തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കടുത്ത പിരിമുറുക്കമാണ്. ഇതിനിടെ സെക്രട്ടറിയേറ്റിൽ ഇരുമ്പുമറ തീർക്കുകായണ് പിണറായിയും കൂട്ടരും. മുൻപ് ഉമ്മൻ ചാണ്ടിയാടെ കാലത്ത് ഏത് സാധാരണക്കാരന് പോലും സെക്രട്ടറിയേറ്റിൽ കയറിചെല്ലാൻ സാധിക്കുമായിരുന്നില്ലെങ്കിൽ ഇപ്പോൾ അത് അത്രയ്ക്ക് എളുപ്പമല്ല. വലിയ സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴുള്ള സുരക്ഷ പോരാഞ്ഞ് വീണ്ടും അധിക സുരക്ഷ ഒറുക്കുകയാണ് സർക്കാർ.

വിഐപികൾ ഒഴികെയുള്ളവർക്ക് സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുയാണ്. ജനുവരി 1 മുതൽ സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പാക്കുന്നതോടെയാണ് നിയന്ത്രണം വരുന്നത്. ഇതിനായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതു പുരോഗമിക്കുന്നു. മെട്രോ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള പ്രവേശന രീതിയുടെ മാതൃകയിൽ തിരിച്ചറിയൽ കാർഡോ പാസോ കാട്ടിയാൽ മാത്രം ഗേറ്റ് തുറക്കുന്ന തരത്തിലാണു ക്രമീകരണം. ഇതിനായി ഓഫിസുകളുടെ കവാടങ്ങളിലും ഇടനാഴികളിലും മറ്റു വഴികളിലും ഗേറ്റുകൾ സ്ഥാപിക്കും.

ജീവനക്കാരുടെ നീക്കവും ഇതുവഴി നിരീക്ഷിക്കാനാകും. സെക്രട്ടേറിയറ്റിനകത്തു പ്രവേശിക്കുന്ന ഒരാൾ ഏതൊക്കെ വഴിക്കു നീങ്ങുന്നുവെന്നും കണ്ടെത്താനാകും. എന്നാൽ, വിഐപികൾക്ക് ഈ നിരീക്ഷണത്തിൽപെടാതെ സ്വതന്ത്രമായി നീങ്ങാം. വിഐപികൾ ആരൊക്കെ എന്ന് നിർവചിച്ചിട്ടില്ലാത്തതിനാൽ മന്ത്രിമാരുടെയും അവരുടെ പഴ്‌സനൽ സ്റ്റാഫിനും വേണ്ടപ്പെട്ടവർക്കൊക്കെ പാസ് ഇല്ലാതെ അകത്തു കടക്കാനും ഇഷ്ടം പോലെ നീങ്ങാനും ആകും. പരിഷ്‌കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 9ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളെ ചീഫ് സെക്രട്ടറി ചർച്ചയ്ക്കു വിളിച്ചു. ചുരുക്കത്തിൽ സെക്രട്ടറിയേറ്റിൽ ഇരുമ്പുമറ കെട്ടിയുള്ള പരിഷ്‌ക്കാരത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.

ആക്‌സസ് കൺട്രോൾ സംവിധാനത്തിനായി സർക്കാർ തയാറാക്കിയ കരടു നിർദേശങ്ങൾ ജീവനക്കാർ അംഗീകരിക്കുമോ എന്നതും കണ്ടറിയണം. എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണണമെന്നാണ് കർശനം നിർദ്ദേശം. കാർഡ് മറന്നുപോയാൽ താൽക്കാലിക കാർഡ് നൽകും. ദിവസത്തിലെ ആദ്യ പഞ്ച്, ഹാജർ മാർക്കിങ്. അവസാനത്തേത് പഞ്ച് ഔട്ട് എല്ലാം കൃത്യമായി രേഖപ്പെടുത്തും.

