തിരുവനന്തപുരം:മകന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരുമ്പോൾ ഏറെ വേദനയോടെയാണ് ഷാരോണിന്റെ മാതാവ് ആ വാർത്തകൾക്ക് സാക്ഷ്യം വഹിക്കുന്നത്.മകന്റെ മരണമൊഴിയിൽ പോലും അവൻ വിശ്വസിച്ചിരുന്നവൾ തന്നെ അവന്റെ മരണത്തിന് കാരണക്കാരിയായെന്ന വാർത്ത പൊതുസമൂഹത്തിനെന്ന പോലെ തന്നെ അവരിലും ഞെട്ടൽ ഉണ്ടാക്കുന്നു.അതേസമയം തന്നെ മകന്റെ മരണ കാര്യത്തിൽ തങ്ങൾ സംശയിച്ചിരുന്ന കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞെന്നാണ് പാറശ്ശാലയിൽ കൊല്ലപ്പെട്ട ഷാരോണിന്റെ അമ്മ പ്രതികരിച്ചത്.

കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഷാരോൺ നീലക്കളറിൽ ഛർദ്ദിച്ചിരുന്നു.ഇത് സംശയത്തിനിടയാക്കിയതായി അമ്മ പറഞ്ഞു.നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്.എന്നാൽ ചോദിച്ചപ്പോൾ ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകൻ തങ്ങളോട് ആദ്യം പറഞ്ഞതെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം.മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ പിന്നിട്ടതോടയാണ് കേസിൽ വഴിത്തിരിവുണ്ടയത്.കേസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും.വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഈ മാസം 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്.14ന് രാത്രി ആശുപത്രിയിൽ ചികിൽസ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.