- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം രജിസ്റ്റർ ചെയ്യാൻ നോട്ടിസ് നൽകുന്നതിന് മുൻപ് 30 ദിവസമെങ്കിലും കക്ഷികളിൽ ഒരാൾ മാര്യേജ് ഓഫിസറുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് താമസിച്ചിരിക്കണം; വിവാഹം രജിസ്റ്റർ ചെയ്യാൻ പിന്നെയും 30 ദിവസം; ഈ വ്യവസ്ഥയിൽ ഹൈക്കോടതിക്കും അത്ഭുതം; ഉയരുന്നത് ഇഷ്ടമാണോ വലുത് എതിർപ്പാണോ പ്രധാനമെന്ന ചോദ്യം
കൊച്ചി;പ്രായപൂർത്തിയായ രണ്ടു പേർക്ക് ഇഷ്ടമുണ്ടെങ്കിൽ ഒരുമിച്ച് ജീവിക്കാം. എന്നിട്ടും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ 30 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയുടെ ആവശ്യം തന്നെ ചോദ്യം ചെയ്യുകയാണ് ഹൈക്കോടതി. ഈ വ്യവസ്ഥ ഇക്കാലത്തും ആവശ്യമുണ്ടോ എന്നു നിയമ നിർമ്മാതാക്കൾ പരിഗണിക്കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഒട്ടേറെ യുവജനങ്ങൾ വിദേശജോലിയുടെ ചെറിയ ഇടവേളയിൽ നാട്ടിലെത്തി വിവാഹം നടത്തുകയും വിവരസാങ്കേതികവിദ്യ ഏറെ പുരോഗമിക്കുകയും ചെയ്ത ഇക്കാലത്ത് വിവാഹ റജിസ്‌ട്രേഷന് ഒരു മാസത്തെ കാത്തിരിപ്പു വേണോ എന്നു പരിശോധിക്കണമെന്നു ജസ്റ്റിസ് വി.ജി.അരുൺ നിരീക്ഷിച്ചു. വിദേശത്തു ജോലി ചെയ്യുന്ന എറണാകുളം സ്വദേശികളായ വധൂവരന്മാർ നോട്ടിസ് കാലയളവിൽ ഇളവ് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
നിയമത്തിന്റെ 5ാം വകുപ്പിൽ പറയുന്ന സമയപരിധി നിർബന്ധമാണെന്നു കോടതിയുടെ മുൻകാല വിധികൾ ഉള്ളതിനാൽ ഇടക്കാല ഉത്തരവിലൂടെ ഇളവ് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഇളവു നൽകിയാൽ നിയമവ്യവസ്ഥ സ്റ്റേ ചെയ്യുന്ന ഫലമുണ്ടാകും. ഈ വിഷയം നിയമ നിർമ്മാതാക്കൾ പരിശോധിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. ഏറെ പ്രസക്തമായ ചോദ്യമാണ് കോടതി ഉയർത്തുന്നത്.
പതിനെട്ട് വയസ്സു കഴിഞ്ഞവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതിന് കോടതികൾ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഇതിന് കഴിയുന്നുമില്ലെന്നതാണ് വസ്തുത. അതിന് ഏറെ മാനദണ്ഡങ്ങളുണ്ട്. ഇത് മാറ്റേണ്ടതിന്റെ ആവശ്യകതയാണ് ഹൈക്കോടതി ചർച്ചയായാക്കുന്നത്. തീർച്ചയായും മാറ്റേണ്ട വ്യവസ്ഥ തന്നെയാണ് ഇത്. രണ്ടു പേർ തമ്മിൽ ഇഷ്ടമാണെങ്കിൽ വിവാഹത്തിന് മറ്റുള്ളവരുടെ എതിർപ്പ് പ്രശ്‌നമാണോ എന്നതും ഉയരേണ്ട ചോദ്യമാണ്.
സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നോട്ടിസ് നൽകുന്നതിന് മുൻപ് 30 ദിവസമെങ്കിലും കക്ഷികളിൽ ഒരാൾ മാര്യേജ് ഓഫിസറുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് താമസിച്ചിരിക്കണമെന്നു വ്യവസ്ഥയുണ്ട്. നോട്ടിസ് നൽകിയാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പിന്നെയും 30 ദിവസം കാത്തിരിക്കണം. കാലം മാറിയതോടെ ആചാരരീതികളിൽ പോലും കാതലായ മാറ്റം വന്നിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കൂടിയാണ് നിയമ നിർമ്മതാക്കളോട് ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്ന് കോടതി പറയുന്നത്.
അര നൂറ്റാണ്ടിലേറെയായി നിലവിലുള്ള വ്യവസ്ഥ മറികടക്കാനാവില്ലെന്നും വിവാഹത്തിൽ എതിർപ്പ് ഉള്ളവർക്ക് അറിയിക്കാനാണ് നോട്ടിസ് കാലാവധി നിഷ്‌കർഷിക്കുന്നതെന്നുമാണു കേന്ദ്രസർക്കാർ അറിയിച്ചത്. ഹർജിയിലുൾപ്പെട്ട നിയമപ്രശ്‌നം വിശദമായി പരിഗണിക്കണമെന്നു പറഞ്ഞ കോടതി, സത്യവാങ്മൂലം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. കേസ് ഒരു മാസത്തിനു ശേഷം പരിഗണിക്കും. നിയമത്തിലെ വ്യവസ്ഥകളാണ് ഇതിന് കാരണം.
മറുനാടന്‍ മലയാളി ബ്യൂറോ