ഇടയ്ക്ക് പഞ്ച് ചെയ്താൽ അടുത്ത പഞ്ച് വരെ ഓഫിസിന് പുറത്തായിരുന്നതായും ഡ്യൂട്ടിയിൽനിന്നു വിട്ടുനിന്നതായും കണക്കാക്കും. മറ്റ് ഓഫിസുകളിൽ ഡ്യൂട്ടിക്കായി പോയാൽ തിരിച്ചെത്തിയ ഉടൻ സ്പാർക്കിൽ ഒഡി രേഖപ്പെടുത്തണം. സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തെ അനക്സിലേക്കും തിരിച്ചുമുള്ള യാത്ര ആവശ്യമായതിനാൽ അകത്തേക്കും പുറത്തേക്കുമുള്ള 10 മിനിറ്റ് ഇടവേള ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണക്കാക്കില്ല. ഇത് ഒരു ദിവസം 3 തവണ മാത്രം.

ഒരു ജീവനക്കാരന് ഗ്രേസ് ടൈം ഉണ്ടെങ്കിൽ ഒരു ദിവസം പരമാവധി 2.15 മണിക്കൂർ (ഉച്ചഭക്ഷണ സമയം 45 മിനിറ്റ് ഉൾപ്പെടെ) ക്യാംപസിനു പുറത്ത് തുടരാം. അതിലേറെ എങ്കിൽ ഹാഫ് ഡേ അവധി. 4 മണിക്കൂറിൽ കൂടുതലായാൽ ഒരു ദിവസത്തെ അവധി. ഒരു ദിവസം ജീവനക്കാരൻ ജോലി ചെയ്യുന്ന അധിക മണിക്കൂറുകൾക്കാണു ഗ്രേസ് സമയം കണക്കാക്കുന്നത്. പരമാവധി 2 മണിക്കൂർ മാത്രം ഗ്രേസ് ടൈമായി ഒരു ദിവസം സ്വന്തമാക്കാം. ഇപ്പോഴുള്ള ഗ്രേസ് ടൈം 300 മിനിറ്റിൽനിന്ന് 1200 മിനിറ്റായി ഉയർത്തും.

അതേസമയം മന്ത്രിമാർക്കും മറ്റു വിഐപികൾക്കും പഞ്ചിങ് ഇല്ല. ഇവരെ കടത്തിവിടാൻ ഗേറ്റുകളിലെ സുരക്ഷാ ജീവനക്കാരന് ഒരു മാസ്റ്റർ പഞ്ചിങ് കാർഡ് നൽകും ഗേറ്റുകൾ പഞ്ച് ചെയ്യാതെ മറികടക്കുന്നതു കണ്ടെത്താൻ ക്യാമറ സ്ഥാപിക്കും. സന്ദർശകർക്ക് മേലും കടുത്ത നിയന്ത്രണങ്ങളാകും ഉണ്ടാകുക. സന്ദർശകർ കവാടത്തിനു സമീപമുള്ള സെന്ററിൽ എത്തി വിശദാംശങ്ങൾ രേഖപ്പെടുത്തുമ്പോൾ സന്ദർശക തിരിച്ചറിയൽ കാർഡ് നൽകും. സന്ദർശനം പൂർത്തിയാക്കിയാൽ കാർഡ് തിരികെ നൽകണം. കാർഡ് നഷ്ടപ്പെട്ടാൽ 500 രൂപ പിഴ ചുമത്തും.

സന്ദർശകൻ ഇ-ഓഫിസ് സംവിധാനം വഴി ഒരു ഉദ്യോഗസ്ഥനെ സന്ദർശിക്കാൻ സമയം നേടിയിട്ടുണ്ടെങ്കിൽ അതിന്റെ ക്യു ആർ കോഡ് പ്രവേശന സെന്ററിൽ കാണിക്കണം. അതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് 25.5 ലക്ഷം രൂപ അനുവദിച്ചു. 2 നിലകളുള്ള ബംഗ്ലാവാണ് ക്ലിഫ് ഹൗസ്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മുകൾനിലയിലേക്ക് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എപ്പോഴും പോകാൻ കഴിയാത്തതു കണക്കിലെടുത്താണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്.

ക്ലിഫ് ഹൗസിൽനിന്ന് ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ മാസം 4ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എസ്റ്റിമേറ്റ് സമർപ്പിച്ചു. 2 ദിവസം മുൻപ് ഇതു പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. അടുത്തിടെ ക്ലിഫ് ഹൗസിൽ 42 ലക്ഷം രൂപ മുടക്കി തൊഴുത്ത് നിർമ്മിച്ചിരുന്നു.