തിരുവനന്തപുരം: മലയാള സിനിമ ചരിത്രത്തിൽ ഇന്നും സ്ഫടികം പോലെ തിളങ്ങുന്ന ചിത്രമാണ് സ്ഫടികം എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.ചിത്രത്തിന്റെ രണ്ടാം വരവിലും ഉജ്ജ്വല വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.ഒരു പക്ഷെ അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിനു മേലെ.. ബുക്ക് മൈ ഷോയിലെ ബുക്കിങ്ങ് സ്റ്റാറ്റസുകൾ തെളിയിക്കുന്നതും അതുതന്നെയാണ്. ഇന്നത്തെ ഭൂരിഭാഗം ഷോകളും ഹൗസ്ഫുളായാണ് പ്രദർശിപ്പിച്ചത്.പുതിയ ചിത്രങ്ങൾ പോലും ആദ്യ ദിനം ഹൗസ്ഫുൾ ഷോയ്ക്കായി ബുദ്ധിമുട്ടുന്ന ഒടിടി കാലത്താണ് രണ്ടാം വരവിലും തോമാച്ചായൻ കരുത്ത് തെളിയിക്കുന്നത്.

ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റ്കസിലാണ്.. എ പ്ലസ് ബി ഹോൾ സ്‌ക്വയർ ഇസ് ഇക്യുൽ ട്ടു.. ബ ബ ബ അല്ല.. ഇതന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ് ഇത് ചവിട്ടിപൊട്ടിച്ച നിന്റെ കാല് ഞാൻ വെട്ടും തുടങ്ങി മനുഷ്യമനസ്സിന്റെ ഒരോ അവസ്ഥങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന സംഭാഷങ്ങൾ ഇന്നും മലയാളിക്ക് മനപ്പാഠമാണ്.ടെലിവിഷനിലും മൊബൈലിലുമൊക്കെ കണ്ടു ത്രസിച്ച രംഗങ്ങൾ പുത്തൻ ഫോർമാറ്റിൽ ബിഗ് സ്‌ക്രീനിലെത്തിയപ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് പുതുതലമുറ സ്വീകരിച്ചത്.

 

സ്്ഫടികം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ഇപ്പോഴില്ല.കാരണം കഴിഞ്ഞ ഇരുപത്തിയെട്ടുവർഷത്തിനിടെ പലയാവർത്തി ചിത്രം കണ്ടുകഴിഞ്ഞു.ആദ്യം തിയേറ്ററിൽ, പിന്നീട് എണ്ണിയാലൊടുങ്ങാത്തവണ്ണം ടെലിവിഷനിലും മൊബൈലിലും ഒക്കെ..ടോക്സിക് പാരന്റിങിനെക്കുറിച്ചും ടീച്ചിങ്ങിനെക്കുറിച്ചുമുള്ള ചർച്ചകൾ വളരെ സജീവമായ സമയത്താണ് സ്ഫടികം വീണ്ടുമെത്തിയത്. ഇന്ന് സ്‌കൂളിൽ വടിയെടുക്കുന്നതിൽ അദ്ധ്യാപകർക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

എന്നാൽ മാതാപിതാക്കളോ അദ്ധ്യാപകരോ കുട്ടികളെ കണക്കറ്റ് തല്ലുന്നതും വഴക്കുപറയുന്നതും വളരെ സ്വാഭാവികമായി കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് ഭദ്രൻ കഥ പറഞ്ഞത്. കുട്ടികളെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഇന്ന് സ്വാഭാവികമല്ല. എന്നാൽ മത്സരപരീക്ഷയിലും മറ്റും ഒന്നാമതെത്താൻ മാനസികമായി പീഡിപ്പിക്കുന്നതിൽ നിന്ന് മാതാപിതാക്കളോ അദ്ധ്യാപകരോ ഇന്നും പിറകോട്ടുപോയിട്ടില്ല എന്നിടത്താണ് സ്ഫടികത്തിന്റെ പ്രസക്തി. ഒരു പിതാവാകാനോ അദ്ധ്യാപകനാവാനോ അർഹതയില്ലാത്ത വ്യക്തിയായിരുന്നു ചാക്കോ മാസ്റ്റർ.

