- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിക്ക് മരുന്ന് കുറിപ്പടി കൈയിൽ നൽകാതെ ഡോക്ടർ നേരേ കമ്പ്യൂട്ടർ വഴി ആശുപത്രി ഫാർമസിയിലേക്ക് വിടും; പുറത്ത് വിലക്കുറവുള്ള മരുന്ന് ഫാർമസിയിൽ പോയി മേടിക്കുമ്പോൾ രോഗിയുടെ പോക്കറ്റ് കാലി; കേന്ദ്രം അംഗീകരിച്ച രോഗികളുടെ അവകാശ പത്രിക സംസ്ഥാനത്ത് നടപ്പാക്കാതെ ആരോഗ്യ വകുപ്പിന്റെ ഒളിച്ചുകളി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: രോഗികളുടെ അവകാശങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ചാർട്ടർ ഓഫ് പേഷ്യന്റ് റൈറ്റ്‌സ് കേരളത്തിലും നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗീകരിച്ച രോഗികളുടെ അവകാശ പത്രിക എത്രയും വേഗം കേരളത്തിൽ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് അവകാശപത്രികയിൽ നടപടി സ്വീകരിക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു ഇതുവരെ സംസ്ഥാന സർക്കാർ. സർക്കാർ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പിന് മൂന്ന് വർഷം മുൻപ് നൽകിയ കത്തിന് ഇപ്പോഴാണ് മറുപടി നൽകിയത്. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ ജനപ്രതിനിധികൾ പോലും വേണ്ടത്ര താൽപര്യമെടുക്കാതെ സ്വകാര്യ കുത്തകകളുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരത്തെ അഭിഭാഷകനായ അഡ്വ.ജി ഗോപിദാസാണ് രോഗികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 2019 നവംബറിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാടും മറുപടിയും തേടി പലവട്ടം മനുഷ്യാവകാശ കമ്മീഷൻ നോട്ടീസുകൾ അയച്ചെങ്കിലും കൃത്യമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുകയായിരുന്നു സർക്കാർ . രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നോട്ട് വരേണ്ട സർക്കാരാണ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടർന്നത്.
കേരളത്തിലെ മിക്ക ആശുപത്രികളിലും ചികിത്സ തേടി എത്തുന്ന രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ ഫാർമസിയിൽ നിന്ന് മരുന്നും, അവരുടെ ലാബുകളിൽ ടെസ്റ്റും നടത്തിക്കുന്നത് പതിവാണ്. സ്വകാര്യ ആശുപത്രികളുടെ ഈ നിലപാട് രോഗികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് മിക്കവർക്കും അറിഞ്ഞുകൂടാ. ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) ഇത്തരം നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ല. കാരണം, ഐഎംഎയ്ക്കും രോഗികളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിൽ ഒട്ടും താൽപര്യമില്ല.
2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യൻസ് റൈറ്റ്സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെ ക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല, വേണ്ടത്ര പ്രചരണം നൽകാറുമില്ല. ഈ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കും രോഗികൾക്കുമുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് സർക്കാർ വകുപ്പുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തത്.
ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ് എന്നതിൽ ഒരുപാട് സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ ആരോഗ്യവകുപ്പ് മെല്ലെപ്പോക്ക് തുടർന്നത്. ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം സർക്കാരിന്റെ ഭാഗത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
മിക്ക ആശുപത്രികളിലെ ഫാർമസികളിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകൾ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടായേ മതിയാവു. ഡോക്ടർമാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധമായ ഇത്തരം നടപടികളിൽ ദേശീയ മെഡിക്കൽ കൗൻസിലോ, ഐഎംഎയോ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. രോഗിക്ക് മരുന്ന് ഇഷ്ടമുള്ള വിപണന കേന്ദ്രത്തിൽ നിന്ന് വാങ്ങാനും . ഇഷ്ട മുള്ള ലാബിൽ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ അംഗീകരിച്ച പ്രധാനപ്പെട്ട പേഷ്യൻസ് റൈറ്റ്സിൽ പതിനൊന്നാമത്തെ അവകാശമായി പറയുന്നതിങ്ങനെയാണ്. രോഗിക്കോ അവരുടെ ഒപ്പമുള്ള വ്യക്തിക്കോ, ഏത് രജിസ്റ്റേർഡ് ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനും, അംഗീകൃത ലാബിൽ നിന്ന് പരിശോധനകൾ നടത്താനും അവകാശമുണ്ട്. ഇങ്ങിനെ വ്യക്തമായ മാർഗ നിർദ്ദേശമുള്ളപ്പോഴാണ്. ഡോക്ടർമ്മാർ കമ്മീഷൻ തട്ടാൻ അവർക്ക് താല്പര്യമുള്ള ഫാർമസികളിലേക്കും ലാബിലേക്കും സ്‌കാൻ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്. എന്തിനാണ് സ്വകാര്യ ആശുപത്രികൾ അവിടെ വരുന്ന രോഗികളെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നതെന്ന കാര്യം ആരും അന്വേഷിക്കാറില്ല, ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആരോഗ്യവകുപ്പോ സന്നദ്ധസംഘടനകളോ മുൻകൈയെടുക്കാറുമില്ല. രോഗികളുടെ അവകാശങ്ങളെക്കുറിച്ച് കരട് നിർദ്ദേശങ്ങൾ വന്നിട്ട് നാല് വർഷമായിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്.
രോഗിയുടെ ഇഛയ്ക്കും താൽപര്യത്തിനും മുകളിൽ ഡോക്ടറിനും ആശുപത്രിക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നാണ് കരട് നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യിൽ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാർമസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമാണ്.ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയാണ് ആശുപത്രികൾ.
അത് പോലെ ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകൾക്ക് ഒരു ഏകീകരണം ഉണ്ടാവാറില്ല. തോന്നും പടിയാണ് ഓരോ ആശുപത്രിയും ഡോക്ടർമാരും ചികിത്സ ക്കും ടെസ്റ്റുകൾക്കും. ചാർജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്.
നിരക്കുകൾ ഒരാശുപത്രിയിലും എഴുതി പ്രദർശിപ്പിക്കാറില്ല.ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികൾക്ക് നൽക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നാണ് അവകാശ പത്രികയിൽ പറയുന്നത്. അതും തഥൈവ. ചികിത്സാ രേഖകളും പരിശോധന റിപ്പോർട്ടുകളും രോഗികളുടെ അവകാശമാണ്. ശസ്ത്രക്രിയകളും, ആന്തരിക പരിശോധനകളും നടത്തുന്നതിന് മുൻപ് രോഗിയിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ മുൻകൂർ അനുമതി തേടണം. ചികിത്സയെക്കുറിച്ചും, രോഗത്തെക്കുറിച്ചും രോഗിയുടെ അന്തസ്സിന് കോട്ടംവരാത്ത സ്വകാര്യത സൂക്ഷിക്കണം. രോഗത്തിന്റെയോ, ശാരീരിക അവസ്ഥയുടെ പേരിലോ വിവേചനം പാടില്ല. മറ്റൊരു ഡോക്ടറിൽ നിന്നും ഉപദേശമോ, നിർദ്ദേശമോ സ്വീകരിക്കാനുള്ള അവകാശം ഇങ്ങനെ രോഗികളുടെ പ്രധാനപ്പെട്ട അവകാശങ്ങൾ പരിപാലിക്കുന്നതിൽ സർക്കാരും നിയമസംവിധാനങ്ങളും സമ്പൂർണമായും പരാജയപ്പെട്ട് നിൽക്കുകയാണ്. ഈ അവകാശങ്ങൾ നടപ്പിലാക്കാൻ സർക്കാരിന്റെ താൽപര്യമില്ലായ്മയാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
രോഗികളുടെ അവകാശങ്ങളെ കുറിച്ച് സമഗ്രമായ അറിവു പകരാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണമെന്നതാണ് വസ്തുത.