- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളാ.... ഞാൻ പറഞ്ഞാൽ കേൾക്കും; ഈ കാട്ടിൽ എന്റെ കൺമുന്നിൽ വളർന്നതല്ലേ....; ഞാൻ ചെയ്തതു പോലെ ആരും ചെയ്യരുത്; എനിക്ക് ആനകളെ അറിയാം; ഭാവവ്യത്യാസം ഒറ്റ നോട്ടത്തിൽ മനസ്സിലാവും; ചക്ക് കൊമ്പനെ വിരട്ടി ഓടിച്ചതിനെ കുറിച്ച് ശക്തിവേൽ അന്ന് മറുനാടനോട് പറഞ്ഞത് ഇങ്ങനെ; പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണം തടയാൻ ശ്രമിക്കവേ മരണവും
മൂന്നാർ: 'പാവങ്ങളാ..ഞാൻ പറഞ്ഞാൽ കേൾക്കും. ഈ കാട്ടിൽ , എന്റെ കൺമുന്നിൽ വളർന്നതല്ലെ .. ആരോടു ചോദിച്ചാലും പറയും ചക്കകൊമ്പൻ എന്റെ വീടിന്റെ 50 മീറ്റർ അടുത്തുവന്ന് കിടന്നുറങ്ങാറുണ്ട്. വീട്ടുകാർക്ക് പേടിയാ.. പക്ഷെ എനിക്ക് ഇതുങ്ങളോടൊക്കെ സ്‌നേഹമാ..'- രണ്ട് മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ചു തിരിച്ചോടിക്കുന്ന ദൃശ്യങ്ങൾ വൈറലായപ്പോൾ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചറായിരുന്നു ശക്തിവേൽ. അന്ന് സൈബറിടത്തിൽ അടക്കം താരമായി മാറിയ അദ്ദേഹം ഇന്ന് ദാരുണമായി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതോടെ എല്ലാവർക്കും ഞെട്ടലാണ്.
പന്നിയാർ എസ്റ്റേറ്റിൽ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആനയിറങ്കൽ മേഖലയിൽ കാട്ടാന ആക്രമണം തടയാൻ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. രാവിലെ ആറു മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. ശക്തിവേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ഡാ കേറി പോടാ എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേൽ പറയുമ്പോൾ, കട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു മറുനാടൻ ശക്തിവേലുമായി സംസാരിച്ചത്.
പടക്കം പൊട്ടിക്കാതെ ,പാട്ട കൊട്ടി പേടിപ്പിക്കാതെ കൊലകൊമ്പനെ കാടുകയറ്റിയ ശൈലിയെക്കുറിച്ചും തൊഴിൽ മേഖലയിലെ അനുഭങ്ങളെക്കുറിച്ചുമെല്ലാം ശക്തിവേൽ അന്ന് മറുനാടനോട് മനസ്സുതുറന്നിരുന്നു. 'പാവങ്ങളാ..ഞാൻ പറഞ്ഞാൽ കേൾക്കും. ഈ കാട്ടിൽ , എന്റെ കൺമുന്നിൽ വളർന്നതല്ലെ .. ആരോടു ചോദിച്ചാലും പറയും ചക്കകൊമ്പൻ എന്റെ വീടിന്റെ 50 മീറ്റർ അടുത്തുവന്ന് കിടന്നുറങ്ങാറുണ്ട്. വീട്ടുകാർക്ക് പേടിയാ.. പക്ഷെ എനിക്ക് ഇതുങ്ങളോടൊക്കെ സ്‌നേഹമാ..'- സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ശക്തിവേലിന്റെ പ്രതികരണം.
