- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിലടക്കം മലയാളത്തിന്റെ അഭിമാന താരം; സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് ഉറപ്പ് നൽകിയത് മന്ത്രി റിയാസ് താരത്തിന്റെ വീട്ടിലെത്തിയപ്പോൾ; വാഗ്ദാനങ്ങൾ ഫയലിൽ ഉറങ്ങി; ഒടുവിൽ ശ്രീശങ്കറിന് ജോലി നൽകി റിസർവ് ബാങ്ക്; അസിസ്റ്റന്റ് മാനേജറായി തുടക്കം
കോട്ടയം: സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഫയലിൽ ഉറങ്ങിയപ്പോൾ കോമൺവെൽത്ത് ഗെയിംസ് ലോങ്ങ്ജമ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷ താരമായ എം. ശ്രീശങ്കറിന് ജോലി നൽകി റിസർവ് ബാങ്ക്. റിസർവ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫിസിൽ അസിസ്റ്റന്റ് മാനേജറായി ശ്രീശങ്കർ ഇന്നലെ ജോലിയിൽ പ്രവേശിച്ചു. അപേക്ഷ നൽകി വർഷങ്ങൾ കാത്തിരുന്നിട്ടും കേരളം നൽകാതെ വന്നതോടെയാണ് മലയാളത്തിന്റെ അഭിമാന താരത്തിന് റിസർവ് ബാങ്ക് ജോലി നൽകിയത്.
കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ ലോങ്ജംപ് താരം ശ്രീശങ്കർ ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ പ്രകടനം കൂടി കണക്കിലെടുത്താണ് നിയമനം. മലയാളി ഫുട്‌ബോൾ താരം ആഷിഖ് കുരുണിയനും ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, സ്മൃതി മന്ഥന എന്നിവരും ഇത്തവണ റിസർവ് ബാങ്കിൽ സ്പോർട്സ് ക്വോട്ട നിയമനം ലഭിച്ചവരുടെ പട്ടികയിലുണ്ട്.
അഞ്ച് വർഷമായി ലോങ്ജംപിൽ ദേശീയ റെക്കോർഡ് ജേതാവായ ശ്രീശങ്കർ ജോലിക്കായി സംസ്ഥാന സർക്കാരിനു മുൻപിൽ ആദ്യം അപേക്ഷ സമർപ്പിക്കുന്നത് 2021ലാണ്. ബിഎസ്സി മാത്തമാറ്റിക്‌സിൽ കാലിക്കറ്റ് സർവകലാശാലയിൽ റാങ്ക് ജേതാവായ ശ്രീശങ്കറിന് വിദ്യാഭ്യാസ യോഗ്യതകളും അനുകൂലമായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും കായിക വകുപ്പിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല.
കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ താരത്തെ അനുമോദിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തിയപ്പോൾ വീണ്ടും ജോലിക്കാര്യം ഉറപ്പ് നൽകിയിരുന്നു. ശ്രീശങ്കറിന് സംസ്ഥാന സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ ശ്രീശങ്കറിന് ജോലി നൽകുന്നതിനായെടുത്ത തീരുമാനങ്ങൾ വേഗത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നിയമനത്തിൽ തീരുമാനം ആയിരുന്നില്ല.
കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിനുശേഷം മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. കേരളത്തിന്റെ വാഗ്ദാനങ്ങൾ ഫയലിൽ ഉറങ്ങിയപ്പോൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമന ഉത്തരവ് കൈമാറുകയായിരുന്നു.
ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ഈ വർഷം നടക്കാനിരിക്കെ ജോലിയുടെ സുരക്ഷിതത്വം ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ശ്രീശങ്കർ പറഞ്ഞു. 2014 മുതൽ ദേശീയ മത്സരങ്ങളിൽ കേരളത്തിനായി മെഡൽ നേടുന്ന താരത്തിന് തുടർന്നും കേരള ജഴ്‌സിയിൽ മത്സരിക്കാനാണ് താൽപര്യം.
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് ബർമിങ്ങാമിൽ ശ്രീശങ്കർ സ്വന്തമാക്കിയത്. ആദ്യ മൂന്നു ശ്രമങ്ങൾ അവസാനിച്ചപ്പോൾ ശ്രീശങ്കർ ആറാം സ്ഥാനത്ത്. യോഗ്യത റൗണ്ടിൽ എട്ടുമീറ്ററിനപ്പുറം കടന്ന് ഒന്നാമനായി ഫൈനലിലെത്തിയ ശ്രീശങ്കർ ആദ്യ ഘട്ടത്തിൽ പതറി. വലിയ വേദിയുടെ സമ്മർദ്ദത്തിൽ നാലാം അവസരം തലനാരിഴക്ക് ഫൗൾ. എന്നാൽ സമ്മർദ്ദത്തിന്റെ ഉച്ചസ്ഥായിൽ 8.08 മീറ്റർ മറികടന്നു ശ്രീശങ്കർ വെള്ളിത്തിളക്കത്തിൽ എത്തിപ്പിടിച്ചു.
മറുനാടന് മലയാളി ബ്യൂറോ