- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്‌ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്‌കെടുക്കാനാകില്ലെന്നും നിലപാട് എടുത്തത് താരങ്ങളെ വരുതിയിലാക്കാൻ; പിന്നാലെ അമ്മയിൽ അംഗത്വത്തിന് അപേക്ഷിച്ച് ശ്രീനാഥ് ഭാസി; സംഘടനയിൽ എടുക്കുന്നതിൽ നിർണ്ണായകം മോഹൻലാലിന്റെ മനസ്സ്; നല്ല കുട്ടിയാവാൻ ശ്രീനാഥ് ഭാസി
കൊച്ചി: ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വം നൽകുന്നത് കൂടിയാലോചനകൾക്ക് ശേഷം. സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി നേരിട്ട് രംഗത്ത് വന്നിരുന്നു. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കൂ. എന്നാൽ ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ മറ്റ് സിനിമാ സംഘടനകളുമായും അമ്മ ചർച്ച നടത്തും.
ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. അമ്മ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്‌ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ അമ്മയിൽ അംഗത്വമില്ലാത്തവർക്ക് അഭിനയം ബുദ്ധിമുട്ടാകുന്ന അവസ്ഥ എത്തി.
ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. നിർമ്മാതാക്കൾ നിസ്സഹകരണം പ്രഖ്യാപിച്ച ഷെയ്ൻ നിഗം അമ്മയിൽ അംഗമാണ്. എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണു ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ൻ അമ്മ അംഗമായത് മുമ്പുണ്ടായ വിവാദത്തിനിടെയാണ്. തുടർന്നാണ് അമ്മ വിഷയത്തിൽ ഇടപെട്ടത്. സമാന രീതിയിൽ ശ്രീനാഥ് ഭാസിയും അംഗത്വമെടുക്കാനായി മുമ്പോട്ട് വരുന്നു. ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകുന്നതിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടാകും നിർണ്ണായകം.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിർമ്മാതാക്കളുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി. താരങ്ങൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു തങ്ങളുടെ പക്കൽ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞത് അവരുടെ നിലപാടാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. എന്നാൽ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും ഇടപെടലുകൾ അതിരുവിട്ടതാണെന്നും ഫെഫ്ക സമ്മതിക്കുന്നുണ്ട്. വിവാദങ്ങളുടെ കൂട്ടുകാരനാണ് നടൻ ശ്രീനാഥ് ഭാസി. തുടരെ തുടരെ നിരവധി വിവാദങ്ങളാണ് താരത്തിന് പിന്നാലെയെത്തുന്നത്. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല, എത്ര സിനിമകൾ കമ്മിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയില്ല, തുടങ്ങിയ ആരോപണങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.
തുടരെ ആരോപണങ്ങളുയർന്നപ്പോൾ നടൻ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ടർഫ് ഉദ്ഘാടത്തിന് പണം കൈപ്പറ്റിയിട്ടും പോയില്ലെന്ന ആരോപണത്തിനാണ് താരത്തിന്റെ മറുപടി. എന്നെ പരിപാടിക്ക് വിളിച്ച ഒരാളോട് സുഖമില്ല, അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ നടക്കില്ല ഭാസി നീ വന്നോ ഇല്ലെങ്കിൽ നിനക്കിട്ട് പണിയാണ് എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ആ ഭീഷണി നടക്കില്ലെന്ന് താരം പറഞ്ഞിരുന്നു. ഇതേ താരമാണ് ഇപ്പോൾ വിവാദമൊഴിവാക്കാൻ അമ്മയിൽ അംഗത്വത്തിന് ശ്രമിക്കുന്നത്.
ഞാൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാൻ ഇനിയും സിനിമകൾ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കിൽ ഞാൻ വല്ല വാർക്കപ്പണിക്കും പോകുമെന്നാണ് ഭാസി വ്യക്തമാക്കിയത്. പക്ഷെ ഇപ്പോൾ നടക്കുന്നതൊക്കെ പ്ലാൻഡ് അറ്റാക്ക് പോലെ തോന്നുണ്ട്. ഞാൻ നേരത്തെ സെറ്റിൽ എത്തുന്ന ആളല്ലെങ്കിൽ എനിക്ക് പടങ്ങൾ ഉണ്ടാവില്ലായിരുന്നെന്നും താരം പറയുന്നു. ഞാൻ ഒരു പടം ചെയ്യുന്നത് നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കാനല്ല. ഞാൻ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ അവൻ അങ്ങനെയാണ് എന്ന രീതിയിൽ ഓരോന്ന് പറയുമ്പോൾ വിഷമമുണ്ടെന്നും ഭാസി പറയുന്നു.
അതേസമയം, തന്നെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഞാൻ ഇങ്ങനെ ഞാനായിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നവർ, അടുത്ത വീട്ടിലെ പയ്യനെ പോലെ കാണുന്ന ആളുകളുണ്ട്. ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് ഇഷ്ടപ്പെടുന്നവർ. അവന് നല്ലത് വരട്ടെ എന്ന് ചിന്തിക്കുന്നവർ. അതൊക്കെ സന്തോഷമാണെന്നും താരം വ്യക്തമാക്കി. ലവ്ഫുള്ളി യുവേഴ്സ് വേദയാണ് ഭാസിയുടെ ഒടുവിൽ തിയ്യേറ്ററിലെത്തിയ ചിത്രം.
മറുനാടന് മലയാളി ബ്യൂറോ