കോട്ടയം: താനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കർ മോഹൻ. തനിക്കെതിരെ നടന്നത് ആസൂതിത ഗൂഢാലോചന ആണെന്നണ് ശങ്കർമോഹൻ പറയുന്നത. തനിക്കെതിരെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഗൂഢാലോചന നടത്തി. ജാതി ഒരു മാർക്കറ്റിങ്ങ് ടൂളായി ഉപയോഗിച്ചു. കെ. ജയകുമാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്ന കാര്യം സർക്കാരാണു തീരുമാനിക്കേണ്ടത്. ഗൂഢാലോചനയ്ക്കു പിന്നിലുള്ളവരെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും ശങ്കർ മോഹൻ പറഞ്ഞു.

താൻ ജാതിചിന്ത മനസ്സിൽ പോലുമില്ലാത്തയാളാണ്. ഇതിന്റെ പിന്നിൽ ചിലരുണ്ട് അതു വ്യക്തമായി തനിക്കറിയാം. താൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിരിച്ചു വിട്ട ചിലരുണ്ട് അവർ വിദ്യാർത്ഥികളെ പിരിമുറുക്കി ജാതി കാർഡ് ഉപയോഗിച്ചു തനിക്കെതിരെ നീങ്ങിയതാണെന്നും ശങ്കർ മോഹൻ പറഞ്ഞു.

'അദ്ധ്യാപകരുടെ രാജി തീരെ പ്രതീക്ഷിച്ചില്ല. പക്ഷേ അവർ സത്യത്തിന്റെ കൂടെ നിൽക്കുന്നവരാണ്. എന്നെ നോക്കിയല്ല അവർ രാജി വെച്ചത്. എന്റെ മൂന്നു വർഷം പൂർത്തിയായപ്പോൾ രാജി വെച്ചു. അതിന് കെ.ജയകുമാർ കമ്മീഷന്റെ റിപ്പോർട്ടുമായി ബന്ധമില്ല. റിപ്പോർട്ട് പുറത്തു വിടണോ എന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്. എന്റെ പേരിന്റെ കൂടെ ജാതിവാലില്ല. ആ രീതിയിൽ ചിന്തിച്ചിട്ടുമില്ല, പ്രവർത്തിച്ചിട്ടുമില്ല. കേരളത്തിൽ ജാതി ഏറ്റവും വിൽപന സാധ്യതയുള്ള ആയുധമാണ്. വിദ്യാർത്ഥികളെ കുറ്റം പറയില്ല. ഇതിനു പിന്നിൽ മറ്റു ചിലരാണ്' ശങ്കർ മോഹൻ പറയുന്നു.

വിദ്യാർത്ഥി സമരത്തെ തുടർന്ന് അടച്ചിട്ട കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ 50 ദിവസങ്ങൾക്കു ശേഷം വീണ്ടും ക്ലാസുകൾ ആരംഭിച്ചു. ഡീൻ ഉൾപ്പടെ അദ്ധ്യാപകർ രാജി വച്ചതിനാൽ പൂർണതോതിൽ ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ള അദ്ധ്യാപകരായിരുന്നു രാജി വെച്ചത്.

കാലാവധി തീർന്നതുകൊണ്ടാണ് രാജി വെച്ചതെന്നയാരുന്നു ശങ്കർമോഹൻ ആദ്യം പ്രതികരിച്ചിരുന്ന്. മൂന്നാഴ്ച മുൻപ് തന്നെ രാജിക്കത്ത് അടൂർ ഗോപാലകൃഷ്ണന് നൽകിയിരുന്നുവെനന്ും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ശങ്കർ മോഹന്റെ രാജി സർക്കാർ സ്വീകരിച്ചു. പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സേർച് കമ്മിറ്റിയെ നിയോഗിച്ചു. വി.കെ.രാമചന്ദ്രൻ, ഷാജി.എൻ കരുൺ,ടി.വി ചന്ദ്രൻ എന്നിവരാണ് കമ്മിറ്റിയിൽ. മുഖ്യമന്ത്രിയുടെ ഓഫിസിനാണ് ശങ്കർ മോഹൻ രാജിക്കത്ത് കൈമാറിയത്.

ശങ്കർ മോഹന്റെ രാജിക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. പ്രതികരണം മറ്റാരോടെങ്കിലും ചോദിക്കൂ. കാണുന്നിടത്തെല്ലാം പ്രതികരിക്കാൻ താൻ മന്ത്രിയല്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂർ പറഞ്ഞു.

ഡയറക്ടറുടെ രാജി വിദ്യാർത്ഥികളുടെ വിജയമാണെന്ന് സംവിധായകരായ ഡോ. ബിജു, വിനയൻ, ജിയോ ബേബി എന്നിവർ പറഞ്ഞു. അടൂരിനെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജിയോ ബേബി ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാലേ സമരവിജയം പൂർണമാകൂ എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.

ജാതി അധിക്ഷേപം, സംവരണതത്വങ്ങളുടെ അട്ടിമറി ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ശങ്കർ മോഹനെതിരെ ഉയർന്നിരുന്നു. വിദ്യാർത്ഥികളോടും ജീവനക്കാരോടും ജാതിവിവേചനം കാണിച്ചു എന്നതാണ് ശങ്കർമോഹനെതിരെ ഉയർന്ന ഏറ്റവും ഗുരുതരമായ പരാതി. പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചു എന്ന ആരോപണവും നിലനിൽക്കുന്നു. ഇതിന് പുറമെ ഇൻസ്്റ്റിറ്റിയൂട്ടിലെ ജീവനക്കാരെ വീട്ടിലെ ജോലികൾക്കായി നിയോഗിച്ചു എന്ന പരാതിയും പുറത്തു വന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച മൂന്നംഗ കമ്മിഷനും മുഖ്യമന്ത്രി നിയോഗിച്ച കെ. ജയകുമാർ കമ്മിഷനും ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശനങ്ങൾപഠിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾപുറത്തുവിടാത്തതിലും നടപടി വരാത്തതിലും പ്രതിഷേധം കടുക്കുന്നതിനിടെയാണ് ശങ്കർമോഹന്റെ രാജി.