- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിന്റെ പ്രകടനപത്രികയിലെ ഇന്ത്യൻ ഭൂപടത്തിൽ കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങൾ ഇല്ല; വിവാദ ഭൂപടത്തിനെതിരെ ബിജെപി; ഓൺലൈൻ പതിപ്പിൽ ചിത്രം മാറ്റി; വിവാദത്തിൽ അകലംപാലിച്ച് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടത്തിൽ ഗുരുതര പിഴവെന്ന് റിപ്പോർട്ട്. തരൂരിന്റെ പ്രകടനപത്രികയിൽ ഉൾപ്പെട്ട ഭൂപടത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഒരു ഭാഗം ഇല്ലെന്നാണ് പ്രകടനപത്രികയുടെ ചിത്രം വ്യക്തമാക്കുന്നത്. മത്സരത്തിന്റെ ഭാഗമായി തരൂർ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടമാണ് വിവാദത്തിലായത്.
എന്നാൽ വാർത്ത വന്നതിന് പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു. പ്രകടപത്രികയുടെ ഓൺലൈൻ പതിപ്പിൽ ചിത്രം മാറ്റി നൽകിയിട്ടുണ്ട് എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഭൂപടം തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വിശദീകരണങ്ങളൊന്നും തരൂരോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ നൽകിയിട്ടില്ല.
ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പുറത്തിറക്കിയ 'തിങ്ക് ടുമാറോ, തിങ്ക് തരൂർ' എന്ന പ്രകടന പത്രികയിൽ കോൺഗ്രസ് യൂണിറ്റുകൾ പ്രതിനിധീകരിച്ച് പോയിന്റുകളിൽ ചിത്രീകരിച്ച ഭൂപടമാണ് ഇപ്പോൾ വിവാദത്തിലായത്.
തരൂർ തന്നെയാണ് ഇതിന് വിദശീകരണം നൽകേണ്ടതെന്നും ഗുരുതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് വിവാദത്തിൽ നിന്ന് അകലംപാലിച്ചു. വിവാദ ഭൂപടത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയതോടെ കോൺഗ്രസ് വാക്താവ് ജയ്റാം രമേശാണ് ഉത്തരവാദിത്തം തരൂരിനാണെന്ന് വ്യക്തമാക്കിയത്.
'കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ തന്റെ പ്രകടനപത്രികയിൽ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോൾ, അനുയായിയായ കോൺഗ്രസ് അധ്യക്ഷൻ ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം...' അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
'ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടന്നതോടെ ബിജെപിയുടെ പരിഭ്രാന്തി പ്രകടമാണ്. ബിജെപിയുടെ 'ഐ ട്രോൾ സെൽ' (ഐടി സെൽ) ഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയേയും ലക്ഷ്യംവെക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഏത് ദുർബ്ബലമായ ഒഴികഴിവുകളും തേടും. ഈ ഗുരുതരമായ തെറ്റ് വിശദീകരിക്കാൻ ഡോ.തരൂരിനും അദ്ദേഹത്തിന്റെ സംഘത്തിനും കഴിയുമെന്നായിരുന്നു മറുപടിയായി ജയ്റാം രമേശ് പ്രതികരിച്ചത്.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരചിത്രം വ്യക്തമായിട്ടുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ, ശശി തരൂർ എംപി, ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് ഇപ്പോൾ മത്സര രംഗത്ത് ഉള്ളത്. തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗ്ഗേയുടെ പ്രധാന എതിരാളി.
കോൺഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ട് , അത് വിശദീകരിക്കുന്ന പ്രകടനപത്രികയാണ് ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ പദ്ധതികൾ എല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്. എന്റെ ശബ്ദം ഒരാളുടെ ശബ്ദമല്ല, പാർട്ടി തിരഞ്ഞെടുപ്പുകൾ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ടെന്ന് ശശി തരൂർ പ്രകടനപത്രിക നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറഞ്ഞതാണ്, തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്, തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ല. സോണിയയേയും രാഹുലിനോടും താൻ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാർട്ടിക്ക് നല്ലതാണ് എന്ന് അവർ പറഞ്ഞു. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഒരു കാഴ്ചപ്പാട് ആണ് ഞാൻ മുന്നോട്ട് വയ്ക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമർപ്പണത്തിന് ശേഷം ഖാർഗെ പറഞ്ഞു. നിരവധി നേതാക്കൾ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതൽ കോൺഗ്രസിനായി നിലകൊണ്ടയാളാണ് ഞാൻ. കോൺഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോർട്ടർമാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളിൽ നിന്ന് കിട്ടിയ ഊർജമാണ് തന്നെ കോൺഗ്രസ് നേതാവാക്കിയതെന്നും ഖാർഗ്ഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാർജ്ജുൻ ഖാർഗ്ഗേ രാജിവച്ചേക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുൻപായി രാജിയുണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഹൈക്കമാൻഡിന്റെയും ജി 23 നേതാക്കളുടേയും പിന്തുണയോടെയാണ് ഖാർഗ്ഗേ മത്സരിക്കാൻ ഇറങ്ങുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