- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപതിലേറെ അരുംകൊലകൾ; ഇരകളായതിൽ ഏറെയും 'ഹിപ്പി സംസ്‌കാരം' പിന്തുടർന്ന പടിഞ്ഞാറൻ വിനോദസഞ്ചാരികൾ; രണ്ട് അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ; കുറ്റബോധം തീണ്ടാത്ത കില്ലർ; ലഭിച്ചത് സെലിബ്രിറ്റി പരിവേഷം; പ്രായാധിക്യം കണക്കിലെടുത്ത് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ
കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽമോചിതനാകുന്നു. ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.
രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃതർ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടികൾ പൂർത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു.
ഇന്ത്യക്കാരനായ ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനിന്റേയും വിയറ്റ്‌നാമുകാരിയായ ട്രാൻ ലോംഗ് ഫുൻ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിൻ സിറ്റിയിൽ 1944-നാണ് ചാൾസ് ശോഭരാജ് ജനിക്കുന്നത്. വിവാഹിതരാകാത്തതിനാൽ ചാൾസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനി തയ്യാറായിരുന്നില്ല. ഫ്രഞ്ച് സൈനികനുമായി അമ്മയുടെ വിവാഹം നടന്നതോടെ അവർക്കൊപ്പം ചാൾസ് ഫ്രാൻസിലേക്ക് പോയി. ഇളയസഹോദരങ്ങളുടെ ജനനത്തോടെ അവഗണിക്കപ്പെട്ട ചാൾസ് പിന്നീട് ഏഷ്യൻ രാജ്യങ്ങളിലും ഫ്രാൻസിലുമായാണ് ജീവിച്ചത്.
കൗമാരകാലത്തുതന്നെ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തുതുടങ്ങിയ ചാൾസ് 1963-ൽ തന്റെ പത്തൊമ്പതാമത്തെ വയസിൽ ഭവനഭേദനത്തിന് ജയിലാക്കപ്പെട്ടു. പരോളിൽ പുറത്തിറങ്ങിയ ചാൾസ് അധോലോകത്തിലേക്ക് ആകൃഷ്ടനായി. ഭവനഭേദനത്തിലൂടെയും മറ്റും പണം സമ്പാദിക്കാനാരംഭിച്ചു. അതിനിടെ പാരിസ് സ്വദേശിയായ ചാന്റൽ കോംപാഗ്‌നനുമായി പ്രണയത്തിലായ ചാൾസ് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. അന്നേദിവസം തന്നെ വാഹനമോഷണക്കുറ്റത്തിന് പിടിയിലായ ചാൾസ് എട്ട് മാസം തടവിൽ കഴിഞ്ഞു.
ജയിൽമോചിതനായതിന് ശേഷം ചാന്റലുമായി ചാൾസിന്റെ വിവാഹം നടന്നു. 1970-ൽ അറസ്റ്റ് ഭയന്ന് ഗർഭിണിയായ ചാന്റലുമായി ഏഷ്യയിലേക്ക് കടന്നു. ഇതിനിടെ ചൂതുകളിയിലും ചാൾസിന് കമ്പം കയറി. ഒടുവിൽ ചാന്റലുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ചാൾസ് ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.
പിൻക്കാലത്ത് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാൾ കുപ്രസിദ്ധനായി. 12 പേരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ഇരകളുടെ എണ്ണം ഇരുപതിൽ ഏറെയാകാം എന്നാണ് അനൗദ്യോഗിക കണക്കുകൾ.
1970കളിലാണ് ചാൾസ് യൂറോപ്പിൽ മരണത്തിന്റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ട് ഡസനോളം മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ചാൾസിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങൾ 'സെർപന്റ്' എന്ന പേരും ശോഭാരാജിന് നേടിക്കൊടുത്തു. 1976-ലാണ് ചാൾസ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അയാൾ സമർഥമായി ജയിൽചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്രചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലയളവിൽ തന്റെ കുറ്റകൃത്യങ്ങളുടെ മേഖല ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986-ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് ചാൾസ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരുമാസത്തിനു ശേഷം പിടിയിലായി. ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997-ൽ ചാൾസ് ശോഭരാജ് പുറത്തിറങ്ങി. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബരജീവിതം നയിച്ചു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല.
