കണ്ണൂർ: എം എസ് എഫ് നേതാവ് അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനുവേണ്ടി കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് അഡ്വ ടി പി ഹരീന്ദ്രൻ. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിരിക്കാം ഇതെന്നും താൻ ആരുടെയും കോളാമ്പിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം വെളിപ്പെടുത്താൻ ഒരാളും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ചില പരിമിതികളുള്ളതുകൊണ്ടാണ് തന്റെ ആരോപണം മുൻ ഡി വൈ എസ് പി സുകുമാരൻ നിഷേധിച്ചത്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാർമികത കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകൾ ചേർത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്‌ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരൻ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും ഹരീന്ദ്രൻ വ്യക്തമാക്കി. ഹരീന്ദ്രന്റെ ആരോപണത്തെ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി ഹരീന്ദ്രൻ രംഗത്തെത്തിയത്.

ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞിരുന്നു. ആരോപണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി വിശദീകരണം നടത്തിയത്. 'അഭിഭാഷകന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങളാണ് അഭിഭാഷകൻ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുസ്ലിം ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വിവരമുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. ആദ്യഘട്ടമെന്നോണം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.' കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം, ഷുക്കൂർ വധ കേസിൽ പി.ജയരാജനെ സംരക്ഷിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന വാദം തള്ളി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി പി.സുകുമാരൻ രംഗത്തെത്തി. സർവീസിൽ നിന്നും വിരമിച്ച പി.സുകുമാരൻ അന്ന് അങ്ങനെ ഒരു സംഭവവുമുണ്ടായില്ലെന്നാണ് പറയുന്നത്. കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ പച്ച കള്ളമാണ്.

അന്വേഷണ സംഘത്തിന്റെ പൂർണ ചുമതല തനിക്കായിരുന്നു. ടി.പി ഹരീന്ദ്രനോട് താൻ ഒരു ഘട്ടത്തിലും നിയമോപദേശം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി അന്നത്തെ എസ്‌പി തന്നോട് പറഞ്ഞിട്ടില്ലെന്നും സുകുമാരൻ വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് അഭിഭാഷകനെ കാണേണ്ട കാര്യമില്ല. യു.എ പി.എ കേസുകളിൽ മാത്രമാണ് സർക്കാർ അഭിഭാഷകന്റെ പോലും അഭിപ്രായം തേടേണ്ടത്. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയും നിയമോപദേശം തേടിയിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് കേസിന്റെ പൂർണ ഉത്തര വാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കണ്ണൂരിലെ അഭിഭാഷകനും മുൻ സി.എംപി നേതാവുമായ ടി.പി ഹരീന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. ആരോപണമുന്നയിച്ച ടി.പി ഹരീന്ദ്രൻ , വാർത്ത സംപ്രേഷണം ചെയ്ത പ്രദേശിക ചാനൽ പ്രവർത്തകർ എന്നിവർക്കെതിരെ ലീഗിന്റെ അഭിഭാഷക സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 16 പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.