- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ മുന്നോക്ക സമുദായങ്ങളെന്ന് അവകാശപ്പെട്ട് ക്രിസ്ത്യൻ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ഇടിച്ചുകയറ്റം; കുറുക്കുവഴി തേടുന്നത് മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം വന്നതോടെ; പുതുതായി നിലവിൽ വന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നോക്ക സമുദായ പദവി നൽകില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സർക്കാർ കമ്മീഷൻ
തിരുവനന്തപുരം: പുതുതായി നിലവിൽ വന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നോക്ക സമുദായ പദവി നൽകില്ലെന്ന് സർക്കാർ നിയോഗിച്ച കമ്മീഷൻ. രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന നിലപാടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളിൽ പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളിൽ നിന്നും പരിവർത്തനം ചെയ്ത് വന്നവരാണ് ഏറെയുമെന്ന് കമ്മീഷൻ ചെയർമാനും, ജസ്റ്റിസുമായ( റിട്ടയേഡ്) സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മുന്നോക്ക സമുദായങ്ങളായി കണക്കാക്കാനുള്ള സമുദായങ്ങളുടെ അപേക്ഷകൾ പരിശോധിക്കുക കമ്മീഷന്റെ ചുമതലയാണ്. 2020 ന് ശേഷം, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പല മത ഗ്രൂപ്പുകൾക്കും മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കപ്പെടാൻ താൽപര്യം വർദ്ധിക്കാൻ കാരണം.
എന്നാൽ, ക്രിസ്ത്യൻ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള അപേക്ഷ കമ്മീഷൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ ഗ്രൂപ്പുകൾ പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഉള്ളവരെ തങ്ങളുടെ കൂട്ടത്തിലേക്ക് പരിവർത്തനം ചെയ്യാൻ അനുവദിക്കുകയാണ്. ഇത്തരം പ്രവൃത്തിയിലൂടെ മുന്നോക്ക സമുദായമെന്ന് പരിഗണിക്കപ്പെടാനുള്ള അവകാശം അവർക്കില്ലാതാകുകയാണ് എന്നാണ് കമ്മീഷൻ നിലപാട്.
സർക്കാർ നിർവചന പ്രകാരം, പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിലും മറ്റുപിന്നോക്ക വിഭാഗങ്ങളിലും ഉൾപ്പെടാത്തവരെ മാത്രമേ മുന്നോക്ക സമുദായങ്ങളായി കണക്കാക്കാൻ കഴിയുകയുള്ളു. ' പള്ളി തർക്കങ്ങൾ നടന്നുവരികയാണ്. അതിനിടെ, അസംതൃപ്തരായ വിഭാഗങ്ങൾ പുതിയ പ്രാർത്ഥനാ ഗ്രൂപ്പുകളും, പള്ളികളും രൂപീകരിക്കുകയാണ്. തങ്ങളുടെ അംഗങ്ങളെല്ലാം ക്രിസ്ത്യൻ മുന്നോക്ക സമുദായങ്ങളിൽ നിന്ന് വന്നവരാണെന്് അവകാശപ്പെട്ട് കൊണ്ട് മുന്നോക്ക പദവിക്കായി വാദിക്കുകയാണ്, ജസ്റ്റിസ് പറഞ്ഞു.
ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ' മുന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ അംഗത്വം നൽകൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ഗ്രൂപ്പുകളുടെയും, പള്ളികളുടെയും അപേക്ഷ മാത്രമേ ഞങ്ങൾ സ്വീകരിക്കുകയുള്ളു. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളിൽ നിന്നും പരിവർത്തനം ചെയ്ത് വന്നവർക്ക് അംഗത്വം നൽകുന്നവരെ മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കില്ല', ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ വ്യക്തമാക്കി.
ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് അംഗീകരിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 16 ക്രിസ്ത്യൻ ഗ്രൂപ്പുകളുണ്ട്. ബ്രദറൻ സഭ, കൽദായ സുറിയാനി ക്രിസ്ത്യൻ, സിഎസ്‌ഐ, ഇവാഞ്ചലിക്കൽ ചർച്ച്, ക്‌നാനായ കാത്തലിക്, ക്‌നാനായ യാക്കോബായ, മലങ്കര കത്തോലിക്ക, മലങ്കര യാക്കോബായ, മലങ്കര ഓർത്തഡോക്‌സ്, മാർത്തോമാ, പെന്തക്കോസ്ത്, സെവൻത് ഡേ അഡ്വെന്റിസ്റ്റ്, സ്വതന്ത്ര സുറിയാനി ക്രിസ്ത്യൻ, സിറിയൻ കാത്തലിക്( പരിവർത്തിത) സിറോ മലബാർ സിറിയൻ കാത്തലിക്, യഹോവ സാക്ഷികൾ എന്നിവയാണ് പട്ടികയിലുള്ളത്.
കടപ്പാട്: ദി ന്യു ഇന്ത്യൻ എക്സ്‌പ്രസ്
മറുനാടന്‍ മലയാളി ബ്യൂറോ