കൊല്ലം: ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്തു. പ്രതിമയ്ക്ക് ഗുരുദേവന്റെ രൂപവുമായി സാമ്യമില്ലെന്ന് വിവാദത്തെത്തുടർന്നാണു നടപടി. സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവേശന ബ്ലോക്കിലാണ് പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച ഇരിക്കുന്ന നിലയിലുള്ള ഗുരുവിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചിരുന്നത്. മുഖ്യമന്ത്രിയാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയത് ഈ പ്രതിമയിലായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ അപ്പോൾ തന്നെ പ്രതിമയുടെ കുറവുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിച്ച ഗുരുപ്രതിമ താത്കാലികമാണെന്നും പുതിയ പ്രതിമ ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രതിമ നീക്കം ചെയ്തത്.

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച പ്രതിമ താൽക്കാലികമായാണ് സ്ഥാപിക്കുന്നതെന്നും 15 ലക്ഷത്തിലേറെ രൂപ ചെലവാക്കി പുതിയ വെങ്കല പ്രതിമ ഉടൻ സ്ഥാപിക്കുമെന്നും ഉദ്ഘാടന ദിവസം തന്നെ എം. മുകേഷ് എംഎ‍ൽഎ പറഞ്ഞിരുന്നു. സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനു വേണ്ടിയാണു താൽക്കാലിക പ്രതിമ സ്ഥാപിച്ചതെന്നും എംഎൽഎ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിമ മാറ്റിയത്. സമുച്ചയത്തിലുള്ളത് താൽകാലിക പ്രതിമയാണെന്ന് ആരും അതിന് മുമ്പ് പറഞ്ഞിരുന്നില്ല.

പ്രതിമയ്ക്ക് ഗുരുവിന്റെ മുഖസാമ്യമില്ലെന്നതാണ് വസ്തുത. ഇതാണ് ചർച്ചയ്ക്ക് കാരണവും. സോഷ്യൽ മീഡിയയിൽ നിറയെ പ്രതിമയെ വിമർശിച്ച് ചർച്ചകളായിരുന്നു. പ്രതിമ കണ്ടാൽ ഗുരുവെന്ന് തോന്നില്ല? കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയിൽ അദ്ദേഹം പൂമാല അണിയിച്ചു. എന്നാൽ പ്രതിമ കണ്ടാൽ ഗുരുവെന്ന് തോന്നില്ല ? ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയും ഇങ്ങനെ ആയിരുന്നു... ഗുരുവിനെ ഇങ്ങനെ നിന്ദിക്കരുത്....-ഇതാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. ജവഹർലാൽ നെഹ്റുവിനെ പണിയാൻ നോക്കിയതാണെന്ന് തോന്നുന്നു അവസാനം ഗുരുവിന് ഇട്ട് താങ്ങി?? തൊപ്പി വച്ചാൽ നെഹ്രുവായി?? പ്രതിമയിൽ ക്യാമറ ഉണ്ടോ-ഇതൊക്കെയാണ് ചർച്ചയ്ക്ക് കമന്റായി എത്തുന്നത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി 14 ജില്ലകളിലും കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയമാണ് കൊല്ലം ജില്ലയിൽ യാഥാർഥ്യമായത്. തടസങ്ങളില്ലാത്ത സാംസ്‌കാരിക ഉൾപ്പെടുത്തൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ജില്ലയിൽ ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചത്. ഈ സമുച്ചയത്തിലെ പ്രതിമയാണ് വിവാദത്തിലായതും മാറ്റിയതും.

കിഫ്ബിയുടെ സഹായത്തോടെ സാംസ്‌കാരിക വകുപ്പാണ് മൂന്നര ഏക്കർ ഭൂമിയിൽ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഒരു ലക്ഷം അടിയോളം വിസ്തീർണത്തിൽ നിർമ്മിച്ച സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തീയറ്റർ, ബ്ലാക്ക് ബോക്‌സ് തീയറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശില്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമുച്ചയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓപ്പൺ എയർ തീയേറ്ററിൽ ഏകദേശം 600ൽ പരം ആളുകൾക്ക് ഒരേ സമയം പരിപാടികൾ ആസ്വദിക്കാൻ സാധിക്കും. ഗ്രീൻ റൂമോട് കൂടിയ ഈ ഓഡിറ്റോറിയത്തിൽ വിശാലമായ കാഴ്ച സൗകര്യമുള്ള സ്റ്റേജും സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിലുള്ള കോൺഫറൻസുകളും മീറ്റിംഗുകളും നടത്താവുന്ന തരത്തിൽ പ്രൊജക്ഷൻ സംവിധാനവും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 108 ഇരിപ്പിടങ്ങളോട് കൂടിയ പൂർണ്ണമായും ശീതീകരിച്ച സെമിനാർ ഹാൾ പെർഫോമൻസ് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

തെരുവ് നാടക പ്രകടനങ്ങൾ, റിഹേഴ്സലുകൾ, മൈമുകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ പൂർണമായും ശീതീകരിച്ച ആധുനിക ലൈറ്റിങ് ശബ്ദ ക്രമീകരണങ്ങളോട് കൂടിയ ബ്ലാക്ക് ബോക്സ് തീയേറ്റർ ഈ ബ്ലോക്കിന്റെ ഭാഗമാണ്. സിനിമ, ഷോർട്ട് ഫിലിംസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾക്കായി 203 ഇരിപ്പിടങ്ങളോട് കൂടിയ അഢ തീയേറ്റർ സംവിധാവും ഈ ബ്ലോക്കിലുണ്ട്.