- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിസ്റ്റുകളും സംഘപരിവാറും കളം വിട്ടുപോകണം; യൂനിഫോം സിവിൽ കോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട; സിവിൽ കോഡിനെ പ്രതിരോധിക്കുവാൻ ഉള്ള മികച്ച മാർഗ്ഗമാണ് നിയമ നവീകരണം; തന്റെ പുനർവിവാഹത്തെ വിവാദമാക്കുന്നവർക്ക് ഷുക്കൂർ വക്കീലിന്റെ മറുപടി
കോഴിക്കോട്: ലോക വനിതാ ദിനത്തിൽ നടനും അഭിഭാഷകവുമായ സി.ഷുക്കൂറും ഭാര്യ ഷീനാ ഷുക്കൂറും മക്കളെ സാക്ഷിയാക്കി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹിതരായത് ദേശീയ മാധ്യമങ്ങളിലും വാർത്തയായിരുന്നു. അതേസമയം ഈ നിയമം ഇസ്ലാമിക നിയമത്തിന് എതിരാണെന്ന് വ്യാഖ്യാനിച്ചു കൊണ്ട് പലവിധത്തിലുള്ള ഭീഷണികളാണ് ഷുക്കൂർ വക്കീലിനെതിരെ ഉയരുന്നത്. സൈബർ ആക്രമണങ്ങൾക്ക് പുറമേ വ്യവസ്ഥാപിത സുന്നി സ്ഥാപനങ്ങളും ഇവർക്കെതിരെ രംഗത്തുവന്നു. ഷുക്കൂറിന്റെ രണ്ടാം വിവാഹം മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടുള്ള കുറിപ്പ് പുറത്തിറക്കി പ്രമുഖ സുന്നി സ്ഥാപനം രംഗത്തുവന്നു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചാണ് വിവാഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഷൂക്കൂർ വക്കീലിന്റെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം നാടകവും വിരോധാഭാസവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ഈ പശ്ചാത്തലത്തിൽ തങ്ങൾ നടത്തിയ ഇടപെടലിനെ യൂനിഫോം സിവിൽകോഡിന് വേണ്ടിയുള്ള പോരാട്ടമായി ചിത്രീകരിച്ചവർക്ക് ഷുക്കൂർ വക്കീൽ വിശദമായ മറുപടി നൽകിയിരിക്കുകയാണ്.
ഷുക്കൂർ വക്കീലിന്റെ കുറിപ്പ്:
മുതലെടുക്കുന്നവരോടും മുദ്രകുത്തുന്നവരോടും പറയാനുള്ളത്....
ഞാനും എന്റെ ജീവിത പങ്കാളി ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് വകുപ്പ് 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചത് ഏതെങ്കിലും വ്യക്തിഗത താത്പര്യങ്ങളുടെ പുറത്തല്ല. അതിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ചില സന്ദേശങ്ങൾ മുന്നോട്ടുവെക്കുന്നതിനും തുല്യനീതിക്ക് വേണ്ടിയുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടുന്നതിനും വേണ്ടിയാണ്.
ഞങ്ങൾ യൂനിഫോം സിവിൽകോഡിന് പൂർണമായുമെതിരാണെന്നത് സാധ്യമായ എല്ലാ വേദികളിലും ആവർത്തിച്ചിട്ടും, ഞങ്ങൾ നടത്തിയ ഇടപെടലിനെ യൂനിഫോം സിവിൽകോഡിന് വേണ്ടിയുള്ള പോരാട്ടമായി ചിത്രീകരിച്ചത് രണ്ടുവിഭാഗം ആളുകളാണ്.
ഒന്ന് ഇസ്ലാമിസ്റ്റുകളും
രണ്ട് സംഘ്പരിവാറും.
