- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ ഖജനാവ് കാലിയായി; ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്ന അപകടം ഒഴിവായത് കേന്ദ്രം കൈനീട്ടി സഹായിച്ചതോടെ; വരവും ചെലവും തമ്മിലുള്ള അന്തരമേറുമ്പോൾ കൈയും കാലുമിട്ടടിച്ച് ധനവകുപ്പ്; 1436 കോടി കൂടി കടമെടുക്കുന്നു
തിരുവനന്തപുരം: ഓണം പൊടിപൊടിച്ചതോടെ സർക്കാർ ഖജനാവ് വീണ്ടും കാലിയായി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ വീണ്ടും കടമെടുക്കുകയാണ്. വികസനപ്രവർത്തനങ്ങളുടെ ഫണ്ടിങ്ങിനായി 1436 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇതിനായുള്ള ലേലം 27-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ഓണക്കാലത്ത് സർക്കാർ 3000 കോടി കടമെടുത്തിരുന്നു.
ഓണാഘോഷം തീർന്നതിന് പിന്നാലെ ഓവർ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലായിരുന്നു ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവർക്കും ഓണക്കിറ്റ്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആർടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്.
വന്യൂകമ്മി നികത്താൻ കേന്ദ്രത്തിൽനിന്നുള്ള സഹായധനത്തിന്റെ ഗഡുവായ 960 കോടിരൂപ ലഭിച്ചതോടെയാണ് സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്കുപോകുന്ന സാഹചര്യം ഒഴിവായത്. ഈ തുക കിട്ടിയില്ലായിരുന്നെങ്കിൽ കേരളത്തിന് ഈ സാമ്പത്തികവർഷം ആദ്യമായി ഓവർ ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുമായിരുന്നു. മാസാ വസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങൾ നിറവേറാനാവൂവെന്ന് നേരത്തെ തന്നെ ധനവകുപ്പ് വിലയിരുത്തിയിരുന്നു.
ഖജനാവിൽ പണമില്ലാതെ വരുമ്പോൾ റിസർവ് ബാങ്കിൽ നിന്നെടുക്കുന്ന വായ്പയായ വേയ്സ് ആൻഡ് മീൻസ് പരിധി കഴിയാറായപ്പോഴാണ് ഈ മാസം 12 ഓടെ കേന്ദ്രസഹായമെത്തിയത്. 1683 കോടിരൂപയാണ് കേരളത്തിന്റെ വേയ്സ് ആൻഡ് മീൻസ് പരിധി. ഇതിൽ 1600 കോടിയും എടുത്തുകഴിഞ്ഞിരുന്നു. വേയ്സ് ആൻഡ് മീൻസ് പരിധി കഴിയുമ്പോഴാണ് ഓവർ ഡ്രാഫ്റ്റിലേക്ക് കടക്കുന്നത്. ഓണച്ചെലവ് കഴിഞ്ഞപ്പോൾ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാകുമെന്ന ആശങ്കയുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വിടവുനികത്താൻ ധനകാര്യകമ്മിഷന്റെ ശുപാർശപ്രകാരം കേന്ദ്രം നൽകുന്നതാണ് ഈ സഹായധനം. ഈ വർഷം 13,986 കോടിരൂപയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഈ മാസം അവസാനം അന്തഃസംസ്ഥാന ജി.എസ്.ടി.(ഐ.ജി.എസ്.ടി.)യിൽ കേന്ദ്രത്തിൽനിന്ന് 900 കോടിരൂപ കിട്ടാനുണ്ട്. എന്നാൽ, ഈ മാസത്തെ ക്ഷേമപെൻഷൻ, സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ചെലവുകൾക്കായി അടുത്തമാസം ആദ്യം 6000 കോടിരൂപയെങ്കിലും വേണം. ഇതിനായാണ് മാസാവസാനം 1436 കോടിരൂപ കടമെടുക്കുന്നത്. കേന്ദ്രം അനുവദിച്ച പരിധിയിലാണ് ഈ കടമെടുപ്പ്. കടമെടുപ്പിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതും സംസ്ഥാനത്തെ അലട്ടുന്ന പ്രശ്‌നമാണ്.
മറുനാടന് മലയാളി ബ്യൂറോ