- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽപ്പം മിനുങ്ങിയിട്ട് ശാപ്പാട് അടിക്കാൻ വരുന്ന ചിലരും എന്തിനുമേതിനും കുരു പൊട്ടിക്കുന്ന അമ്മാവന്മാരും ഒക്കെയാണ് പ്രശ്‌നങ്ങൾക്ക് മുഖ്യകാരണം; പുതിയ നിയമം വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്റ്റേ ഏർപ്പെടുത്തുക; ആലപ്പുഴ വിവാഹസദ്യയിലെ 'പപ്പട തല്ലിൽ' സോഷ്യൽ മീഡിയ
ആലപ്പുഴ: 'പപ്പടം കിട്ടിയില്ല, വിവാഹസദയ്ക്കിടെ അടി പൊട്ടി': സോഷ്യൽ മീഡിയയിൽ ഇന്ന് ഹിറ്റായ വാർത്തയാണ്. ആലപ്പുഴയിലെ ഒരു കല്യാണ സദ്യയിൽ അരങ്ങേറിയ പപ്പട തല്ലിൽ പോസ്റ്റുകളുടെ പെരുമഴ. കൂട്ടത്തല്ലിന്റെ കാരണമാണ് ബഹുരസം. രണ്ടാമതൊരു പപ്പടം കൂടി ആവശ്യപ്പെട്ടപ്പോൾ അത് നൽകാത്തതാണ് പ്രകോപനത്തിന് കാരണമായത്. സംഭവം ഇങ്ങനെ...കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്.
വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി. വാക്കുതർക്കം രൂക്ഷമാകുകയും കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു. പിന്നാലെ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടി.
സംഭവത്തിൽ, സദ്യയുടെ അവസാന പന്തിയിലുണ്ടായിരുന്ന എട്ടോളം വരുന്ന ചെറുപ്പക്കാരാണ് സംഘർഷം സൃഷ്ടിച്ചതെന്ന് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയം ഉടമ മുരളീധരൻ പറഞ്ഞു. സംഘർഷത്തിൽ ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കുണ്ട്. കസേര കൊണ്ടുള്ള ആക്രമണത്തിൽ 14 സ്റ്റിച്ചുണ്ടെന്ന് ഓഡിറ്റോറിയം ഉടമ പറഞ്ഞു.
'പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരാണ്. പരമാവധി ഡിസ്‌കൗണ്ട് നൽകിയിരുന്നു. വിവാഹ ചടങ്ങെല്ലാം കഴിഞ്ഞ് വധൂവരന്മാർ സദ്യ കഴിച്ചു. അവസാന പന്തിയിലാണ് പ്രശ്നമുണ്ടായത്. രണ്ടാമതും പപ്പടം ചോദിച്ചപ്പോൾ കിട്ടിയില്ലെന്ന് പറഞ്ഞാണ് ഏഴെട്ട് ചെറുപ്പക്കാർ പ്രശ്നമുണ്ടാക്കിയത്. പപ്പടം കിട്ടാത്തതോടെ പരസ്പരം കസേര വലിച്ചിട്ട് അടിക്കാൻ തുടങ്ങി. ഹാളിന് പുറത്തേക്കും സംഘർഷം വ്യാപിച്ചു. ഓഫീസിനകത്തേക്കും കസേര എറിയാൻ തുടങ്ങി. അതിനകത്തുണ്ടായ എനിക്കും മാനേജർക്കും പരുക്കേറ്റു.'മുരളീധരൻ പറഞ്ഞു.
പൊലീസ് വന്നപ്പോൾ പരാതിയില്ല നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് അറിയിച്ചെന്നും മുരളീധരൻ കൂട്ടിചേർത്തു. എന്നാൽ വരന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകില്ലെന്ന് അറിയിച്ചു. ഇതോടെ വധുവിന്റെ അച്ഛൻ കേസ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കരിയിലക്കുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി കസേരകളും ടേബിളുകളും തകർന്നെന്നും ഓഡിറ്റോറിയത്തിൽ ഇന്നും കല്യാണമുണ്ടായിരുന്നെന്നും മുരളീധരൻ പറഞ്ഞു.
ഈ വിഷയത്തിൽ വന്ന് ചില പോസ്റ്റുകൾ കൂടി വായിക്കാം:
അരുൺ പുനലൂർ എന്ന ഫോട്ടോഗ്രാഫറുടെ പോസ്റ്റ്:
കല്യാണം 'കലക്കാൻ' പോണോരോട് ഒരു ഫോട്ടോഗ്രാഫറുടെ അപേക്ഷ...
എനിക്കീ വാർത്ത കണ്ടിട്ട് വല്യ അത്ഭുതം ഒന്നും തോന്നിയില്ല. കഴിഞ്ഞ 25 വർഷത്തെ കല്യാണ പടം പിടുത്ത ചരിത്രത്തിൽ മസാല (ഇറച്ചി), ചിക്കന്റെ പീസ്, അച്ചാർ, പപ്പടം മുതലായ പല ഐറ്റംസിന്റെയും പേരിൽ പൊരിഞ്ഞ അടികൾ നേരിട്ട് കണ്ടിട്ടുണ്ടെന്നു മാത്രമല്ല പലയിടത്തും അടി കിട്ടാതിരിക്കാൻ ക്യാമറയും ചുമന്നു ഓടിത്തള്ളിയിട്ടുമുണ്ട്.