സാധാരണക്കാരായ മതവിശ്വാസികൾ, അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട സങ്കോചങ്ങളിൽ നിന്നുകൊണ്ട് ഞങ്ങളുടെ ഇടപെടലിനെ വിമർശിക്കുന്നത് മനസ്സിലാക്കാനും അവയോട് സംവാദാത്മകമായി ഇടപെടാനും ഞങ്ങൾക്ക് സാധിക്കും. കാലങ്ങളായി പിന്തുടരുന്ന, വിശ്വാസങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് സാധാരണക്കാരായ മുസ്ലിങ്ങൾ അവരുടെ വേവലാതികൾ പങ്കവെക്കുന്നതിനെ എതിർപ്പോടെ കാണുന്നുമില്ല. വിശ്വാസികളായ ധാരാളം മുസ്ലിങ്ങൾ ഞങ്ങൾക്ക് പിന്തുണ നൽകുന്നതുകൊണ്ട് തന്നെ നിലനിൽക്കുന്ന അനീതിയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങൾ സംഭവിക്കട്ടെ, മുസ്ലിം സ്ത്രീകൾക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ എന്നിങ്ങനെയുള്ള പ്രത്യാശകൾ മാത്രമാണുള്ളത്.
എന്നാൽ ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്ന വിഭാഗങ്ങളെ അങ്ങനെ കാണാൻ കഴിയില്ല. സോഷ്യൽ മീഡിയയിലൂടെ ഞങ്ങളെ സംഘ്പരിവാർ തത്പരരായി മുദ്രകുത്താൻ ഏതാനും ഇസ്ലാമിസ്റ്റ് പ്രൊഫൈലുകൾ നിരന്തരം ശ്രമിക്കുന്നുണ്ട്. അതേ സമയം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള പ്രമുഖരടക്കം ഞങ്ങൾക്ക് പരസ്യ പിന്തുണയർപ്പിച്ചുകൊണ്ട് യൂനിഫോം സിവിൽകോഡ് എന്ന അവരുടെ താത്പര്യത്തിലേക്ക് ഇതിനെ കണ്ണിചേർക്കാനും ശ്രമിക്കുന്നുണ്ട്.
ഇരുകൂട്ടരോടും പറയാനുള്ളത് നിങ്ങൾ കളം വിട്ട് പോകണം എന്നാണ്. നിങ്ങളുടെ അടച്ചിട്ട മുറികളിലെ രഹസ്യസംഭാഷണങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രായോഗികവേദിയായി ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചാൽ അവയെ തിരിച്ചറിയാനും പ്രതിരോധിക്കാനും ജനാധിപത്യ മതേതര പക്ഷത്ത് നിൽക്കുന്നവർക്ക് കേരളത്തിൽ എളുപ്പം സാധിക്കും.
നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ കൊന്നും ബലാൽസംഗത്തിന് വിധേയമാക്കിയും ഇന്ത്യൻ മതേതരത്വത്തെ കളങ്കപ്പെടുത്തിയ, മനുഷ്യരെ മതാടിസ്ഥാനത്തിൽ മാത്രം കാണുന്ന, ചരിത്രത്തിലെന്നും ഭരണഘടനാ മൂല്യങ്ങളോട് ശത്രുത മാത്രം പുലർത്തിയ സംഘ്പരിവാർ, മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പുവാൻ കൂടുന്നതിൽ പരം അശ്ലീലം വേറെയില്ല.
ഞങ്ങൾ രാജ്യത്തെ ഭരണഘടനയിലും നിയമവാഴ്ചയിലും നീതിന്യായ വ്യവസ്ഥകളിലും വിശ്വാസം അർപ്പിച്ചാണ് ഈ പ്രശ്നം സമൂഹത്തിന് മുന്നിലേക്ക് വെക്കുന്നത്. മനുസമൃതി ഭരണഘടനയായി മാറുന്ന കാലത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിങ്ങൾക്കിവിടെ റോളില്ല. ദയവുചെയ്ത് അനുമോദനത്തിന്റെ പൂച്ചെണ്ടുകളുമായി ഇതുവഴി വരരുത്.
അടിസ്ഥാനപരമായി ഈ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണ്. അതിനർത്ഥം ഈ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളുടെ പ്രാഥമിക ശത്രുക്കളായ നിങ്ങൾക്കെതിരാണ് ഈ പോരാട്ടം എന്നതാണ്. ഹിന്ദു, കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന അനീതികൾ തിരുത്തിയത്, യൂനിഫോം സിവിൽകോഡ് നടപ്പിലാക്കിക്കൊണ്ടല്ല. മറിച്ച്, നിയമത്തിലുള്ള പിഴവുകൾ തിരുത്തിക്കൊണ്ടാണ്.
