- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലെ പരിചയം പ്രണയമായി; പത്ത് വയസിന് മുതിർന്ന യുവതിയുമായി വിവാഹം; ഒമ്പതു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് 2021ൽ; കരിയർ നശിപ്പിക്കുമെന്ന് മുൻഭാര്യ ഭീഷണിപ്പെടുത്തിയെന്ന് ശിഖർ ധവാൻ; അയേഷയെ വിലക്കി കോടതി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓപ്പണർമാരിൽ ഒരാളായ ശിഖർ ധവാൻ റൺവേട്ടയിൽ അടക്കം ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ്. കരിയറിന്റെ അവസാന പാദത്തിലാണ് ശിഖർ ധവാൻ. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുൻനിർത്തി യുവതാരങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചതോടെ ഇന്ത്യൻ ടീമിൽ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ ധവാൻ അടുത്തിടെ വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ശിഖർ ധവാനും ഭാര്യയായിരുന്ന അയേഷ മുഖർജിയും 2021-ലാണ് വിവാഹമോചിതരായത്. ഒമ്പതു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വഴിപിരിഞ്ഞത്. ഇപ്പോൾ അയേഷക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം.
തന്റെ കരിയർ നശിപ്പുക്കുമെന്ന് മുൻ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ധവാൻ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. തനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സിഇഒ ധീരജ് മൽഹോത്രയ്ക്ക് അയേഷ മുഖർജി അയച്ചതായി ധവാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ അയേഷയെ വിലക്കി കോടതി ഉത്തരവിട്ടു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരേ പരാമർശങ്ങൾ നടത്തുന്നതാണ് കോടതി വിലക്കിയത്. അതേസമയം ആവശ്യമെങ്കിൽ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുൻ ഭാര്യയ്ക്ക് നിർദ്ദേശം നൽകി.
ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായാണ് ധവാൻ ആരോപിച്ചത്. തന്റെ പ്രതിച്ഛായ മോശമാക്കുക എന്ന ലക്ഷ്യത്തോടെ ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ സിഇഒ ധീരജ് മൽഹോത്രയ്ക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയേഷ അയച്ചതായാണ് ധവാൻ വെളിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അയേഷ മുഖർജിയെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നുമാണ് ഡൽഹി പട്യാല ഹൗസ് കോടതി വിലക്കിയത്.
ഓസ്ട്രേലിയൻ പൗരത്വമുള്ള 47-കാരിയായ അയേഷയും 37-കാരനായ ധവാനും 2012-ലാണ് വിവാഹിതരായത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. മകൻ നിലവിൽ അയേഷയോടൊപ്പം ഓസ്ട്രേലിയയിലാണ്. രണ്ടാമത്തെ വിവാഹമായിരുന്നു അയേഷയുടേത്. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകൾ ആരംഭിച്ചതോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു.
ഒമ്പത് വർഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി 2021-ൽ അയേഷയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ധവാന്റെ പേര് ചേർത്തുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയേഷ മുഖർജി എന്ന പേരിലെ അക്കൗണ്ടിൽ നിന്നാണ് അവർ വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
ഓസ്‌ട്രേലിയൻ വ്യവസായിയുമായി ആയിരുന്നു അയേഷ മുഖർജിയുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. മെൽബണിൽ നിന്നുള്ള മുൻ കിക്ക്‌ബോക്‌സർ കൂടിയാണ് അയേഷ മുഖർജി. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തി നേടിയിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെയാണ് ശിഖർ ധവാനുമായുള്ള അവരുടെ ആദ്യ ആശയവിനിമയം. ധവാന്റെ മുൻ സഹതാരം ഹർഭജൻ സിങ് ദമ്പതികളുടെ ഒരു പൊതു സുഹൃത്തായിരുന്നു.
