- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1978 ലെ എസ് എസ് എൽ സിക്ക് രണ്ടാം റാങ്ക്; ബിടെക് ബിരുദവും റിസർവ് ബാങ്കിൽ ജോലിയും; ഡപ്യൂട്ടി കലക്ടറായി സംസ്ഥാന സർവീസിൽ; 2000 ൽ ഐഎഎസ് കൺഫർ; 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവി; അതുവരെ എല്ലാവരും വാഴ്ത്തിയ കരിയർ; പിന്നെ 'അശ്വത്ഥാമാവ് വെറും ഒരു ആന' പിന്നെ 'ചതിയുടെ പത്മവ്യൂഹം' ആയി; ശിവശങ്കർ വിരമിക്കുന്നു; പിണറായി പുതിയ പദവി നൽകുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐഎഎസ് ഈ മാസം സർവീസിൽനിന്ന് വിരമിക്കുമ്പോൾ പുതിയ പദവി എന്തെങ്കിലും കിട്ടുമോ എന്നത് ചർച്ചകളിലേക്ക്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ഡിജിപിയായിരിക്കെ ജേക്കബ് തോമസിനോട് കാട്ടിയതൊന്നും സർക്കാർ വലിയ വിവാദത്തിൽ കുടുങ്ങിയിട്ടും ശിവശങ്കറിനോട് കാട്ടിയില്ല. തിരിച്ചെടുക്കുകയും സുപ്രധാന വകുപ്പുകളുടെ ചുമതല നൽകുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഇനിയെന്തെന്ന ചോദ്യം ഉയരുന്നത്. വിരമിച്ച ശേഷം ദുബായിൽ താമസിക്കാനായിരുന്നു ശിവശങ്കറിന്റെ താൽപ്പര്യമെന്ന തരത്തിൽ റിപ്പോർട്ടുകൾ പലതും എത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഊഹാപോഹം മാത്രമാണ്. ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ നിയമ നടപടികൾ ശിവശങ്കറിന് നേരിടേണ്ടതുണ്ട്. വിവാദങ്ങൾക്കിടെ ജയിൽ ജീവിതം പശ്ചാത്തലമാക്കി 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ പുസ്തമെഴുതി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സ്വർണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തി. പിന്നാലെ 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിൽ ശിവശങ്കറിനെ രൂക്ഷമായി വിമർശിച്ച് സ്വപ്നയും പുസ്തകമെഴുതി. ഇതെല്ലാം വലിയ വിവാദമായി മാറി. പുതിയ സാഹചര്യത്തിൽ ശിവശങ്കർ പുസ്തകം എഴുതാനുള്ള സാധ്യത ഏറെയാണ്. സർവ്വീസിൽ നിന്ന് വിരമിച്ചാൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി ശിവശങ്കർ തുടരും.
ശിവശങ്കർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി ഉണ്ടാകും. ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന യുവജന കാര്യ വകുപ്പിന്റെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകും. ഇതോടൊപ്പം ആനിമൽ ഹസ്‌ബെന്ററി, ഡയറി ഡവല്പ്‌മെന്റ് ആൻഡ് മ്യൂസിയം ഡിപ്പാർട്ട്‌മെന്റുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി റാണി ജോർജിനെ നിയമിച്ചു. ബി.അശോകിന് അഗികൾച്ചറൽ പ്രൊഡക്ഷൻ കൺട്രോളർ ചുമതല നൽകി. സഹകരണ വകുപ്പ് സെകട്ടറി മിനി ആന്റണി ഐ.എ.എസ് ന് സാംസ്‌കാരിക വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി . തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജുവിന് പി.ഡബ്ല്യൂ.ഡി സെക്രട്ടറിയുടെ അധിക ചുമതലയും പി.ഡബ്ല്യൂ.ഡി സെക്രട്ടറി അജിത് കുമാർ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും നൽകി. ആരോഗ്യ വകുപ്പ് ജോ:സെക്രട്ടറി ഡോ.ചിത്ര.എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു. പാലക്കാട് കലക്ടർ ജോഷി മൃൺമയി ശശാങ്ക് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആയും സുഭാഷ് ടി.വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ആയും നിയമിച്ചു.
സ്വർണ്ണകടത്ത് ആരോപണത്തിന് മുമ്പ് കേരളത്തിലെ ഏറ്റവും തിളക്കമാർക്ക് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. സ്വർണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ 2020 ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉന്നതപദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയവിവാദങ്ങൾക്കും തുടക്കമായി. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്. ഇത് വലിയ ചർച്ചയായി. ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ സർക്കാർ കൈവിട്ടു.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. ഇതോടെ ശിവശങ്കർ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു. പിന്നാലെ അറസ്റ്റുമുണ്ടായി. തിരുവനന്തപുരത്ത് 1963 ജനുവരി 24നാണ് ശിവശങ്കറിന്റെ ജനനം. 1978 ലെ എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ബിടെക് ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഡപ്യൂട്ടി കലക്ടറായി സംസ്ഥാന സർവീസിൽ. 2000 ൽ ഐഎഎസ് കൺഫർ ചെയ്തു. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിലെത്തി. 2019ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി. മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടന്റായി കെപിഎംജിയെ കൊണ്ടുവന്നതും ശിവശങ്കറായിരുന്നു. ഒടുവിൽ കെപിഎംജിയെ സർക്കാരിനു മാറ്റിനിർത്തേണ്ടി വന്നു.
കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. എങ്കിലും മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല.
മറുനാടന് മലയാളി ബ്യൂറോ