എന്റെ അനുഭവത്തിൽ അൽപ്പം മിനുങ്ങിയിട്ട് ചാപ്പാട് അടിക്കാൻ വരുന്ന ചിലരും എന്തിനുമേതിനും കുരു പൊട്ടിക്കുന്ന അമ്മാവന്മാരുമൊക്കെയാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. മിനുങ്ങിയിട്ട് വരുന്ന ചേട്ടന്മാർ ഊണിനിടക്ക് ഓരോന്ന് വീണ്ടും വീണ്ടും ചോദിച്ചു എടങ്ങേറുണ്ടാക്കും.
ആദ്യമൊക്കെ വിളമ്പുന്നവർ കൊടുക്കും. ചിലർ കൊടുക്കില്ല. ചോദ്യം കേട്ട ഭാവം കാണിക്കാതെ നിക്കും. അതോടെ മിന്നായം അടിച്ചിട്ട് ഉണ്ണാൻ വന്ന ടീമ്‌സിന് കുരുപൊട്ടും. ഇത് മിക്കപ്പോഴും ചെറുക്കന്റെ കൂട്ടരായി വരുന്നവരാകും. ചെക്കന്റെ ഭാഗത്ത് വച്ചു കല്യാണം നടത്തുന്നതാണേൽ പെണ്ണിന്റെ കൂടെ വരുന്നവർ.. ചോദ്യം മുറുകി ' പൂ മ ക ' തുടങ്ങി ലാംഗ്വേജ് മാറുന്നത്തോടെ വിളമ്പാൻ നിക്കുന്നവർ കല്യാണം നടത്തുന്നവരുടെ ബന്ധുക്കളോ അടുപ്പക്കാരോ ഒക്കെയാണെൽ പടെന്ന് അടി വീഴും.
ക്യാറ്ററിങ്കാരാണെൽ കുറേക്കൂടി ക്ഷമിച്ചിട്ടേ അടി തുടങ്ങൂ. തുടങ്ങിയാപ്പിന്നെ പറയണ്ട സാമ്പാറിന്റെ തൊട്ടിയും പഴം കൊണ്ടു വരുന്ന ബേയ്‌സനും ഒക്കെക്കൊണ്ടാകും അടി. ഇരിക്കുന്ന കസേരയെടുത്താകും ഇപ്പുറത്ത് നിന്നുള്ള പ്രതിരോധം. പക്ഷെ പലപ്പോഴും മദ്യം തലക്ക് പിടിച്ച ടീമിന് അധിക നേരം പിടിച്ചു നിൽക്കാൻ പറ്റാണ്ടാകും. അപ്പോഴേക്കും അവരുടെ കൂടെ വന്നവർ ഇതറിഞ്ഞു പാഞ്ഞു വന്നു പിടിച്ചു മാറ്റലും കൂട്ടയടിയും കൊഴുക്കും.
കസേരയും പ്‌ളേറ്റുമോക്കെ അന്തരീക്ഷത്തിലൂടെ പറക്കും മേശകൾ ചവിട്ടിയോടിക്കും. ആളുകൾ പ്രാണരക്ഷാർത്ഥം നിലയും വിളിച്ചുകൊണ്ടു ഓടിത്തള്ളും. ചിലയിടത്തു രണ്ടു ഭാഗക്കാരും ചേരി തിരിഞ്ഞു പോര് വിളിക്കും. ചെറുക്കനും പെണ്ണും വീട്ടുകാരുമൊക്കെ ഇതിനിടയിൽ കിടന്നു ഉരുകും. ഒരു ബന്ധം തുടങ്ങുന്ന സന്തോഷ നിമിഷം ദുരന്തമായി മാറുന്നത്തോടെ പലപ്പോഴും അവർക്കിടയിൽ അതുവരെ ഉള്ള സ്വരച്ചേർച്ചെയും ഇല്ലാതാകും.
അങ്ങനെ നെഞ്ചു കീറി കരയുന്ന കല്യാണപ്പെണ്ണുങ്ങളെയും അമ്മമാരെയും കണ്ടിട്ടുണ്ട്. അതുവരെ സന്തോഷം അലയടിച്ചിരുന്ന കല്യാണ പരിസരം യുദ്ധഭൂമി പോലെയാകും... മൊത്തം തല്ലിത്തകർക്കും. ഒടുക്കം ഈ തല്ലുണ്ടാക്കിയവരെല്ലാം എങ്ങോട്ടോ പോകും. വർഷങ്ങളോളം ഗൾഫിൽ കിടന്ന് അടുക്കളപ്പണി ചെയ്തുണ്ടാക്കിയ കാശും കൊണ്ടുവന്നു തനിക്ക് ഇളയതുങ്ങളായ മൂന്ന് പെൺകുട്ടികളെ കെട്ടിച്ചു വിടാനായി സ്വന്തം ജീവിതം മാറ്റിവച്ചൊരു സഹോദരി ഓഡിറ്റൊറിയത്തിനു മുന്നിൽ ഇരുന്ന് നെഞ്ചു പൊട്ടി നിലവിളിച്ചൊരു കാഴ്ച ഇപ്പോഴും ഓർമ്മയിലുണ്ട്.
