ന്യൂഡൽഹി: തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഉണ്ടായ വൻഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. തുർക്കിയിൽ ബിസിനസ് സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരനെയാണ് കാണാതായത്.10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.തുർക്കിയിൽ ആകെ 3,000 ഇന്ത്യക്കാരുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

''തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സ്ഥാപിച്ചു. 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർ സുരക്ഷിതരാണ്. ബിസിനസ് സന്ദർശനത്തിനു പോയ ഒരു ഇന്ത്യൻ പൗരനെ കാണാതായി. അദ്ദേഹത്തിന്റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെടുന്നുണ്ട്'' വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് വർമ പറഞ്ഞു.

'ഓപ്പറേഷൻ ദോസ്ത്' എന്ന പേരിൽ ഇന്ത്യ സിറിയയിലേക്ക് മരുന്നുകളും തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെയും അയയ്ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ഭൂകമ്പത്തിൽ 11,000-ത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഹായം മേഖലയിലേക്ക് എത്തിത്തുടങ്ങി.

ഇതിന് പിന്നാലെ തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് വിമാനത്തിൽ ദുരന്തബാധിത രാജ്യത്തേക്ക് യാത്ര തിരിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 51 രക്ഷാപ്രവർത്തകരും പ്രത്യേക പരിശീലനം നൽകിയ ഡോഗ് സ്വാകാഡുമാണ് തുർക്കിയിലേക്കെത്തുന്നതെന്ന് എൻഡിആർഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ രണ്ട് ടീമുകളെയാണ് രക്ഷാപ്രവർത്തനങ്ങളിൽ രാജ്യത്തിനൊപ്പം നിൽക്കാൻ അയച്ചിരുന്നത്. തകർച്ച നേരിട്ട ഒന്നിലധികം ഇടങ്ങളിലായി ഇവർ രക്ഷാപ്രവർത്തനം നടത്തുന്നതായും എൻഡിആർഎഫ് ഉദ്യോഗസ്ഥൻ അതുൽ കർവാൾ പറഞ്ഞു. സഹായഹസ്തവുമായി 50 എൻഡിആർഎഫ് പ്രവർത്തകർ മുമ്പ് തുർക്കിയിലെത്തിയിരുന്നത്. സി17 വിമാനത്തിൽ പ്രത്യേകം പരിശീലിപ്പിച്ച ഡോഗ് സ്വാകാഡുമായാണ് ആദ്യ സംഘവുംഎത്തിയിരുന്നത്.

കൂടാതെ അടിസ്ഥാനാവിശ്യ ഉപകരണങ്ങളും, ഡ്രില്ലിങ് മെഷിനുകളും മരുന്നുകളുമുൾപ്പടെ സംഘം അവിടെ എത്തിച്ചിരുന്നു.റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശത്തിന്റെ കൊടുങ്കാറ്റാണ് തുർക്കിയിലും സിറിയയിലുമായി വിതച്ചത്. ഇരുരാജ്യങ്ങളിലുമായി 7,800-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതുവരെ 20,000-ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.

ഭൂകമ്പത്തിൽ ദുരിതം നേരിടുന്ന സിറിയയ്ക്ക് ആറ് ടൺ അവശ്യവസ്തുക്കൾ കൈമാറി ഇന്ത്യ. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് എത്തിച്ച് നൽകിയത്. സി-130ജെ മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ എത്തിച്ച അവശ്യവസ്തുക്കൾ ഡമാസ്‌കസ് വിമാനത്താവളത്തിൽവെച്ച് ഇന്ത്യൻ ഉദ്യോഗസ്ഥൻ എസ്‌കെ യാദവ് സിറിയൻ അധികൃതർക്ക് കൈമാറി.

പോർട്ടബിൾ ഇസിജി മെഷീനുകളും പേഷ്യന്റ് മോണിറ്ററുകളും അടിയന്ത ഘട്ടത്തിൽ ഉപയോഗിക്കുന്ന മറ്റ് മെഡിക്കൽ ഉപകരണങ്ങളും കൈമാറിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. തദ്ദേശ വകുപ്പ് മന്ത്രി മോത്തസ് ദൗജിയാണ് സിറിയയുടെ ഭാഗത്ത് നിന്നും അവശ്യവസ്തുക്കൾ ഏറ്റുവാങ്ങിയത്.

തുർക്കിയിലേക്ക് രക്ഷാദൗത്യ സംഘത്തെ ഇന്ത്യ അയച്ചിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ്‌സ്‌ക്വാഡ് അടക്കമുള്ള ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം സി 17 വിമാനത്തിൽ കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ എത്തി. തുർക്കിക്ക് സാധിക്കുന്ന എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.