ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. സിമി രാജ്യത്തിന്റെ ദേശീയതയ്ക്ക് എതിരാണ്. അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

തുടർച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2001 ലാണ് സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത്. നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്.

ഇതിന് പുറമെ പഴയ പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനും, ലഘുലേഖകകൾ വിതരണം ചെയ്യുന്നതിനും ഈ സംഘടനകളെ ഉപയോഗിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് നിരോധനം തുടരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2019 ലാണ് ഏറ്റവും അവസാനമായി സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയത്. അഞ്ച് വർഷത്തേക്ക് ആയിരുന്നു നിരോധനം നീട്ടിയത്. യു.എ.പി.എ. നിയമ പ്രകാരമുള്ള ഈ നിരോധനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.

അതേസമയം സിമി നിരോധനം ഏർപ്പെടുത്തിയപ്പോഴാണ് പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടതും. കേന്ദ്രം നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പഴയ സിമിയുടെ പുതിയ അവതാരമായിരുന്നു. നിരോധനത്തെ അതിജീവിക്കാൻ പേര് മാറ്റി ഓരോ കാലത്തും പുതിയ പുതിയ സംഘടനകളാകയാണ് ഉണ്ടായത്. 1977 ഏപ്രിൽ 25-ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഒത്തുകൂടിയ വിദ്യാർത്ഥികളാണ് സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ്) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ഇതാണ് പി.എഫ്.ഐയുടെ ആദ്യകാല രൂപം. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ.

ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് ഇത് നിരോധനത്തിന്റെ വക്കോളമെത്തിയെങ്കിലും നിരോധിക്കപ്പെട്ടത് 2001-ലും 2008-ലുമായിരുന്നു. സംഘടനയ്ക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു നിരോധനം. 2008 ജൂലായ് 25-ന് നടന്ന ബെംഗളൂരു സ്‌ഫോടന പരമ്പരയും 2008 ജൂലായ് 26-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പൊലീസ് കണ്ടെത്തുകയും ചെയ്തു.

സിമിയുടെ നിരോധനത്തിന് ശേഷം പിന്നീട് ഉയർന്നുവന്ന സംഘടനയാണ് എൻഡിഎഫ് അഥവാ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട്. 1987 -കാലത്ത് കേരളത്തിലെ നാദാപുരം കലാപവുമായി ബന്ധപ്പെട്ടാണ് എൻ.ഡി.എഫിന്റെ ആദ്യ കാല കൂട്ടായ്മ രൂപപ്പെടുന്നത്. പിന്നീട് ഈ കൂട്ടായ്മ മദനിയുടെ നിരോധിക്കപ്പെട്ട സംഘടനായ ഐ.എസ്.എസ് (ഇസ്സാമിക് സേവാ സംഘ്)പ്രവർത്തകരെ കൂടെ കൂടെക്കൂട്ടി 1993 കോഴിക്കോടുവെച്ച് എൻ.ഡി.എഫിന് എന്ന ഔദ്യോഗിക സംഘടനയായി.

വർഗീയതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ എൻ.ഡി.എഫ് സജീവമായതോടെ മുസ്ലിം സംഘടനകളിൽ നിന്നടക്കം വലിയ എതിർപ്പുണ്ടായി. ലീഗ് അടക്കമുള്ളവർ സംഘടനയെ ഒറ്റപ്പെടുത്തി. സമൂഹത്തിൽ നിന്ന് എതിർപ്പ് ശക്തമായതോടെയാണ് എൻ.ഡി.എഫ് പേര്മാറ്റി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ എന്നീ സംഘടനകൾ ഒരുമിച്ചതോടെ പോപ്പുലർ ഫ്രണ്ടിന് ദേശീയ സ്വഭാവവും കൈവന്നു. തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ മാത്രമായിരുന്നു സ്വാധീനമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഉത്തരേന്ത്യയിലടക്കം സജീവ സാന്നിധ്യമുള്ള സംഘടനയായി മാറിയെന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രത്യേക.

ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയെല്ലാം സംഘടനയുടെ ഭാഗമാണ്. വിദ്യാർത്ഥികൾക്കിടയിലും സ്ത്രീകൾക്കിടയിലുമെല്ലാം പ്രത്യേകം പ്രത്യേകം ഉപ സംഘടനകളുമുണ്ട്.

2007-ൽ ഔദ്യോഗികമായി രൂപീകരിക്കപ്പെടുകയും 2009-ൽ ദേശീയ സംഘടനയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത പി.എഫ്.ഐ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയ സംഘടനയും രൂപവത്കരിച്ചു. കണ്ണൂർ നാറാത്ത് നടന്ന പൊലീസ് റെയ്ഡിൽ വൻ ആയുധ ശേഖരവും ലഘുലേഖകളുമെല്ലാം പോപ്പുലർ ഫ്രണ്ടിന്റേതായി കണ്ടെത്തിയതുമുതൽ തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു.

2010-ലെ വിവാദ ചോദ്യപേപ്പർ കേസിൽ നബി നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ.ടി.ജെ ജോസഫന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്തിതോടെയാണ് സംഘടനയുടെ തീവ്രവാദ സ്വഭാവം പരസ്യമായത്. താലിബാൻ മോഡൽ എന്നാണ് ഇത് വിശേഷിക്കപ്പെട്ടത്. കേസിൽ പി.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം ഉൾപ്പെടെ അറസ്റ്റിലായിരുന്നു. തുടർന്ന് ഹാദിയ കേസിലും സി.എ.എ വിരുദ്ധ സമരത്തിലുമടക്കം പി.എഫ്.ഐ യുടെ വർഗീയ സ്വഭാവം വെളിപ്പെട്ടു. സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം കേന്ദ്രത്തെ സമീപിച്ചുവെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവർ ഇക്കാര്യം നിഷേധിച്ചു.

പാലക്കാട്, ആലപ്പുഴ കൊലപാതക പരമ്പരയിലും പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കേരളത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. പ്രമുഖ നേതാക്കളെയടക്കം പ്രത്യേകം സ്‌കെച്ചിട്ടുള്ള കൊലപാതകത്തിന് സംഘടന ശ്രമിക്കുന്നുവെന്ന് കേരള പൊലീസ് അടക്കം വ്യക്തമാക്കിയിരുന്നു. ഒടുവിൽ എൻ.ഐ.എയും ഇക്കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത റെയ്ഡാണ് ഇപ്പോൾ സംഘടനയുടെ നിരോധനത്തിലേക്ക് വഴിവെച്ചത്. ഹർത്താൽ ദിനത്തിലെ അക്രമ പരമ്പരകളും കേരളത്തിൽ നടന്ന കൊലപാതകവുമെല്ലാം നിരോധനത്തിന് കാരണമായി.