കൊച്ചി: ഏകീകൃത കുർബാനയെച്ചൊല്ലി ക്രിസ്മസ് തലേന്ന് സെന്റ് മേരീസ് ബസലിക്കയിൽ ഉണ്ടായത് സമാനതകളില്ലാത്ത സംഘർഷം. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ അൾത്താരയിലേക്ക് തള്ളിക്കയറി. കുർബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂർണ്ണമായി തകർക്കുകയും ചെയ്തു. അൾത്താരയിലെ വിളക്കുകളും മറ്റും തകർന്നു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ വെള്ളിയാഴ്ച രാത്രിയിലും കുർബാന അർപ്പിക്കുന്നുണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുർബാനയെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷമുണ്ടായിരുന്നു.

പൊലീസാണ് ഈ സംഘർഷത്തിൽ പെട്ടത്. രണ്ടു വിഭാഗത്തേയും പിണക്കാതെ പ്രശ്‌നം തീർക്കാനാണ് അവർ ശ്രമിച്ചത്. ബലപ്രയോഗത്തിലൂടെ സ്ഥിതി ഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ ഇതിന് അവർ ശ്രമിച്ചില്ല. പള്ളിക്കള്ളിൽ നിന്ന് സമാനധാനത്തോടെ എല്ലാവരേയും പുറത്താക്കി. പിന്നീട് പള്ളി മുറ്റത്തേക്കും അക്രമം നീണ്ടു. വിശ്വാസികളെ ചർച്ചയ്ക്കും വിളിച്ചു. എന്നാൽ സിനഡിലെ ബിഷപ്പുമാർ ചർച്ച നടത്തട്ടേ എന്നതായിരുന്നു നിലപാട്. ഔദ്യോഗിക പക്ഷത്തെ കുർബാന ശ്രമവും ഇതോടെ തകർന്നു.

അൾത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികൾ എല്ലാം തന്നെ പ്രതിഷേധക്കാർ തകർത്തെറിഞ്ഞു. സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസിനെ ഇവിടേക്ക് നിയോഗിച്ചിരുന്നു. മാർ ആൻഡ്രൂസ് താഴത്ത് പത്ത് മണിക്ക് കുർബാന അർപ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുവിഭാഗം ഇടപെടൽ നടത്തുകയായിരുന്നു. ക്രിസ്മസ് തലേന്ന് പ്രശ്‌നം വേണ്ടെന്ന ആലോചന ഔദ്യോഗിക വിഭാഗത്തിനുമുണ്ടായില്ല. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാൻ തയ്യാറായില്ല. സംഘർഷത്തിനിടയിലും ഒരുവിഭാഗം അൾത്താരയ്ക്ക് മുന്നിൽ നിലയുറപ്പിച്ച് കുർബാനയർപ്പിക്കാൻ ശ്രമിച്ചു.

സംഘർഷം നടന്നത് ബസലിക്കയ്ക്ക് ഉള്ളിലായതിനാൽ പൊലീസ് കടുത്തനടപടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അഡ്‌മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തി രാപകൽ ഇല്ലാതെ വിമത വിഭാഗം പിശാചിന്റെ കുർബാന ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് ഏകീകൃത കുർബാനയെ അംഗീകരിക്കുന്നവർ ആരോപിച്ചു. കുർബാന ചൊല്ലിക്കൊണ്ടിരുന്നവരെ പൊലീസ് തള്ളിമാറ്റുകയായിരുന്നുവെന്നാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെ ആരോപണം. പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നുവെന്നും വൈദികർ ആരോപിച്ചു. പള്ളിക്കുള്ളിൽ കയറിയവരെ പൊലീസ് ഒഴിപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ വേണ്ടിമാത്രമാണ് ഒഴിപ്പിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. ഇരുവിഭാഗവുമായി ചർച്ചനടത്തുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ പ്രശ്നം അതിരൂപതയുടെ ആഭ്യന്തര പ്രശ്നമാണെന്ന് സിറോ മലബാർ സഭ പി.ആർ.ഒ ഫാ.ആന്റണി വടക്കേക്കര വി സി പ്രതികരിച്ചു. ഇതിൽ സഭാ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ല. കുർബാനക്രമം നടപ്പാക്കാൻ മാർപാപ്പ നിയോഗിച്ച മാർ ആൻഡ്രൂസ് താഴത്ത് ക്രിസ്മസ് മുതൽ അതിരൂപതയിൽ ഏകീകൃത നടപ്പാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അതിനിടെയാണ് വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരും സമാധാനത്തിന്റെയും ശാന്തിയും ക്രിസ്മസ് അവസരത്തിൽ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാപ്പകൽ ആരാധന നടന്ന പള്ളിയിൽ രാവിലെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ എതിർപക്ഷം അൾത്താരയിൽ കയറി സംഘർഷമുണ്ടാക്കുകയും ബലിപീഠവും മേശയും തള്ളിമാറ്റി പ്രശ്‌നം വഷളാക്കി. വിളക്കുകളും മറ്റും മറിച്ചിട്ടു. ഇതിനിടെയിലും വൈദികർ കുർബാന തുടർന്നു. തിരുവോസ്തി കയ്യിൽ എടുത്തുപിടിച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെ മൂന്ന് വൈദികർ ജനാഭിമുഖ കുർബാന നടത്തുന്നതിനിടെ അഡ്‌മിനിസ്ട്രേറ്റർ ഫാ.ആന്റണി പൂതവേലിൽ അൾത്താരയിൽ കയറിയതോടെയാണ് സംഘർഷത്തിന് തുടക്കം. തുടർന്ന് ഇരുപക്ഷവും പരസ്പരം വാക്കുതർക്കമുണ്ടായി. രണ്ട് സ്ത്രീകൾ അൾത്താരയിൽ കയറുകയും കുർബാന വസ്തുക്കൾ എടുത്തുമാറ്റുകയും വൈദികരെ അസഭ്യം പറയുകയും ചെയ്തു. ഇവരെ ഒരു വിഭാഗം വിശ്വാസികളും അസഭ്യം പറഞ്ഞു. ചെയ്തു. പൊലീസ് ഇടയ്ക്കു നിന്നതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഈ സമയമെല്ലാം പള്ളിയിൽ കുർബാന തുടർന്നു.

ഇന്നു രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് നടപടി എടുത്തത്. ഇരുപക്ഷത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചു. ബലപ്രയോഗത്തിലേക്ക് കടക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ക്രമസമാധാന വിഷയമുണ്ടായാൽ ഇടപെടും. പള്ളിയിലെ സംഘർഷം ഒഴിവാക്കും. പള്ളി പൂട്ടില്ല. ഡിസിപിയുമായി ചർച്ച നടത്തിയിട്ട് പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ നടപടി എടുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും പൊലീസ് പറഞ്ഞു.