർവ്വേ നമ്പർ 251/3 ൽപ്പെട്ട 1.03 ഏക്കർ ഭൂമി റവന്യൂ ഭൂമിയാക്കി പി.എച്ച്.സി. നിർമ്മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകാൻ തീരുമാനിച്ചു.

ബി.ആർ.ഡി.സി. വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കർ സർക്കാർ ഭൂമി പതിച്ചു നൽകാനും തീരുമാനിച്ചു.