- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്ക് വന്ദേഭാരത് എത്തുന്നതിന് കാത്തിരിക്കാൻ 'ക്ഷമയില്ല'; സിൽവർലൈനുമായി പിണറായി സർക്കാർ മുന്നോട്ട്; ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി മുൻകാല പ്രാബല്യത്തോടെ റവന്യുവകുപ്പ് നീട്ടി; സാമൂഹികാഘാത പഠനം തുടരും
തിരുവനന്തപുരം: അടുത്ത രണ്ടുവർഷത്തിനകം കേരളത്തിലെ റെയിൽ പാതകളിൽ അതിവേഗ തീവണ്ടിയെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി മുൻകാല പ്രാബല്യത്തോടെ നീട്ടി സർക്കാർ ഉത്തരവിറക്കി. ഡപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥർക്കാണ് കാലാവധി പുതുക്കി നൽകിയത്.
മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിന്മാറിയെന്നും ആക്ഷേപങ്ങൾക്കിയെടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സർക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സർക്കാർ ഉത്തരവിറങ്ങിയത്.
ഒരു വർഷത്തേക്കു കൂടിയാണ് ഉദ്യോഗസ്ഥരുടെ കാലാവധി റവന്യുവകുപ്പ് നീട്ടിയത്. ഉത്തരവനുസരിച്ച് സ്‌പെഷൽ ഡപ്യൂട്ടി കലക്ടറും 11 സ്‌പെഷൽ തഹസീൽദാർമാരും തുടരും. ഉത്തരവിന് ഓഗസ്റ്റ് 18 മുതൽ മുൻകാല പ്രാബല്യമുണ്ട്.
മെയ് പകുതിയോടെ നിർത്തിയ സർവെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിങ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിർപ്പു വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സർക്കാരിനേയും കുഴക്കുന്നുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെത്ത് മുന്നോട്ട് പോകുമെന്നാണ് സർക്കാർ പറയുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകൾ കെട്ടിടങ്ങൾ കൃഷി സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തി ആഘാതം കുറക്കാനുള്ള നടപടികളാണ് സർവെയുടെ ലക്ഷ്യമെന്ന് കെ റെയിൽ അധികൃതരും വിശദീകരിക്കുന്നു .അതേസമയം തുടർനടപടിയിലേക്ക് നീങ്ങുമ്പോഴും താഴെ തട്ടിൽ പ്രതിഷേധം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. മാത്രമല്ല കേന്ദ്രം ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടുമില്ല.
രണ്ടുവർഷം കൊണ്ട് സിൽവർലൈൻ പദ്ധതിക്കുവേണ്ട ഭൂമിയേറ്റെടുക്കുമെന്നായിരുന്നു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. അതിൽ ഒരു വർഷം കടന്നുപോകുമ്പോഴും സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ റവന്യു വകുപ്പിലാണ്.
സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വൈകാതെ നടപടിയുണ്ടാകുമെന്ന സൂചനയ്ക്കിടെയാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്.
അതേ സമയം കേരളത്തിലെ റെയിൽ പാതകളിൽ അതിവേഗ തീവണ്ടികൾ ഓടിക്കുന്നതിനുള്ള നടപടികളുമായി റെയിൽവേ മുന്നോട്ട് പോകുന്നതിനിടെയാണ് സിൽവർലൈൻ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ വീണ്ടും നീങ്ങുന്നത്.
അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കുമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യ അറിയിച്ചിരുന്നു.
വിമാനത്തിലെപ്പോല യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയ ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് കേരളത്തിലേക്കും വരുമെന്ന് മറുനാടൻ രണ്ടു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും.
ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 2024-'25 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും.
134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിലൂടെ വേഗപരീക്ഷണം നടത്തിയതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് ജനറൽ മാനേജർ മറുനാടൻ വാർത്ത സ്ഥിരീകരിച്ചത്. വ്യാഴാഴ്ച നടത്തിയ പരീക്ഷണയാത്രയിൽ 143 കിലോമീറ്റർവേഗത്തിൽവരെ തീവണ്ടി ഓടിക്കാൻ സാധിച്ചു. 84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റർ താണ്ടിയത്.
ഇപ്പോൾ വന്ദേഭാരത് കേരളത്തിലെത്തിയാലും 160കിലോമീറ്റർ വേഗത്തിലോടാനാവില്ല. പ്രധാനതടസം ട്രാക്കുകളിലെ വളവുകളാണ്. വേഗം കൂട്ടണമെങ്കിൽ നിലവിലെ ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വരും. ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത.
കേരളത്തിൽ 80കിലോമീറ്ററിനു മേൽ വന്ദേഭാരതിന് വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയിൽ അധികൃതർ പറയുന്നു. എന്നാൽ ഈ പരാതി പരിഹരിക്കാനായി റെയിൽ പാതയിലും ചില മാറ്റങ്ങൾ റെയിൽവേ വകുപ്പ് നടത്തും. കെ റെയിലിനായി ആയിരക്കണക്കിന് കോടികൾ കേരളത്തിന് കടമെടുക്കണം. ഇത് വലിയ ബാധ്യതയാകും. ജപ്പാനിൽ നിന്ന് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ ചൈനയിൽ നിന്ന് വായ്പ എടുക്കാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ. റെയിൽവേ തന്നെ ഔദ്യോഗികമായി വന്ദേഭാരതിൽ നിലപാട് എടുക്കുമ്പോൾ കേരളത്തിന് ഇനി കെ റെയിൽ വേണ്ടെന്ന് വയ്ക്കാവുന്നതാണ്. എന്നാൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന പിടിവാശി സംസ്ഥാന സർക്കാർ ഉപേക്ഷിക്കാൻ തയാറല്ല എന്നതാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയതിലൂടെ വ്യക്തമാകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