- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിനത്തിൽ നൂറ് കോടി കടന്നെന്ന് വിലയിരുത്തൽ; കങ്കണയും അനുപം ഖേറും അടക്കം വിലയിരുത്തുന്നത് മികച്ച സിനിമയെന്ന്; ഒടുവിൽ നാലു വർഷത്തിന് ശേഷമുള്ള കിങ് ഖാന്റെ വരവ് വെറുതെയായില്ല; പേരുദോഷം മാറ്റി ബോളിവുഡ്; പഠാൻ നേടുന്നത് വമ്പൻ ഇനിഷ്യൽ; എല്ലാ അർത്ഥത്തിലും ഷാരൂഖ് സിനിമയെ ആഘോഷമാക്കി ആരാധകർ; വിവാദങ്ങൾ ഗുണം ചെയ്യുമ്പോൾ
മുംബൈ: ഒടുവിൽ ബോളിവുഡിനും കിട്ടുകയാണ് ബംബർ ഹിറ്റ്. അതിന് സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ വേണ്ടി വന്നു. കോവിഡിന് ശേഷം ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്കായിരുന്നു രാജ്യത്തുടനീളം താൽപ്പര്യക്കാർ. ഹിന്ദി ചിത്രങ്ങൾക്ക് വമ്പൻ കളക്ഷൻ നേടാനായില്ല. ഇതിനിടെ റിക്കോർഡെല്ലാം തകർക്കുകയാണ് 'പഠാൻ'. വിവാദങ്ങൾ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പഠാന്' ഗുണംചെയ്തുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമാണ് 'പഠാൻ'.
നൂറിലേറെ രാജ്യങ്ങളിൽ റിലീസെന്ന റെക്കോഡുമായാണ് ചിത്രം ബുധനാഴ്ച തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ 5000 സ്‌ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും വിപുലമായ റിലീസിങ് നടത്തുന്നത്. നേരത്തേ, ഭീഷണി ഉണ്ടായിരുന്നതിനാൽ ഉത്തരേന്ത്യയിൽ തിയേറ്ററുകൾക്ക് സുരക്ഷയേർപ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ട ചിലയിടങ്ങളിലെ പ്രതിഷേധമൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. മികച്ച അഭിപ്രായവും നേടുകയാണ് പഠാൻ.
അഡ്വാൻസ് ബുക്കിങ്ങിലും പഠാൻ കുതിപ്പ് നടത്തിയിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെ.ജി.എഫ്. ചാപ്റ്റർ 2 വിനെ മറികടന്ന് ഇന്ത്യയിൽ ഈ വിഭാഗത്തിൽ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാൻ മാറി. കെ.ജി.എഫ്. ചാപ്റ്റർ 2 വിന്റെ ആദ്യദിന ബുക്കിങ് 5.15 ലക്ഷമായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകൾ വിറ്റ ബാഹുബലി 2 ആണ് ഒന്നാമത്. പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‌സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.
എന്നാൽ, മൊത്തം 52 കോടിയലിധികം ആദ്യ ദിനം കളക്ഷൻ ആണ് ചിത്രം നേടിയതെന്നും റിപ്പബ്ലിക് ദിന അവധിയായതിനാൽ ഇന്നത്തെ കളക്ഷനും കൂട്ടി ചിത്രം 100 കോടി പിന്നിടുമെന്നാണ് ഇന്ത്യൻ എക്‌സ്‌പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്. പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് പിങ്ക് വില്ലയും റിപ്പോർട്ട് ചെയ്യുന്നത്. ഷാരൂഖിന്റെ 'പഠാൻ' കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്‌സായ ഫോറം കേരളം കേരളം ട്വീറ്റ് ചെയ്യുന്നത്. മൊത്തം 52 കോടിയലിധികം ആദ്യ ദിനം കളക്ഷൻ സ്വന്തമാക്കിയെന്നും ചില ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ആനന്ദ് ആണ്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
അതിനിടെ പഠാനെ പുകഴ്‌ത്തി നടി കങ്കണ റണാവത്ത് രംഗത്തു വന്നു. നടൻ അനുപം ഖേറാകട്ടെ വലിയ സിനിമ എന്നാണ് പഠാനെ വിശേഷിപ്പിച്ചത്. 'പഠാൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയുന്ന വിധത്തിൽ ശ്രമിക്കുന്നത്'- കങ്കണ പറഞ്ഞു. പഠാൻ വലിയ ബജറ്റിൽ നിർമ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. രണ്ട് വർഷത്തിനു ശേഷം ട്വിറ്ററിൽ തിരികെയെത്തിയ കങ്കണ, സിനിമാ മേഖലയെ വിമർശിച്ചിരുന്നു.
സിനിമാ മേഖലയിലെ പണത്തിന്റെ സ്വാധീനത്തെ കുറിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്- 'സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണ്. കലയിലൂടെയും പ്രയത്‌നത്തിലൂടെയും സൃഷ്ടികളിലൂടെയും വിജയം വരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ അവർ നിങ്ങളുടെ മുഖത്ത് മിന്നുന്ന കറൻസി എറിയുന്നു. അത് അവരുടെ താഴ്ന്ന നിലവാരത്തെയും തരംതാഴ്ന്ന ജീവിതത്തെയും തുറന്നു കാട്ടുന്നു'.-ഇതായിരുന്നു കങ്കണയുടെ പ്രതികരണം. ഇതിന് ശേഷം പഠാനെ പുകഴ്‌ത്തുകയാണ് അവർ.
മറുനാടന് മലയാളി ബ്യൂറോ