തായ്‌ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്മാരാണ് ചാൾസിന്റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാൾ കോടതി ചാൾസ് ശോഭരാജിനെ 21 വർഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതൽ കാഠ്മണ്ഡുവിലെ സെൻട്രൽ ജയിലിൽ 21 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.
1975-ൽ യുഎസ് പൗരരായ കോണി ജോ ബ്രോൺസിച്ച് (29), പെൺസുഹൃത്ത് ലോറന്റ് കാരിയർ (26) എന്നിവരെ നേപ്പാളിൽവെച്ച് കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാൾസ് ശോഭരാജിനെ 2003 സെപ്റ്റംബർ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയ്ക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കാഠ്മണ്ഡുവിലും ഭക്തപുരിലുമായാണ് ചാൾസ് ഇവരുടെ കൊല നടത്തിയതെന്നതിനാൽ പ്രത്യേക കേസുകളായാണ് പൊലീസ് ചാൾസിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്.
കൊലപാതകത്തിന് 20 വർഷം തടവുശിക്ഷയും വ്യാജപാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേർത്ത് 21 വർഷത്തെ ജയിൽശിക്ഷയാണ് നേപ്പാൾ കോടതി ചാൾസിന് നൽകിയത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് 2,000 രൂപ പിഴയും ചുമത്തിയിരുന്നു. 19 കൊല്ലത്തെ തടവ് ശിക്ഷ ചാൾസ് ശോഭരാജ് ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.
ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനി എന്ന പരമ്പര കൊലയാളിയുടെ ഇരകൾ 'ഹിപ്പി സംസ്‌കാരം' പിന്തുടരുന്ന പടിഞ്ഞാറൻ വിനോദസഞ്ചാരികളായിരുന്നു. 'ബിക്കിനി കില്ലർ', 'സ്പ്ലിറ്റിങ് കില്ലർ', 'സെർപന്റ്' എന്നീ അപരനാമങ്ങൾ ചാൾസ് ശോഭരാജിനുണ്ടായിരുന്നു. തായ്ലൻഡിൽ നടത്തിയ 14 കൊലപാതകങ്ങൾ ഉൾപ്പെടെ 20 കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയെന്നാണ് കരുതപ്പെടുന്നത്. 1976 മുതൽ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാൾസ് ശോഭരാജ് ജയിൽമോചിതനായ ശേഷം പാരിസിലേക്ക് പോയി. 2003-ൽ നേപ്പാളിലേക്ക് മടങ്ങിയതോടെ വീണ്ടും ജയിലിലാവുകയായിരുന്നു.
2003-ൽ ശോഭരാജ് നേപ്പാളിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1975-ൽ കോണി ജോ ബ്രോൺസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004-ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. കോടതി ചാൾസിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2008-ൽ നേപ്പാളി വനിത നിഹിത ബിശ്വാസുമായി വിവാഹം പ്രഖ്യാപിച്ചു. 2014-ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും തെളിയിക്കപ്പെട്ടു.
കൊടുംകുറ്റവാളിയായിരുന്നിട്ടും ലോകത്തെമ്പാടും ചാൾസ് ശോഭരാജിന് ഒരു സെലിബ്രിറ്റി പരിവേഷം ലഭിച്ചിരുന്നു. തന്റെ കുപ്രസിദ്ധി ചാൾസ് ആസ്വദിക്കുകയും ചെയ്തിരുന്നു. നാല് ജീവചരിത്രങ്ങൾ, മൂന്ന് ഡോക്യുമെന്ററികൾ, സിനിമ, ഡ്രാമ സീരീസ് എന്നിവയ്ക്ക് ചാൾസ് ശോഭരാജിന്റെ ജീവിതകഥ അടിസ്ഥാനമായി. ഇപ്പോൾ ചാൾസ് ശോഭരാജിന് 78 വയസ്സാണ് പ്രായം.
മറുനാടന് മലയാളി ബ്യൂറോ