മുസ്ലിങ്ങൾക്കിടയിലും സ്ത്രീകൾക്ക് തുല്യത ഉറപ്പ് വരുത്താൻ 1937 ലെ മുസ്ലിം പേഴ്സനൽ ലോ (ശരീഅ ) ആപ്ലിക്കേഷൻ ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ മതി. 1986 മുസ്ലിം വിവാഹ മോചിത സംരക്ഷണ നിയമം ഇത്തരം ഒരു സാധ്യത നമ്മിലേക്ക് തുറക്കുന്നുണ്ട് .
അങ്ങേയറ്റം ന്യായമായ ഈ ആവശ്യം മുന്നോട്ടുവെക്കുമ്പോൾ യൂണിഫോം സിവിൽകോഡിലേക്ക് ഇതിനെ ബന്ധിപ്പിക്കുന്നതിൽ അർത്ഥമില്ല.
രാജ്യം ഭരിക്കുന്നത് സംഘ്പരിവാറാണ്, അവരുട ലക്ഷ്യം യൂനിഫോം സിവിൽകോഡാണ് അതുകൊണ്ട് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങൾ മിണ്ടിപ്പോകരുത് എന്ന ഇസ്ലാമിസ്റ്റ് യുക്തിക്കും, മുസ്ലിങ്ങൾക്കിടയിൽ നിന്നുള്ള ആഭ്യന്തര തിരുത്തൽ മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്ത് യൂനിഫോം സിവിൽകോഡ് ഡിമാന്റിലേക്ക് കൊണ്ടെത്തിക്കാം എന്ന സംഘ് തന്ത്രങ്ങൾക്കുമിടയിൽ നിന്നുകൊണ്ട് തുല്യാവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ നടത്തുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി.
ഒരിക്കൽ കൂടി പറയുന്നു, യൂനിഫോം സിവിൽകോഡ് ഒരു പരിഹാരമല്ല എന്ന് മാത്രമല്ല, രാജ്യത്തെ അവസാനത്തെ മുസ്ലിമിനെയും ഉന്മൂലനം ചെയ്ത് ഹിന്ദുരാഷ്ട്രം പണിയാനുള്ള സംഘ്പരിവാർ പദ്ധതിയുടെ തുടക്കമാണത്. രാജ്യത്തിന്റെ ബഹുസ്വരതയിലും വൈവിധ്യത്തിലും ജനാധിപത്യത്തിനും വിശ്വസിക്കുന്ന ഓരോ മനുഷ്യരും സംഘം ചേർന്ന് ചെറുത്തുതോൽപിക്കേണ്ട ആശയമാണത്. രാജ്യത്ത് യൂനിഫോം സിവിൽകോഡ് നടപ്പാക്കുന്ന ഘട്ടം വന്നാൽ അതിനെതിരായ ചെറുത്തുനിൽപുകളിൽ ആദ്യം തെരുവിലിറങ്ങുന്നവരുടെ കൂട്ടത്തിൽ മുന്നിൽ ഞാനുണ്ടാകും.
കാസർകോഡ് ജില്ലയിൽ ജീവിക്കുന്നവർക്ക് 2016 മുതൽ ഞാൻ എടുത്തു വരുന്ന സംഘ് വിരുദ്ധ രാഷ്ട്രീയം ഒരു അഭിഭാഷകൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും എന്റെ ട്രാക്കുകൾ പരുശോധിച്ചാൽ ബോധ്യമാകും. രാജ്യത്തെ ഓരോ സാമൂഹ്യവിഭാഗങ്ങൾക്കും അവരുടേതായ സംസ്‌കാരം, വിശ്വാസം, ഭാഷ, വസ്ത്രം, ഭക്ഷണം, ആചാരം എന്നിവയുമായി നിലകൊള്ളാനുള്ള അവസരം ഉണ്ടാവുക തന്നെയാണ് വേണ്ടത്.
