തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലർ ഡോ. സിസാ തോമസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പലാക്കി സ്ഥലംമാറ്റി. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവനുസരിച്ച് തിരുവനന്തപുരത്തു തന്നെയാണ് നിയമനം. ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലായി നിയമിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ഉത്തരവിറങ്ങിയത്.

സിസയ്ക്ക് ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. സാങ്കേതിക സർവകലാശാലാ വി സി. നിയമനത്തിന് സർക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. എല്ലാ നിയമ വശവും പരിശോധിച്ചാകും നടപടി. അതേസമയം, മാർച്ച് 31 -ന് സർവീസിൽനിന്ന് വിരമിക്കുന്ന സിസയ്‌ക്കെതിരേ അച്ചടക്കനടപടിക്കുള്ള നീക്കവും നടക്കുന്നുണ്ട്. സർക്കാർ അനുമതി തേടാതെ വി സി. സ്ഥാനം ഏറ്റെടുത്തത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാ് വിലയിരുത്തൽ.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോ. ഡയറക്ടറായിരുന്ന സിസയെ അതേ പദവിയിലിരിക്കെയാണ് ഗവർണർ വി സി. യായി നിയമിച്ചത്. പിന്നീ സർക്കാർ ഇവരെ ജോ. ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പുറത്താക്കപ്പെട്ട ഡോ. എം.എസ്. രാജശ്രീയെ പകരം നിയമിച്ചിരുന്നു. പ്രതികാര നടപടിയായി തിരുവനന്തപുത്തിനുപുറത്തേക്കു സ്ഥലംമാറ്റാൻ സർക്കാർ നീക്കമുണ്ടെന്നറിഞ്ഞ സിസാ തോമസ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതും സർക്കാരന് തിരിച്ചയായി. സ്ഥലം മാറ്റം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും തിരുവനന്തപുരത്തുതന്നെ നിയമിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു.

കെ.ടി.യു വിഷയത്തിൽ സർക്കാറും ഗവർണറും തമ്മിൽ വലിയ പോര് നടന്നിരുന്നു. ഡോ. സിസ തോമസിനെ നിയന്ത്രിക്കാൻ ഉപസമിതി രൂപവത്കരിച്ച സിൻഡിക്കേറ്റ് നടപടി ഗവർണർ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ജീവനക്കാരെ സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതി രൂപവത്കരിച്ചതും ഗവർണർക്കുള്ള കത്തുകൾക്ക് സിൻഡിക്കേറ്റിന്റെ അംഗീകാരം തേടണമെന്ന തീരുമാനവും ഗവർണർ റദ്ദാക്കിയിരുന്നു.

ഗവർണറും സർക്കാറും തമ്മിൽ വീണ്ടും ഭിന്നത ശക്തമാകുന്നതിനിടെയാണ് ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയത്. സിസയ്‌ക്കെതിരെ നടപടി എടുത്താൽ രാജ്ഭവൻ എടുക്കുന്ന നടപടികളും നിർണ്ണായകമാകും.