തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ പര്യടനത്തിന് അനാവശ്യ പ്രാമുഖ്യം കിട്ടാൻ കാരണം, യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയതാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം. ഇത് വലിയ മണ്ടത്തരമായെന്ന നിലപാടിൽ തരൂരിനെ എതിർക്കുന്നവർ എത്തുകയാണ്. അതുകൊണ്ട് തന്നെ വിവാദ പ്രസ്താവനകളും മറ്റും നടത്തി തരൂരിന്റെ ജനപിന്തുണ ഉയർത്തില്ല. തരൂർ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനം കെപിസിസി അദ്ധ്യക്ഷൻ വിലക്കിയിട്ടും, പ്രതിപക്ഷ നേതാവ് ബലൂൺ പരാമർശം നടത്തി തരൂരിനെ പരോക്ഷമായി ആക്രമിച്ചതും തരൂരിന് തുണയായി. അതുകൊണ്ട് തന്നെ ഇനി നേതാക്കൾ പരസ്യമായി തരൂരിനെ പിന്തുണയ്ക്കില്ല.

മലബാറിലെ പര്യടനം ആസൂത്രണം ചെയ്തത് എംകെ രാഘവൻ എംപിയാണ്. എന്നാൽ എ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനായ തമ്പാനൂർ രവിയും തരൂരിനെ കൈയയച്ചു സഹായിക്കുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. കെ മുരളീധരൻ അടക്കം നടത്തിയ അനുകൂല പ്രസ്താവനകളും തരൂരിന് ഗുണകരമായി. കോൺഗ്രസിൽ 'തരൂരിസം' വളരുന്നില്ലെന്ന് ഉറപ്പിക്കാൻ രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും ഒരുമിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് നിർണ്ണായക ചർച്ചകൾ നടത്തി. ഡിസിസിയുടെ അനുമതിയോടെ മാത്രമേ തരൂരിന് ഇനി പാർട്ടി പരിപാടികളിൽ പങ്കെടുക്കാനാകൂ.

തരൂരിന്റെ പര്യടനത്തിന് വലിയ വാർത്താപ്രാധാന്യം കിട്ടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് തിരുവനന്തപുരം ജില്ലക്കാരനായ ഒരു മുൻ എംഎ‍ൽഎയാണെന്ന ധാരണ നേതൃത്വത്തിൽ പലർക്കുമുണ്ട്. ആ ചൂണ്ടയിൽ കൊത്തിയത് മൗഢ്യമായിപ്പോയെന്ന് നേതാക്കൾ കരുതുന്നു. തമ്പാനൂർ രവിയെയാണ് നേതാക്കൾ ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം കെ എസ് ശബരിനാഥനും പരസ്യ പിന്തുണ നൽകുന്നുണ്ട്. ശബരിനാഥനും തമ്പാനൂർ രവിയും എകെ രാഘവനുമാണ് തരൂരിനൊപ്പമുള്ള പ്രധാനികൾ എന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മനസ്സു കൊണ്ട് തരൂരിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിൽ കരുതലുകൾ എടുത്തില്ലെങ്കിൽ തരൂർ കൂടുതൽ കരുത്തനാകുമെന്നാണ് വിലയിരുത്തൽ.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരത്തിനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുമെന്നുമുള്ള സൂചന തരൂർ നൽകിയിട്ടുണ്ട്. തരൂരിന് കിട്ടുന്ന മുസ്ലിം ലീഗിന്റെയും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷരുടെയും പിന്തുണയും ചെറുതല്ല. മന്നം ജയന്തി സമ്മേളനത്തിലേക്ക്ക്ഷണിക്കപ്പെട്ടതും അനുകൂല ഘടകമായി തരൂർ പക്ഷം വിലയിരുത്തുന്നു. തരൂർ പങ്കെടുക്കുന്ന എറണാകുളത്തെ ആദ്യ സമ്മേളനം നാളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിക്കൊപ്പമാണ്. തരൂർ ദേശീയ പ്രസിഡന്റായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സുധാകരൻ എത്തുന്നത്. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. മുഖ്യ പ്രഭാഷകൻ തരൂരാണ്.

മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ചതിനു ശേഷം, ആദ്യമായാണ് ഇരുവരും ഒരു വേദിയിൽ. വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. തുടക്കം മുതൽ ഒടുക്കംവരെ തരൂർ സമ്മേളനത്തിലുണ്ടാവുമെന്നാണ് സൂചന. അതു സംഭവിച്ചാൽ സതീശനൊപ്പവും തരൂർ വേദി പങ്കിടും. അതിനിടെ മലബാർ പര്യടനം നടത്തുന്ന ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ പറയുന്നു. പര്യടനം ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും എം എം ഹസൻ പറഞ്ഞു.

ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ കോട്ടയത്ത് നേതാക്കളുടെ പേരിൽ പോസ്റ്റർ യുദ്ധം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ശശി തരൂരിനെ മുന്നിൽകാട്ടി യൂത്ത് കോൺഗ്രസും വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മറ്റൊരു വിഭാഗവുമാണ് പരസ്യമായി തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ പോസ്റ്ററുകളിൽനിന്ന് ഒഴിവാക്കിയെന്ന പരാതി ശക്തമാകുന്നതിനിടെ വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഇപ്പോൾ ഈരാറ്റുപേട്ടയിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നിരിക്കുകയാണ്.

'വർഗീയ ഫാസിസത്തിനെതിരെ' എന്ന പ്രമേയത്തിൽ ഈരാറ്റുപോട്ടയിൽ ഡിസംബർ മൂന്നിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മഹാസമ്മേളനം പ്രഖ്യാപിച്ചിരുന്നു. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ നിശ്ചയിച്ചിട്ടുള്ളത്. തരൂരിനെ ഉയർത്തിക്കാട്ടിയാണ് പരിപാടിയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ പോസ്റ്ററുകളിൽനിന്ന് സതീശനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നു. സംഭവം വിവാദമായതിനെ തുടർന്ന് സതീശൻ ഉൾപ്പെടെ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ പോസ്റ്ററും യൂത്ത് കോൺഗ്രസ് പുറത്തിറക്കിയിരുന്നു.

ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ഇപ്പോൾ സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ വ്യാപകമായി ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. കെപിസിസി വിചാർ വിഭാഗം കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷും തമ്മിലുള്ള പോരാണ് പുതിയ വിവാദങ്ങൾക്കു പിന്നിൽ. നാട്ടകം സുരേഷ് ഒരു ഭാഗത്തും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ചിന്റു ജോയ് കുര്യൻ മറുവശത്തും നിന്നാണ് പരസ്പരം പോരടിക്കുന്നത്. ഇവരെ പിന്തുണക്കുന്നവർ തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ രൂക്ഷമാകുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തർക്കത്തിലും കൈയാങ്കളിയിലും കലാശിച്ചിരുന്നു.

എന്നാൽ ശശി തരൂരിന്റെ മലബാർ പര്യടന വിവാദത്തിനിടെ നേതാക്കൾക്ക് കർശന നിർദ്ദേശവുമായി കെ പി സി സി അച്ചടക്ക സമിതി രംഗത്തെത്തി. നേതാക്കൾ പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സമാന്തരമായ പ്രവർത്തനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.