കൊച്ചി: ഏത് ജോലിയായാലും, മിനിമം അച്ചടക്കം ഉണ്ടെങ്കിലേ വിജയിക്കൂ. അതല്ലെങ്കിൽ, തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും പാരയായി മാറും. സിനിമാ രംഗത്ത് അച്ചടക്കമില്ലാത്ത ഇത്തരം ചില യുവനടന്മാരെ കുറിച്ചാണ് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ദിവസം തുറന്നടിച്ചത്.

ബി ഉണ്ണിക്കൃഷ്ണൻ ഇവരുടെ പേരുകൾ പരസ്യമായി പറഞ്ഞില്ലെങ്കിലും മലയാള സിനിമയിലെ ആ വില്ലന്മാർ ആരാണെന്ന് മറുനാടൻ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഷെയിൻ നിഗം തന്നെയാണ് സിനിമാ സെറ്റിൽ നിരന്തരം വിവാദത്തിലാകുന്ന ഒരു താരമെങ്കിൽ ഇക്കാര്യത്തിൽ സംഘടനക്ക്ക് അടക്കം പരാതികൾ ഉള്ള മറ്റൊരു താരം ഷറഫുദ്ദീനാണ്. കൂടാതെ ശ്രീനാഥ് ഭാസിയും ഫെഫ്കയുടെ ഹിറ്റ്ലിസ്റ്റിൽ പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ നിർമ്മാതാവും ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ ഇട്ട കുറിപ്പും ചർച്ചയാകുന്നു.' മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി. അമ്മ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്. ഈ യുവനടൻ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.' സുശീലൻ കുറിച്ചു.

ഷിബു ജി സുശീലന്റെ കുറിപ്പിന്റെ പൂർണരൂപം:

ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്നനിലയിൽ അംഗങ്ങളുടെയും, അത് പോലെ ഫെഫ്ക്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്‌നങ്ങൾ ഡെയിലി കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്... പക്ഷേ ഇന്നലെ ഫെഫ്ക്ക ജനറൽ കൗൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിങ് നടന്നു

പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂടുന്ന പ്രശ്‌നങ്ങളെ പറ്റി... ഈ പ്രശ്‌നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവാണ്.. ഷൂട്ടിങ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്ത പോലെയാണ് പെരുമാറ്റം...അങ്ങനെ നിരവധി തലവേദന... നമ്മൾ എന്തിന് ഇത് സഹിക്കണം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്. സിനിമ നിർമ്മാതാക്കൾ എന്തിനാണ് ഇവരെ വെച്ച് സിനിമ എടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്‌നകാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ... നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം....എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായിമ നമ്മൾ വാങ്ങണം.

അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ... നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്. ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം.

സമാധാനത്തോടെ ജോലിയിൽ ആത്മാർത്ഥത ഉള്ളവരെ വെച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്. മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി. അമ്മ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്. ഈ യുവനടൻ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.