പശ്ചിമ ബംഗാളിലായിരുന്നു ശിഖർ ധവാന്റെ മുൻ ഭാര്യയായിരുന്ന അയേഷ മുഖർജിയുടെ ജനനം. അയേഷക്ക് 8 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ കുടുംബം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറി. ഓസ്‌ട്രേലിയയിൽ വെച്ച് സ്‌പോർട്‌സിനോട് കമ്പം കയറിയ അയേഷ കിക്ക് ബോക്‌സിംഗിൽ പരിശീലനം തേടിയിട്ടുള്ളയാളാണ്. മുൻ സീസണുകളിൽ ശിഖർ ധവാന് പിന്തുണയുമായി ഐപിഎൽ ഗ്യാലറികളിലെ നിത്യസാന്നിധ്യമായിരുന്നു അയേഷ.
പ്രണയത്തിന് മുന്നിൽ പ്രായമൊന്നും ഒരു തടസമല്ലെന്ന് തെളിയിച്ചവരാണ് ശിഖർ ധവാനും അയേഷ മുഖർജിയും. ഫേസ്‌ബുക്കാണ് ശിഖർ ധവാൻ, അയേഷ മുഖർജി പ്രണയം സംഭവിക്കാൻ കാരണമെന്നതാണ് സത്യം. ഫേസ്‌ബുക്കിൽ അയേഷക്ക് ധവാൻ അയച്ച ഫ്രണ്ട് റിക്വസ്റ്റിൽ നിന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കമായത്. ഫേസ്‌ബുക്കിലൂടെയുള്ള സ്ഥിരം ചാറ്റിങ് അവരുടെ പ്രണയത്തെ കൂടുതൽ ശക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായ ഹർഭജൻ സിങ്, ധവാന്റേയും അയേഷയുടേയും സുഹൃത്തായിരുന്നു. ധവാൻ തന്റെ പ്രണയ കാര്യം ഭാജിയുമായി സംസാരിച്ചു. അയേഷയുടെ ആദ്യ വിവാഹം കഴിഞ്ഞതാണെന്ന് ഹർഭജൻ ധവാനെ അറിയിച്ചെങ്കിലും ധവാന് അക്കാര്യങ്ങൾ ഒരു തരത്തിലും പ്രശ്‌നമല്ലായിരുന്നു.
2012 ലായിരുന്നു ശിഖാർ ധവാനും, അയേഷ മുഖർജിയും തമ്മിലുള്ള വിവാഹം നടന്നത്. ഈ വിവാഹത്തിന് ആദ്യമൊക്കെ ധവാന്റെ കുടുംബം എതിരായിരുന്നെങ്കിലും പിന്നീട് ധവാന്റെ ആഗ്രഹത്തിന് മുന്നിൽ എതിർപ്പുകളെല്ലാം മാറി. സിഖ് ആചാരപ്രകാരമായിരുന്നു ധവാൻ-അയേഷ വിവാഹം നടന്നത്. 2014 ൽ ധവാൻ-അയേഷ ദമ്പതികൾക്ക് ഒരാൺകുട്ടി ജനിച്ചു. സൊറാവർ എന്നാണ് അവർ തങ്ങളുടെ കുട്ടിക്ക് നൽകിയ പേര്. അയേഷയുടെ ആദ്യ വിവാഹത്തിലെ കുട്ടികളേയും വിവാഹശേഷം ധവാൻ ഏറ്റെടുത്തു.
2021 ലാണ് ശിഖർ ധവാനും, അയേഷ മുഖർജിയും ബന്ധം വേർപിരിയുകയാണെന്ന് പ്രഖ്യാപനം വന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അയേഷ തന്നെയായിരുന്നു ഈ വിവരം പുറത്ത് വിട്ടത്. വളരെ നീളമേറിയ ഒരു കുറിപ്പായിരുന്നു വിവാഹ മോചന വിവരം പുറത്ത് വിട്ടതിനൊപ്പം അയേഷ അന്ന് പങ്കു വെച്ചത്.
മറുനാടന് മലയാളി ബ്യൂറോ