തീർച്ചയായും മുസ്ലിങ്ങളുടെ സവിശേഷമായ എല്ലാ അവകാശങ്ങളും ഇതുപോലെ തന്നെ നിലനിൽക്കണം. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിൽ ചരിത്രപരമായി നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമത്തിലെ ചില അനീതികളെ മാറുന്ന കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം എന്ന ആവശ്യം മാത്രമാണ് നമ്മൾ മുന്നോട്ടുവെക്കുന്നത്.
മറ്റൊരു കാര്യം കൂടി, ഞാനും ഷീനയും തമ്മിലുള്ള (രണ്ടാം) വിവാഹത്തിന്റെ പ്രഖ്യാപനത്തോടു കൂടി മുസ്ലിം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകളുയർന്നുവന്നത് സാന്ദർഭികമായാണ്. അതുകാരണം, ഞങ്ങൾ സവിശേഷമായി ഉയർത്തിക്കൊണ്ടുവന്ന എന്തോ ഒരു ആവശ്യം എന്ന നിലയ്ക്കാണ് പലരും ഇക്കാര്യത്തെ കണക്കിലെടുത്തിരിക്കുന്നത്. എന്നാൽ വാസ്തവം അങ്ങനെയല്ല.
മുസ്ലിം സ്ത്രീകളുടെ മുൻകൈയിൽ തന്നെയുള്ള മൂവ്മെന്റുകൾ കഴിഞ്ഞ കുറേ പതിറ്റാണ്ടുകാലമായി ഈ വിഷയമുയർത്തിക്കൊണ്ട് സമര രംഗത്തുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് വി.പി. സുഹ്റയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിസ എന്ന സംഘടനയുടെ മുൻകൈയിൽ നിയമയുദ്ധം ആരംഭിച്ചിട്ട് വർഷങ്ങളായി. നിസ നൽകിയ ഹരജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ കക്ഷി ചേരുമെന്നറിയിച്ചുകൊണ്ട് താനൂരിലെ ആയിഷുമ്മയെയും മൂവാറ്റുപുഴയിലെ റൂബിയയെും കോഴിക്കോട്ടെ സജ്നയെയെും പോലെ അനേകം മുസ്ലിം സ്ത്രീകൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ഫോറം ഫോർ മുസ്ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി മുസ്ലിം സ്ത്രീകളുടെ മുൻകൈയിലാണ് ഈ പോരാട്ടം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അവരോട് ഐക്യപ്പെടുക മാത്രമാണ് ഞാനും ഷീനയും ചെയ്തിട്ടുള്ളത്. ഒരു അഭിഭാഷകൻ എന്ന നിലയിൽ മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഈ വിഷയത്തിൽ നേരിടുന്ന ദുരിതങ്ങൾ നിത്യേന എന്നോണം നേരിട്ടു സ്പർശിക്കുന്നതു അവഗണിക്കുക അത്ര എളുപ്പവുമല്ല.
കേരളത്തിന്റെ നാനാഭാഗങ്ങളിലായി മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ നിലവിലെ അനീതികളുടെ ഇരകളായി കഴിയുന്ന സ്ത്രീകളെ കേൾക്കാൻ തയ്യാറാവുകയാണ്, അവരെത്തിപ്പെട്ട ജീവിത പ്രതിസന്ധികൾക്ക് കാരണമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയാണ് മതനേതൃത്വം ഉടൻ ചെയ്യേണ്ടത്.
ഒരിക്കൽകൂടി പറയുന്നു, ഭരണഘടനാ വിരുദ്ധരായ രാഷ്ട്രീയ ശക്തികൾക്ക് ഇതിൽ റോളില്ല. നിങ്ങളുടെ ലക്ഷ്യം നടപ്പിലാവുകയുമില്ല.യൂനിഫോം സിവിൽകോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട... യൂണിഫോം സിവിൽ കോഡിനെ പ്രതിരോധിക്കുവാനുള്ള മികച്ച മാർഗ്ഗമാണ് നിയമ നവീകരണം .
മറുനാടന് മലയാളി ബ്യൂറോ