- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ ചെന്നാലും ആളു കൂടുന്നു; സെൽഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി കുട്ടികളും മുതിർന്നവരും ഒരുപോലെ എത്തുന്നു; ആകാശത്തും ഭൂമിയിലും ഒരുപോലെ താരപരിവേഷം; ഇൻഡിഗോ വിമാനത്തിലെ യാത്രയിലും പ്രത്യേകം സ്വാഗതമോതി വിമാന കമ്പനി ജീവനക്കാർ; നേതാക്കൾ ഭയക്കുന്നത് ഹൈക്കമാൻഡിനെയും കടത്തി വെട്ടുന്ന തരൂരിന്റെ താരപ്രഭാവം
ഹൈദരാബാദ്: ശശി തരൂർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ എന്തു സംഭവിക്കും? അങ്ങനെ സംഭവിച്ചാൽ രാഹുലും പ്രിയങ്കയും അടക്കമുള്ള ഗാന്ധി കുടുംബത്തിന്റെ പ്രഭാവം പോലും അസ്തമിക്കും. അത്രയ്ക്ക് താരപ്രഭയും മീഡിയ കവറേജുമാണ് ശശി തരൂരിന് ലഭിക്കുന്നത്. ആളുകളെ ആകർഷിക്കാനുള്ള നൈസർഗികമായ കഴിവുള്ള ഈ തരൂരിയൻ ശൈലിയെയാണ് ഹൈക്കമാൻഡ് ശരിക്കും ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ മതിയെന്ന നിലപാട് സ്വീകരിക്കുന്നതും.
കേരളത്തിലെ മുതിർന്ന നേതാക്കൾക്കെതിരെയും തരൂരിനെ തള്ളുന്ന നിലപാട് സ്വീകരിച്ചതിൽ അമർഷത്തിലാണ് പ്രവർത്തകർ. ഒരു മലയാളി ആയിട്ടു കൂടി തരൂനെ ഹൈക്കമാൻഡ് താൽപ്പര്യത്തിന് വേണ്ടി തള്ളുന്നതിൽ കേരള പൊതുസമൂഹത്തിലും രോഷം ശക്തമാണ്. ഇന്നലെ കെപിസിസി ഓഫസിൽ അടക്കം തരൂരിന് ഗംഭീര സ്വീകരണാണ് പ്രവർത്തകർ ഒരുക്കിയത്. അതേസമയം അദ്ദേഹം യാത്ര ചെയ്യുന്ന വിമാനത്തിൽ അടക്കം ആളുകൾ കൂടുന്ന അവസ്ഥയുണ്ട്.
ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രയിലും തരൂർ താരമായി. വിമാനത്തിൽ തരൂരിന് പ്രത്യേക സ്വാഗതമാണ് കാബിൻ ക്രൂ നൽകിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ശശി തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാന യാത്രയിൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ, ക്യാപ്റ്റൻ ഇന്ദ്രപ്രീത് സിങ് എനിക്ക് പ്രത്യേക സ്വാഗതം പറഞ്ഞു. സഹയാത്രികർ അഭിനന്ദിച്ചു. വിമാനത്തിലെ അധിക സമയവും സെൽഫികൾക്കായി ചെലവിട്ടു. ചില യുവയാത്രികർ ഓട്ടോഗ്രാഫ് ബുക്കുകളുമായെത്തി' ചില ആരാധകരുടെ ഫോട്ടോ സഹിതം തരൂർ ട്വിറ്ററിൽ കുറിച്ചു.
ഇതിന്റെ ചിത്രങ്ങളും തരൂർ പോസ്റ്റു ചെയ്തിട്ടുണ്ട്. കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി. 'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി. 'നിങ്ങളൊരു കാന്തിക പ്രഭാവമുള്ള നേതാവാണ്, വളരെ വിനീതനും ബുദ്ധിജീവിയും' മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. 66കാരനായ തരൂർ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 19ന് ഫലം പുറത്തുവരും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് എതിരാളി.
ഭാവി കോൺഗ്രസിനായുള്ള മാറ്റമെന്ന മുദ്രാവാക്യം ഉയർത്തിയാണ് തരൂർ പോരാടുന്നത്. പ്രചാരണത്തിനായി ശശി തരൂർ ഇന്ന് കേരളത്തിലാണുള്ളത്. ഒരു സ്ഥാനാർത്ഥിക്കും പരസ്യ പിന്തുണ നൽകരുതെന്ന എഐസിസി മാർഗനിർദ്ദേശം തള്ളി ഖാർഗെയ്ക്ക് പിന്തുണ നൽകിയ കെപിസിസിയുടെ നടപടിയിൽ തരൂരിന് അതൃപ്തിയുണ്ട്. എന്നാൽ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാൽ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കൾ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശിതരൂർ പറഞ്ഞു. മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല - തരൂർ പറഞ്ഞു.
പാർട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഹുൽ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വർഷം മുമ്പ് തന്നെ പറയാൻ തുടങ്ങിയ ഒരു കാര്യമാണ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ. കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ അകത്തുള്ള ഐഡിയോളജിയെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ വെല്ലുവിളികളെ നേരിടാനാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ അത് എങ്ങനെ ചെയ്യണം, എങ്ങനെ ശക്തമാക്കണം എന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ആര് ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