- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഗിൽ യുദ്ധ സമയം വാജ്പേയ് കണ്ട സ്വപ്നം; കുതിരകുളമ്പിന്റെ ആകൃതിയിലുള്ള 7.57 ഉയരമുള്ള ടണലിന് 9.5 മീറ്റർ വീതി; സമുദ്ര നിരപ്പിൽ നിന്നും 11578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില തുരങ്കം; പാക്-ചൈനാ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങൾ വേഗത്തിൽ ചെറുക്കാം; ശ്രീനഗറിനേയും ലഡാക്കിനേയും ബന്ധിപ്പിച്ച് അത്ഭുത തുരങ്കം; കശ്മീരിലെ വികസന വിസ്മയത്തിന്റെ കഥ
ശ്രീനഗർ: ജമ്മു കശ്മീരിൽ നിർമ്മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സാങ്കേതിക വിദ്യയുടെ മറ്റൊരു വിസ്മയമാകും. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് ഗതാഗതം ഉറപ്പാക്കുന്നതാണ് സോജില തുരങ്കം. കശ്മീരിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ കരുത്താകും തുരങ്കം. കൂടുതൽ വിനോദ സഞ്ചാരികൾക്ക് കശ്മീരിലേക്ക് വഴി തുറക്കുന്ന തുരങ്കം.
സോന്മാർഗിൽ നിർമ്മിക്കുന്ന തുരങ്കത്തെ ചരിത്രപരമെന്നു വിശേഷിപ്പിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കശ്മീർ മുതൽ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയുടെ ഭാഗമാണിതെന്നു വ്യക്തമാക്കി. 13 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന് 4,900 കോടി രൂപയാണ് നിർമ്മാണച്ചെലവ്. മഞ്ഞുവീഴ്ച മൂലം ശ്രീനഗർ-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്ന പതിവ് സോജില തുരങ്കം യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും.
ഇപ്പോൾ മൂന്ന് മണിക്കൂർ വേണ്ടതിനു പകരം തുരങ്കം വന്നാൽ യാത്രാസമയം 20 മിനിറ്റായി ചുരുങ്ങും. സമുദ്ര നിരപ്പിൽനിന്ന് 11,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കത്തിൽ രണ്ടുവരി പാതയാണ് ഉണ്ടാവുക. ചൈനയുമായി അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ മേൽക്കൈ നേടാനും തുരങ്കം സഹായിക്കും. ശിശിരകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ശ്രീനഗർ-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത് പതിവാണ്. ഇതുമൂലം സാധാരണ ജനങ്ങളുടെ ഗതാഗതവും സൈനികനീക്കങ്ങളും തടസ്സപ്പെടാറുണ്ട്. സോജില തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും.
സോജില തുരങ്കനിർമ്മാണത്തിന് 12,000 കോടി രൂപയാണ് ആദ്യം നിർമ്മാണച്ചെലവ് വകയിരുത്തിയതെന്നും പിന്നീട് അന്താരാഷ്ട്ര തലത്തിലുൾപ്പെടെയുള്ള വിദഗ്ധരുമായി ഒരു കൊല്ലത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിർമ്മാണച്ചെലവ് 5000 കോടി രൂപയ്ക്ക് താഴെയെത്തിക്കാൻ സാധിച്ചതെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രതീക്ഷിച്ച ചെലവിനേക്കാൾ 5000 കോടി രൂപയിലധികം ലാഭിക്കാൻ സാധിച്ചതെന്നും നിർമ്മാണം പൂർത്തിയാക്കുന്നതിനായി തൊഴിലാളികൾ മൈനസ് 26 ഡിഗ്രി സെൽഷ്യസിലാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസവികസനം സാധ്യമാകുമെന്നും തൊഴിലവസരങ്ങൾ വർധിക്കുമെന്നും ഗഡ്കരി പറഞ്ഞു. കാർഗിൽ യുദ്ധസമയത്ത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത സുഗമമായ ഒരു സഞ്ചാരപാതയാണ് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25,000 കോടി രൂപ മുതൽമുടക്കിൽ ജമ്മു കശ്മീരിലുടനീളം 19 ഓളം തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്.
സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്ന നഷ്റി, ബനിഹാൽ മേഖലയിലാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ, ഗഗൻഗിറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോർഹ് തുരങ്കം ഇക്കൊല്ലം ഒക്ടോബറിൽ തുറക്കും. ഇതെല്ലാം കശ്മീരിലെ വികസന സ്വപ്നങ്ങൾക്ക് പുതിയ നിറം പകരും. 018ലാണ് ടണലിന്റെ നിർമ്മാണം ആരംഭിച്ചത്. കരാർ അനുസരിച്ച് 2026 സെപ്റ്റംബറിലാണ് തുരങ്ക നിർമ്മാണം പൂർത്തിയാകുക. എന്നാൽ 2023 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി ഗഡ്കരി പറഞ്ഞു.
2024ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി തുരങ്കം രാജ്യത്തിന് സമർപ്പിക്കും. വെല്ലുവിളി നിറഞ്ഞ പ്രവർത്തനമാണെന്ന് അറിയാമെന്നും ഒരുമിച്ച് പ്രവർത്തിച്ചാൽ ലക്ഷ്യം കാണുമെന്നും ഗഡ്കരി വ്യക്തമാക്കി. നിശ്ചിത സമയത്തിന് മൂന്ന് വർഷം മുൻപ് കരാർ പൂർത്തിയാക്കിയാൽ അത് പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ മുഖചിത്രം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യകൾ തുരങ്ക നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിന് പുറമെ എമർജൻസി ലൈറ്റിങ്, വെന്റിലേഷൻ സിസ്ഫ്ഫം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും ഇവിടെയുണ്ടാകും. അടിയന്തിര ടെലിഫോണുകളും അഗ്നിശമന യൂണിറ്റുകളും ഉണ്ടാകും. സമുദ്ര നിരപ്പിൽ നിന്നും 11578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില പാസുമായി ബന്ധപ്പെടുത്തുന്ന ടണൽ ശൈത്യകാലത്താവും ഏറ്റവും ഉപയോഗപ്രദമാകുക. മഞ്ഞ് വീഴ്ച്ചയെ തുടർന്ന് സോജില പാസിൽ ഗതാഗത തടസ്സമുണ്ടാകാറുണ്ട്. ഇതിന് തുരങ്കത്തിന്റെ വരവോടെ പരിഹാരമാകും.
കുതിരകുളമ്പിന്റെ ആകൃതിയിലുള്ള ടണലിൽറെ 5.832 കി മി ഇതിനോടകം പൂർത്തിയായി. 7.57 ഉയരമുള്ള ടണൽ 9.5 മീറ്റർ വീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ തന്ത്ര പ്രധാന മേഖലകളായ ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ എന്നീ പ്രദേശങ്ങളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ശ്രീനഗർ-കാർഗിൽ-ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര അതിവേഗത്തിലാകും. ഉദ്ഘാടനത്തിന് ശേഷം 2024-ൽ ടണൽ സൈനിക നീക്കങ്ങൾക്കായി തുറന്ന് നൽകാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ.
മറുനാടന് മലയാളി ബ്യൂറോ