കൊച്ചി: പാറശ്ശാലയിലെ ഷാരോൺ എന്ന യുവാവിന്റെ മരണം കേരളത്തിൽ സജീവമായി ചർച്ചയാകുന്നുണ്ട്. വിഷം നൽകി യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാകുമ്പോഴും ഈ മരണത്തിന് പിന്നിലെ വസ്തുതകൾ പുറത്തുവന്നിട്ടില്ല. യുവാവിന്റെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപക്കാൻ ഒരുങ്ങുകയുമാണ്. ഈ കേസിനെ സംബന്ധിച്ചിടത്തോളം ഇനി നിർണമായകമാകുക ഫോറൻസിന് തെളിവുകളാകും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ദ ഷേർളി വാസുവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നതും.

ആയുധങ്ങളേക്കാൾ നീചമാണ് വിഷം കൊണ്ടുള്ള കൊലപാതകമെന്നാണ് ഷേർളി വാസു അഭിപ്രായപ്പെട്ടത്. വിഷ മരണങ്ങളെ നിഷ്‌കളങ്കമായി കാണാൻ സാധിക്കില്ല. വിശ്വാസവും സ്നേഹവും ആർജിച്ച ശേഷം മാത്രം ചെയ്യാൻ പറ്റുന്ന കൊലപാതകമാണിത്. വിശ്വസിച്ച് കൈയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്ന ഒരാളെ കൊലപ്പെടുത്തുന്നതുകൊണ്ടാണ് ആയുധകൊലയേക്കൾ നീചമായ കൊലയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതെന്ന് ഷേർളി വാസു ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു.

ഷേർളി വാസു പറഞ്ഞത്: വിഷം ഏറ്റവും നീചമായ ആയുധമാണ്. കൊലക്കത്തി പോലെ നേരിട്ട് വരുന്നത് അല്ല. ശത്രുവിനോടാണെങ്കിൽ അതീവസ്നേഹം കാണിച്ചാണ് ഇത് പ്രയോഗിക്കുന്നത്. സ്ത്രീകൾ വിഷ പ്രയോഗമാണ് കൊല ചെയ്യാൻ ഉപയോഗിക്കുന്നത്. വളരെ സ്നേഹം നടിച്ചും വിശ്വസിപ്പിച്ചും മാത്രമേ ഒരാളുടെ ഉള്ളിൽ വിഷം കയറ്റാൻ സാധിക്കൂ.വിഷ മരണങ്ങളെ നിഷ്‌കളങ്കമായി കാണാൻ സാധിക്കില്ല. വിശ്വാസവും സ്നേഹവും ആർജിച്ച ശേഷം മാത്രം ചെയ്യാൻ പറ്റുന്ന കൊലപാതകമാണ്. വിശ്വസിച്ച് കൈയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്ന ഒരാളെ കൊലപ്പെടുത്തുന്നതുകൊണ്ടാണ് ആയുധകൊലയേക്കൾ നീചമായ കൊലയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.

പക്ഷെ അത്തരം ഗൗരവം നമ്മൾ അതിന് കൊടുത്തിട്ടില്ല. വിഷപ്രയോഗങ്ങൾ കുറവാണ്.ഒരു മനുഷ്യനെ ഭർത്താവായി സങ്കൽപ്പിക്കുകയും പിന്നീട് അയാളെ മരണത്തിലേക്ക് നയിച്ച്, മരിച്ച് കഴിഞ്ഞാൽ തന്റെ മേലുള്ള ഭാഗ്യകേട് മാറുമെന്ന് ഈ കുട്ടി വിശ്വസിച്ച് കാണും. കേട്ടതിൽ നിന്ന് മനസിലാക്കിയതാണ്. ദുർവിധി മാറ്റാൻ കണ്ട വിദ്യയായിരിക്കാം പയ്യനെ അപായപ്പെടുത്തിയത്. അപായപ്പെടുത്തിയെന്ന തോന്നലാണ് ഇപ്പോഴുള്ളത്.

