കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തി ഷൈൻ ടോം ചാക്കോ പോയത് ഷൂട്ടിങ് തിരക്കുകളിലേക്ക്. സഹോദരിക്കൊപ്പമാണ് ദുബായിൽ നിന്ന് നടനെത്തിയത്. എയർഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ ഷൈൻ കയറാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് തനിക്കൊപ്പം മടങ്ങി പോയാൽ മതിയെന്ന് സഹോദരി നിലപാട് എടുത്തത്. ഇത് അനുസരിക്കാൻ ഷൈൻ തയ്യാറാവുകയും ചെയ്തു. ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രെമോഷന് വേണ്ടിയാണ് നടൻ ദുബായിലേക്ക് പോയത്. മടങ്ങുമ്പോഴായിരുന്നു കോക്പിറ്റ് വിവാദം. ഇതോടെ നടനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഇതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ഷൈൻ നാട്ടിൽ മടങ്ങിയെത്തുന്നത്. കുറുക്കൻ എന്ന സിനിമയുടെ സെറ്റിലാണ് ഷൈൻ ജോയിൻ ചെയ്തത്. വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ് തിരക്കുള്ള മലയാളത്തിലെ നടൻ.

ഇടവേളക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് കുറുക്കൻ. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവർക്കൊപ്പം ഷൈനിനും നിർണ്ണായക റോളുണ്ട് സിനിമയിൽ. വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മാണം. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്. സുരഭിലഷ്മിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജയലാൽ ദിവാകരനാണ് സംവിധായകൻ. ഈ സിനിമയുടെ സെറ്റിലേക്കാണ് ഷൈൻ എത്തുന്നത്.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്ന് സഹോദരിക്കൊപ്പമാണ് ഷൈൻ നാട്ടിലേക്ക് മടങ്ങിയത്്. ഇന്നലെ ദുബായിൽ വച്ച് എയർ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഷൈന്റെ യാത്ര മുടങ്ങിയിരുന്നു. വിമാനത്തിനകത്ത് ഓടി നടന്ന നടനെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി. രണ്ടു ദിവസം മുമ്പ് ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനായി കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഓടി നടന്ന നടൻ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. സംശയാസ്പദമായ പെരുമാറ്റം കണ്ട എയർ ഇന്ത്യ അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകൾ നടത്തുകയുമായിരുന്നു.

അന്ന് ഷൈൻ ടോം ചാക്കോയുടെ യാത്ര മുടങ്ങിയിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാൻ നടൻ ശ്രമിച്ചെങ്കിലും ദുബായിലുള്ള സഹോദരി അനുവദിച്ചില്ല. പ്രത്യേക സാഹര്യത്തിൽ തനിക്കൊപ്പം നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്ന് ഷൈൻ ടോം ചാക്കോയെ സഹോദരി അറിയിച്ചു. എയർ ഇന്ത്യാ വിവാദത്തിലെ പ്രശ്‌നം ഉന്നത ഇടപെടലിലൂടെ പ്രശ്നം ഒതുക്കി എന്നതാണ് വസ്തുത. അനൂജ് ഷാജിയാണ് ഭാരത് സർക്കസ് എന്ന സിനിമയുടെ നിർമ്മാതാവ്. ഗൾഫിലാണ് അനൂജ് ഷാജി കേന്ദ്രീകരിക്കുന്നത്. എണ്ണ വ്യവസായത്തിൽ അടക്കം പങ്കാളിത്തമുള്ള അനൂജിന് ഗൾഫിൽ ഉന്നത ബന്ധങ്ങളുണ്ട്. ഷൈൻ ടോം ചാക്കോയെ വിവാദങ്ങളിൽ പെടാതെ രക്ഷിച്ചെടുത്ത് അനൂജ് ഷാജിയുടെ ഇടപെടലാണ്.

സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ദുബായിൽ ഷൈൻ എത്തിയത്. തിരക്ക് പിടിച്ച പരിപാടിയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സിനിമാക്കാർ ഷൈനിന് മടക്ക ടിക്കറ്റ് എടുത്തത്. ഈ വിമാനത്തിൽ ഷൈനിന് നാട്ടിലേക്ക് മടങ്ങാനായില്ല. പിന്നീട് നടൻ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്തു. വിമാനത്തിൽ എത്തിയ ഷൈൻ, ക്ഷീണം കാരണം ഉറങ്ങാൻ ശ്രമിച്ചിരുന്നു. ഇതിനെ വിമാനത്തിലെ ജീവനക്കാർ തടഞ്ഞു. വിമാനം പറന്നുയർന്ന ശേഷം ഉറങ്ങാമെന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ വാക്കു തർക്കമായി. ക്ഷീണിതനായ ഷൈൻ ഇതിനിടെ അവിടെ നിന്ന് ഇറങ്ങി പൈലറ്റിന്റെ കോക് പിറ്റ് തുറക്കാൻ ശ്രമിച്ചു. ഇതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. ജീവനക്കാരോട് തർക്കിച്ച് കോപാകുലനായി ആണ് ഷൈൻ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചത്.

എന്നാൽ മനപ്പൂർവ്വമായിരുന്നില്ല ഇത് സംഭവിച്ചതെന്ന് പൈലറ്റിന് മനസ്സിലായി. പുറത്തുള്ള പ്രശ്‌നത്തിനിടെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാനുള്ള വെപ്രാളത്തിനിടെ കതക് മാറി തുറക്കുകയായിരുന്നുവെന്നും പൈലറ്റ് മനസ്സിലാക്കി. ഇതിനിടെ കൺട്രോൾ റൂമിലേക്ക് നിർദ്ദേശം പോയി. ഷൈനിനെ തിരിച്ചറിഞ്ഞവർ വിമാനത്തിൽ നടനെ തടഞ്ഞു വച്ചകാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. രക്ത പരിശോധനയും മറ്റും നടക്കും മുമ്പ് തന്നെ ഉന്നത തല ഇടപെടൽ ഉണ്ടായി. അതുകൊണ്ട് തന്നെ ഷൈനിനെ മോചിപ്പിക്കാനും കഴിഞ്ഞു. പരാതിയില്ലെന്ന് പൈലറ്റ് നിലപാട് എടുത്തു. എയർ ഇന്ത്യയും പരാതിയൊന്നും ഔദ്യോഗികമായി കൊടുത്തില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ദുബായിലേക്ക് നടന് ഔദ്യോഗിക യാത്രാ വിലക്ക് വരുമായിരുന്നു. അനൂജ് ഷാജി നടത്തിയ ഇടപെടലാണ് ഇവിടെ നിർണ്ണായകമായത്.

ഭാരത് സർക്കസിന്റെ നിർമ്മാതാവ് വലിയൊരു 'സർക്കസ്' കളിച്ചാണ് ഷൈൻ ടോം ചാക്കോയെ രക്ഷിച്ചതെന്നാണ് സിനിമാ ലോകവും പറയുന്നത്. പൈലറ്റും എയർ ഇന്ത്യയും കടുത്ത നിലപാട് എടുത്തിരുന്നുവെങ്കിൽ കളിയാകെ മാറിയേനേ. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കേസും നടപടികളും വരുമായിരുന്നു. രക്തപരിശോധനയിൽ അരുതാത്തത് കണ്ടാൽ യുഎഇയിലെ നിയമങ്ങൾ കർശനമാണ്. അതെല്ലാം വിനയാകുമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അനൂജ് ഷാജി ഇടപെടൽ നടത്തിയത്.