അയാളുടെ ക്രൂരമായ പീഡനമാണ് തോമസ് ചാക്കോ എന്ന മിടുമിടുക്കനായ കുട്ടിയെ വെറും ഓട്ടകാലണയുടെ വിലയുള്ള ആടു തോമയാക്കി മാറ്റിയത്. നാടറിയുന്ന റൗഡിയാക്കിയത്. ചാക്കോ മാഷുമാരാൻ ജീവിതം ഹോമിക്കപ്പെട്ട ആടു തോമമാർ നമുക്കിടയിലും നിശബ്ദരായി ജീവിക്കുന്നുണ്ടായിരിക്കാം.ഇതാണ് സ്ഫടികത്തെ പലരുടെയും നെഞ്ചോട് ചേർത്ത് നിർത്തുന്നത്.

 

4കെ ദൃശ്യശ്രവ്യമികവിൽ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടി പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതുമായുള്ള ചേരുവകൾ പുതിയ സ്ഫടികത്തിലുണ്ട്. എന്നാൽ അതിലുമപ്പുറം തിലകൻ, കെ.പി.എ.സി ലളിത, രാജൻ പി ദേവ്, ശങ്കരാടി, നെടുമുടി വേണു, ബഹദൂർ, സിൽക്ക് സ്മിത, കരമന ജനാർദ്ദനൻ നായർ, പി. ഭാസ്‌കരൻ മാസ്റ്റർ, ജെ. വില്യംസ്, എം.എസ്. മണി, പറവൂർ ഭരതൻ, എൻ.എഫ് വർഗീസ്, എൻ.എൽ. ബാലകൃഷ്ണൻ തുടങ്ങിയ മൺമറഞ്ഞ പ്രതിഭകളുടെസാന്നിധ്യം ഒരിക്കൽകൂടി അനുഭവിക്കാനുള്ള അവസരം കൂടിയാണ് തിയേറ്ററുകളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.ഒരു തലമുറയെ ഒന്നാകെ ആവേശം കൊള്ളിച്ച മോഹൻലാലിന്റെ ആടുതോമയെ തട്ടിച്ച് നോക്കാൻ ഇതുവരെയും ആരും ഉണ്ടായിട്ടില്ലെന്നും ഇനി വരാൻ പോകില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നിരവധി തവണ സ്ഫടികം കണ്ടതാണെന്നും പക്ഷേ തിയറ്റർ എക്‌സ്പീരിയൻസ് ചുമ്മാ തീ ആണെന്നും ഇവർ പറയുന്നു. തിലകൻ, കെപിഎസ് സി ലളിത തുടങ്ങി മൺമറഞ്ഞ് പോയവരെ സ്‌ക്രീനിലൂടെ വീണ്ടും കണ്ടത് വലിയൊരു അനുഭവമാണെന്നും പ്രേക്ഷകർ.

'താടിയില്ലാത്ത പഴയ ലാലേട്ടനെ വീണ്ടും കാണാൻ പറ്റി, ഞങ്ങളെ പോലുള്ള യുവതലമുറയ്ക്ക് എക്‌സ്പീരിയൻസ് ചെയ്യാൻ പറ്റിയ അവസരം. എത്രത്തോളമാണ് ഡെപ്‌ത്തെന്ന് മനസ്സിലാക്കാൻ തിയറ്ററിൽ തന്നെ സിനിമ കാണണം, പാട്ട്, ഡബ്ബിങ് പുതിയ ഷോർട്‌സ് എല്ലാം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ടിവിയിൽ കാണുന്നതിനെക്കാൾ ഇമോഷൻസ് തിയറ്ററിൽ കണ്ടപ്പോഴാണ് കിട്ടിയത്, മോളിവുഡിന്റെ എക്കാലത്തെയും ക്ലാസിക് ബിഗ് സ്‌ക്രീനിൽ കണ്ടു, സ്വപ്ന സാക്ഷാത്കാര നിമിഷം ഈ വിസ്മയകരമായ അനുഭവത്തിന് ലാലേട്ടനും ഭദ്രൻ സാറിനും നന്ദി. ഏറ്റവും വലിയ മാസ് അവതാർ, സൗണ്ട് ക്വാളിറ്റി വെറെ ലെവൽ, ഇന്ന് റിലീസ് ആയ സിനിമ കണ്ട എഫക്ട് ആണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിങ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദർശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. 145 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദർശനത്തിന് എത്തിയത്.