- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹികമാധ്യമങ്ങളിലെ സ്പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണം വരുന്നു; പ്രതിഫലം വാങ്ങി ചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം; തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതെന്നും ഉറപ്പു വരുത്തും; കടിഞ്ഞാണുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലെ സ്പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. വ്‌ലോഗർമാർ അടക്കമുള്ളവർ സ്‌പോൺസേഡ് പരസ്യങ്ങളുമായി രംഗത്തുവരുന്ന പ്രവണത വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം കടിഞ്ഞാണുമായി രംഗത്തിറങ്ങുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഇത്തമൊരു തീരുമാനത്തിന് ഒരുങ്ങുന്നത്.
ഇതിനായുള്ള മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കി. പ്രതിഫലംവാങ്ങി ചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം. പ്രശസ്തരായ വ്യക്തികൾ, സാമൂഹികമാധ്യമങ്ങളിലൂടെ സ്വാധീനംചെലുത്തുന്നവർ എന്നിവരെയാണ് നിർദേശങ്ങൾ പ്രധാനമായും ബാധിക്കുക.
സാമൂഹികമാധ്യമങ്ങളിലൂടെ ശുപാർശചെയ്യുന്ന ഉത്പന്നങ്ങൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉറപ്പാക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മറ്റു പ്രധാന നിർദേശങ്ങൾ ഇവയാണ്.
ഹാഷ് ടാഗുകളും ലിങ്കുകളും മറ്റുമായി ചേർത്ത് ഇത് ഇടകലർത്തി നൽകുന്നത് ശരിയല്ല. പരസ്യങ്ങൾ ധാർമികനിലവാരം പുലർത്തുന്നതായിരിക്കണമെന്നും ഉത്തരവാദിത്വപൂർണമായ സമീപനം ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും കേന്ദ്ര ഉപഭോക്തൃവകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് വ്യക്തമാക്കി. ചിത്രങ്ങൾ നൽകിയുള്ള പരസ്യങ്ങളിൽ മുന്നറിയിപ്പുകൾ ചിത്രങ്ങൾക്ക് മുകളിൽവരുന്ന രീതിയിലാകണം. വീഡിയോകളിൽ മുന്നറിയിപ്പുകൾ ശബ്ദരൂപത്തിലും വീഡിയോരൂപത്തിലും നൽകേണ്ടതുണ്ട്. സ്ട്രീമിങ്ങിൽ ഇവ ശ്രദ്ധകിട്ടുന്ന ഭാഗത്ത് തുടർച്ചയായി കാണിക്കണമെന്നും രോഹിത് കുമാർ സിങ് പറഞ്ഞു.
പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉത്പാദകരും സേവനദാതാക്കളും പരസ്യക്കമ്പനികളും പരസ്യ ഏജൻസികളും ഉറപ്പുവരുത്തണം. പരസ്യങ്ങൾ തയ്യാറാക്കുമ്പോൾ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും തുല്യപ്രാധാന്യം നൽകണം. പരസ്യവ്യവസായത്തിന്റെ വളർച്ച തടസ്സപ്പെടുത്താൻ സർക്കാർ താത്പര്യപ്പെടുന്നില്ല. എന്നാൽ, അതിന്റെ ധാർമികനിലവാരമുറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ 75 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ട്. ഇതിൽ 50 കോടി പേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നു. പരമ്പരാഗത പരസ്യരീതി വലിയരീതിയിൽ മാറുകയാണ്. സാമൂഹികമാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ മാറുമ്പോൾ അതിന്റെ ഉത്തരവാദിത്വം സംരക്ഷിക്കുന്നത് പ്രധാനമാണ്. ഓൺലൈനിലെ സ്വാധീനശക്തികൾക്കും സെലിബ്രിറ്റികൾക്കും പരസ്യദാതാക്കളുമായുള്ള ബന്ധം പരസ്യപ്പെടുത്തേണ്ടത് അവരുടെ വിശ്വാസ്യത സൂക്ഷിക്കാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