അതേസമയം ഷാരോണിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു പാറശാലയിലെ പെൺകുട്ടിയുടെ നീക്കമെന്ന് ഷാരോണിന്റെ അടുത്ത ബന്ധു സത്യശീലൻ ആരോപിച്ചു. . ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിന് മുൻപ് മരണപ്പെടുമെന്ന് പെൺകുട്ടി അന്ധമായി വിശ്വസിച്ചിരുന്നു. പെൺകുട്ടിയുടെ മനസിൽ കുങ്കുമം തൊട്ടതുകൊണ്ട് ഷാരോണാണ് ആദ്യഭർത്താവ്. ഷാരോൺ മരിച്ച് കഴിഞ്ഞാൽ ഇനിയൊരു വിവാഹജീവിതം സമ്പൂർണമാകുമെന്ന് അന്ധവിശ്വാസം പെൺകുട്ടിക്കുണ്ടായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം പെൺകുട്ടിയുടെ മൊഴിയിൽ അടക്കം വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഷായത്തിന്റെ പേര് ചോദിച്ചപ്പോൾ പറയാൻ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടിൽ കൊണ്ടാക്കാൻ വന്ന ഓട്ടോക്കാരനും പ്രശ്നം അനുഭവപ്പെട്ടിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. 100 എംഎൽ കഷായവും ജ്യൂസും കൊടുത്തെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഷായത്തിന്റെ കുപ്പി എവിടെയെന്ന് ചോദിച്ചപ്പോൾ ആക്രിക്കടയിൽ കൊടുത്തെന്നാണ് പറഞ്ഞത്. അവസാന ഡോസായിരുന്നെന്നാണ് കാരണമായി പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. വിഷയത്തിൽ അന്ധവിശ്വാസത്തിന്റെ പങ്കും തോന്നിയിട്ടുണ്ടെന്നും ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ പെൺകുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയിൽ ചാർത്തിക്കുകയും ചെയ്തു. ഇതിന് ശേഷം സമ്മതമില്ലാതെ എൻഗേജ്മെന്റ് നടന്നെന്നാണ് പറഞ്ഞത്. ശേഷം പറഞ്ഞു ആ കല്യാണം വീട്ടുകാർ നീട്ടി വച്ചെന്ന്. ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിന് മുൻപ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്. നവംബറിൽ 23 വയസ് തികയും. അതിന് മുൻപ് വിവാഹം നടന്നാൽ ആദ്യ ഭർത്താവ് മരിക്കുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്.ഇരുവരും പ്രണയത്തിലായിരുന്നു. അവളെ വിവാഹം ചെയ്യണമെന്ന് ഷാരോൺ പറഞ്ഞിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞെന്ന് അറിയിച്ചപ്പോൾ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻവാങ്ങി.

എന്നാൽ പെൺകുട്ടി വീണ്ടും ചാറ്റിലൂടെയും ഫോൺ കോളുകളിലൂടെയും ബന്ധം പുനഃസ്ഥാപിച്ചു. തുടർന്ന് നവംബറോടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് 14ന് വിളിച്ച് കഷായവും ജ്യൂസും കൊടുക്കുന്നത്.ആദ്യഭർത്താവ് മരിക്കുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാർത്തി നിൽക്കുന്ന ഫോട്ടോ വാട്സ്ആപ്പിൽ അയച്ചുകൊടുക്കുമായിരുന്നു. മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെൺകുട്ടിയോട് ചോദിച്ചപ്പോൾ, അങ്ങനെയാണെങ്കിൽ ജാതകദോഷം നിമിത്തമാണ്. ആ കുങ്കുമം മായച്ച് കളയാമെന്നാണ് പറഞ്ഞതെന്നുമാണ് ആരോപണം.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്‌പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജ്യൂസ് കുടിക്കാനായി നൽകിയത്. ഇതോടെ ഷാരോൺ ഛർദിച്ചു. ഛർദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.