തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പാത മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. നാളെ രാവിലെ 9.30 നാണ് കൂടിക്കാഴ്ച.

നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. കൂടാതെ, തലശ്ശേരി മൈസൂരു, നിലമ്പൂർ - നഞ്ചൻകോട് പാതകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഈ മാസം അവസാനം നടക്കുന്ന ചർച്ചക്ക് മുൻപ് അവ കൈമാറണം.

അതേസമയം, സിൽവർലൈൻ പദ്ധതിക്ക് ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ധനസഹായം കിട്ടില്ലെന്ന് സൂചന. ജൈക്ക ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാനുള്ള ജൈക്ക റോളിങ് പ്ലാനിൽനിന്ന് പദ്ധതിയെ ഒഴിവാക്കിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു കേന്ദ്ര ധനമന്ത്രാലയം മറുപടി നൽകി. 'മനോരമ'യാണ് ഇത് റിപ്പോർട്ട് ചെയ്തത്.

പദ്ധതിച്ചെലവായ 63,941 കോടി രൂപയിൽ 33,000 കോടിയാണു ജൈക്കയിൽനിന്നു വായ്പയെടുക്കാൻ ഉദ്ദേശിച്ചത്. പദ്ധതിയെ ജൈക്ക പദ്ധതിയിൽ, ഉൾപ്പെടുത്തിയതായി കഴിഞ്ഞവർഷം ജനുവരിയിൽ ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഇത്രയും തുക വായ്പ നൽകാനാകില്ലെന്നും മറ്റ് ഏജൻസികളെക്കൂടി കണ്ടെത്തണമെന്നും ജൈക്ക നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു വായ്പാ ഏജൻസികളെക്കൂടി കണ്ടെത്താനുള്ള അപേക്ഷ കെ റെയിൽ, സംസ്ഥാന സർക്കാർ വഴി കേന്ദ്ര ധന മന്ത്രാലയത്തിനു നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.

ജെയ്ക്ക പോലെയുള്ള ധനകാര്യസ്ഥാപനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ പദ്ധതിക്ക് വായ്പ തരുമെന്നതിനാൽ പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കില്ലെന്നാണ് സർക്കാർ വാദം