ഒരു ആയുസിന്റെ അധ്വാനം കൊണ്ടു കല്യാണത്തിനായി കൂട്ടിവച്ചു കഷ്ടപ്പെട്ട വീട്ടുകാർ നാണക്കേട് കൊണ്ടു നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്താകും. മദ്യപിച്ചാൽ മാത്രമേ കല്യാണം ഉണ്ണൂ എന്നു നിർബന്ധം ഉള്ളവർ അവരുടെ കലാപരിപാടി നടത്തി മുങ്ങും.
അതിന്റെ ബാക്കിയായുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒക്കെ ആരോർക്കാൻ.
മനസമാധാനം നഷ്ടപ്പെട്ടു വരന്റെ വീട്ടിൽ ചെന്ന് കേറുന്ന പെണ്ണിനെ ആ നിമിഷം മുതൽ അവിടുള്ള പലരും ശത്രുവിനെപ്പോലെ കണ്ടു കുത്ത് വാക്കുകൾ കൊണ്ടു നോവിക്കും. പിന്നീട് അങ്ങോട്ടുള്ള ആ കുട്ടിയുടെ അവിടുത്തെ ജീവിതം എത്ര ദുസഹമാകും എന്നുള്ളത് എടുത്തു പറയണ്ടല്ലോ
അതുകൊണ്ട് കല്യാണം ഉണ്ണാൻ പോണോരോട് ഒരപേക്ഷയുണ്ട്. ദയവു ചെയ്തു നമ്മുടെ ഈഗോയും മുഷ്‌ക്കും മസിൽ പവ്വറും കാണിക്കാനുള്ള ഒരിടമായി കല്യാണങ്ങളെ കാണരുത്. രണ്ട് പേരുടെയും,അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിലെ ഒരു സന്തോഷ ദിവസം നമ്മളായിട്ട് പോയി കലക്കിക്കൊടുക്കരുത്.
NB : ആരെയും മനഃപൂർവം കുറ്റം പറയുകയല്ല..അൽപ്പം ക്ഷമ കാണിച്ചാൽ ഇതൊക്കെ ഒഴിവാക്കാം എന്ന ബോധ്യം ഉള്ളതുകൊണ്ടു എഴുതിയതാണ്.
ഡോ.മനോജ് വെള്ളനാടിന്റെ പോസ്റ്റ്:
1. സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കുക. ആവശ്യത്തിന് പപ്പടം സൂക്ഷിക്കാതിരിക്കുകയോ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുകയോ ചെയ്താൽ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി കേസെടുക്കാൻ കഴിയണം.
2. അല്ലെങ്കിൽ ഒരാൾക്ക് ഒരു പപ്പടമേ കിട്ടൂ എന്ന് OR പരമാവധി ആവശ്യപ്പെടാവുന്ന പപ്പടങ്ങളുടെ എണ്ണം ക്ഷണക്കത്തിൽ തന്നെ പ്രത്യേകം രേഖപ്പെടുത്തുക. അതും നിയമമാക്കുക. കൂടുതൽ പപ്പടം ആവശ്യപ്പെടുന്ന വ്യക്തികളെ സമാധാനപരമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം.
3. അതുമല്ലെങ്കിൽ എക്‌സ്ട്രാ പപ്പടം വേണ്ടവർക്ക് മാത്രമായിട്ട് പ്രത്യേക സദ്യാലയ മേഖല നിശ്ചയിച്ച് അവിടെ മാത്രം വിളമ്പുക. അതുപോലെ പപ്പടം ഇഷ്ടമില്ലാത്തവർക്കും പ്രത്യേക മേഖല നിശ്ചയിക്കാവുന്നതാണ്. വെറുതെ വിളമ്പി വച്ചിട്ട് വേസ്റ്റാക്കരുതല്ലോ.
4. ഇത്തരത്തിൽ ഏതെങ്കിലുമൊരു നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്റ്റേ ഏർപ്പെടുത്തുക. അനധികൃതമായി വിളമ്പുന്ന പപ്പടം പിടിച്ചെടുത്ത് പൊടിച്ചു കളയുക.
ക്രമസമാധാനമാണ് എല്ലാത്തിലും വലുത്. അതിലും പ്രധാനമാണ് മൂക്കിന്റെ പാലം. അതിങ്ങനെ പപ്പടം പോലെ പൊടിയുന്നത് നോക്കി നിൽക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. So hope for a long lasting solution
മറുനാടന് മലയാളി ബ്യൂറോ