ശക്തിവേൽ അന്ന് പറഞ്ഞത് ഇങ്ങനെ:
ചക്കകൊമ്പൻ ,അരിക്കൊമ്പൻ , മുറിവാലൻ കൊമ്പൻ എന്നീപേരുകളിൽ അറിയപ്പെടുന്ന 3 കൊമ്പന്മാരാണ് മേഖലയിലെ സ്ഥിരം പ്രശനക്കാർ. ഇവർ എത്തുമ്പോൾ കുഞ്ഞുങ്ങളും പിടിയാനകളും കൂടെയുണ്ടാവും. രണ്ട് ദശാബ്ദത്തിനുള്ളിൽ മേഖലയിൽ ആന ആക്രമണത്തിൽ ഏതാണ്ട് 20 പേരുടെ ജീവനെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്് മനസ്സിലാക്കിയിട്ടുള്ളത്. മാസങ്ങൾക്കുമുമ്പും സ്‌കൂട്ടർ യാത്രക്കാരനെ ആന ചവിട്ടികൊന്നിരുന്നു. രൂപത്തിലെ സവിഷേഷതകളും സ്വാഭവ വിശേഷങ്ങളും കണക്കിലെടുത്താണ് നാട്ടുകാർ കൊമ്പന്മാർക്ക് പേരുകൾ നൽകയിരിക്കുന്നത്. ചക്ക എവിടെയുണ്ടെങ്കിലും ചക്കകൊമ്പൻ അത് തിന്നാനെത്തും. പലവട്ടം റേഷൻ കടകളിൽ നിന്നും ചാക്കുകണക്കിന് അരി അരിക്കൊമ്പൻ അകത്താക്കിയിട്ടുണ്ട്. വാലിന് നീട്ടം കുറഞ്ഞതാണ് മൂന്നാമന് മുറിവാലൻ എന്ന് പേര് വീഴാൻ കാരണം.
ഈ കാട്ടിൽ തന്നെ പിറന്നുവീണവരാണ് ഈ കൊമ്പന്മാർ എന്നാണ് കരുതുന്നത്. 12 വയസുമുതൽ കാടിനെ അറിയാം. അതുകൊണ്ടുതന്നെ ആനകളെ മാത്രമല്ല, കാട്ടിലെ മറ്റുജീവികളെയും കാര്യമായി ഭയപ്പെടുന്നില്ല. ജീവികളുടെ സഞ്ചാരമേഖലയിലേയ്ക്കുള്ള കടന്നുകയറ്റം പ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ആനത്താരകളിൽ പലതും നഷ്ടമായി. ഫെൻസിങ് വേലികളും വ്യാപകമായി.ഇതിന്റെ ഫലമായി പാതയിലേയ്ക്കിറങ്ങിയാൽ കിലോമീറ്ററുകൾ നടന്നാലെ മറ്റൊരു ക്രോസിങ് പോയിന്റ് കാണാൻ കഴിയു എന്നതാണ് സ്ഥിതി.
വാഹനങ്ങൾ ചീറിപ്പായുന്നതിനാൽ റോഡ്് മുറിച്ചുകടക്കാതെ ആനക്കൂട്ടങ്ങൾ പാതയോരത്ത വനപ്രദേശത്ത് പതുങ്ങും. ഏറെ നേരം കാത്തുനിന്നിട്ടും ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാൻ കഴിയാത്ത ദേഷ്യത്തിലാവാം ആനകൾ വാഹനങ്ങൾ നേരെ ആക്രമണത്തിന് മുതിരുന്നതെന്നാണ് തന്റെ അനുമാനം. പടക്കം പൊട്ടിച്ചുള്ള ഓടിക്കലും മറ്റും മൂലം ദിക്കറിയാതെ ആനക്കൂട്ടം ഇടയ്ക്ക് ചിതറിയോടുന്നതും പതിവാണ്.ഇത് ഒരു പക്ഷെ ആനകളിൽ ആക്രമണ സ്വഭാവം വളരുന്നതിന് കാരണമായേക്കാമെന്നും കരുതുന്നു.
ഞാൻ ചെയ്തതുപോലെ ആരും ചെയ്യരുത്. എനിക്ക് ആനകളെ അറിയാം. അവയുടെ ഭാവവ്യത്യാസം ഒറ്റ നോട്ടത്തിൽ മനസ്സിലാവും. അത് തിരച്ചറിഞ്ഞ് അവസരത്തിനൊത്താണ് പെരുമാറുന്നത്.കാട്ടാനയ്ക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കാനും അവയെ പ്രകോപിപ്പിച്ച് സന്തോഷം കണ്ടെത്താനുമൊന്നും ശ്രമിക്കരുത്. ഇത് ഒരു പക്ഷെ ജീവൻ നഷ്ടപ്പെടുന്നതിന് വരെ കാരണമായേക്കാം. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ തനിക്ക് പങ്കില്ല. മേലിൽ ഇത്തരത്തിൽ പെരുമാറരുതെന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ഉദ്യോദ്യാഗസ്ഥരും നിർദ്ദേശിച്ചിട്ടുണ്ടെന്നും ശക്തിവേൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