തിരുവനന്തപുരം: നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിൽ സർക്കാർ മുഖംതിരിഞ്ഞുനിൽക്കുമ്പോൾ കരാർ ഏറ്റെടുത്ത കമ്പനി പ്രതിരോധിക്കാൻ ഇറങ്ങുന്നു. ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മാധ്യമങ്ങൾ എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് എസ്.ആർ.ഐ.ടി.യുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യ പിതാവിന് പ്രസാഡിയോ എന്ന സ്ഥാപനവുമായി ബന്ധമുണ്ട്. ചില ഇടപാടുകൾ പുറത്തു വന്നിട്ടുണ്ട്. ഇത് ഏറെ വിവാദമായി. എന്നാൽ പ്രസാഡിയോയുമായി സർക്കാരിന് ബന്ധമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഈ നിലപാടിലാണ്. ഇതിന് പിന്നാലെയാണ് സിർട്ട് വാർത്താ സമ്മേളനത്തിന് എത്തുന്നത്. ഈ സാഹചര്യത്തിൽ നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.

ആരോപണങ്ങളിൽ വിശദീകരണം നൽകാനും ഇനി കേരളത്തിലെ പദ്ധതി ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കാനും എസ്.ആർ.ഐ.ടി. തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബുധനാഴ്ച കമ്പനി പ്രതിനിധികൾ മാധ്യമങ്ങളെ കാണും. ഈ പത്ര സമ്മേളനത്തിലേക്ക് മറുനാടനെ ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ സിർട്ടിനോട് ചോദിക്കുകയാണ് മറുനാടൻ. എന്തെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഈ ചോദ്യങ്ങൾക്കാകണം ഉത്തരം നൽകേണ്ടത്.

1, സേഫ് കേരള പദ്ധതിയുടെ ചെലവും നേട്ടവും എന്താണ്?
2, കൺസോർഷ്യവും മറ്റ് വെൻഡേഴ്‌സും മുടക്കുന്നത് എത്ര? ഇതിൽ ഓരോരുത്തരുടേയും ലാഭവിഹിതം എത്ര?
3, നിങ്ങളുടെ കരാറിനെ കുറിച്ച് പ്രസാഡിയോ നേരത്തെ അറിഞ്ഞത് എങ്ങനെ? എപ്രകാരമാണ് നിങ്ങൾ ഈ പദ്ധതിയുടെ ഭാഗമായത്?
4, ഫൈൻ പിരിക്കുന്ന തുക എങ്ങനെയാണ് വിഭജിക്കുന്നത്? പ്രസാഡിയോയ്ക്കും സിർട്ടിനും മറ്റുള്ളവർക്കും കിട്ടുന്ന വിഹിതം എങ്ങനെ?
5, ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുന്നതിൽ തുക കണക്കാക്കിയതിൽ പാളിച്ചയുണ്ടായോ? കൂടുതൽ തുക അതിൽ കയറി വന്നോ?
6, കെ ഫോണിൽ പ്രസാഡിയോയ്ക്ക് റോളുണ്ടോ?
7, പ്രസാഡിയോയുമായി ബന്ധപ്പെട്ട് സേഫ് കേരളാ പദ്ധതിയിൽ ഇടെപട്ടത് ആരെല്ലാം?
8, ഗസ്റ്റ് ഹൗസിനും താമസ സൗകര്യമൊരുക്കലിനും അപ്പുറത്തേക്ക് തുക നൽകിയതിന് അപ്പുറം പ്രകാശ് ബാബുവിനോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും തരത്തിലെ ഇടപാടുകൾ രാജ്യത്തോ പുറത്തോ ചെയ്തു കൊടുത്തിട്ടുണ്ടോ?
9, ഇഡിയും ഐടിയും പ്രസാഡിയോ ഉടമകളെ കുറിച്ച് അന്വേഷിക്കുന്നതുകൊണ്ടാണോ കേരളത്തിൽ നിന്നുള്ള പിന്മാറ്റം?

സേഫ് കേരള പദ്ധതിയുടെ കരാർ നടപടികളെല്ലാം സുതാര്യവും കൃത്യവുമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏൽപ്പിച്ചത്. കെൽട്രോണിന്റെ ടെൻഡറിൽ പങ്കെടുത്ത് കുറഞ്ഞനിരക്കിൽ പദ്ധതി നിർവഹണത്തിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ആർ.ഐ.ടി.ക്ക് കരാർ ലഭിച്ചത്. ഇത്രയും നടപടിക്രമങ്ങൾ സർക്കാർകൂടി പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ അതിന് അപ്പുറത്തേക്ക് പലതും നടന്നു. ഇത് വെള്ളപൂശാനാണ് സിർട്ട് എത്തുന്നത്.

സർക്കാരിന് ബന്ധമില്ലാത്ത ഇടപാടായതിനാൽ, ആരോപണങ്ങളെയും മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കെൽട്രോണിനോടുപോലും കാര്യമായ വിശദീകരണത്തിന് മുതിരേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. കൂടുതൽ ആരോപണം നേരിടുന്ന പ്രസാഡിയോയും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇതെല്ലാം പത്ര സമ്മേളനത്തിലെ വാചകമടി മാത്രമായി മാറും.

എസ്.ആർ.ഐ.ടി.യിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ട് മറ്റൊരു ബൃഹദ്പദ്ധതികൂടി സർക്കാരിന്റെ അണിയറയിൽ തയ്യാറായിരുന്നുവെന്നാണ് വിവരം. 12 വർഷത്തേക്ക് ഇത് ആന്യുറ്റി മാതൃകയിൽ എസ്.ആർ.ഐ.ടി.യെ ഏൽപ്പിക്കാനായിരുന്നു ധാരണ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ പദ്ധതി ഏറ്റെടുക്കേണ്ടെന്നാണ് എസ്.ആർ.ഐ.ടി. തീരുമാനിച്ചത്.