കൊച്ചി: കൊച്ചി മെട്രോയ്ക്ക് പിന്നാലെ വാട്ടർ മെട്രോ കൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി നഗരത്തിന് അത് പുതിയ കുതിപ്പായി മാറും. രാജ്യത്തെ ആദ്യത്തെ വാട്ടർ മട്രോയാണ് കൊച്ചിയിൽ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കൊച്ചി രാജ്യത്തിന് തന്നെ പുതിയ വഴികാട്ടുകയാണ് ചെയ്യുന്നത്. കൊച്ചി മെട്രോ വിഭാവനം ചെയ്തപ്പോൾ അന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഇപ്പോൾ പൂർത്തികരണത്തിലേക്ക് നീങ്ങുന്നത്.

നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ 25ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്.

ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. 26 മുതൽ പൊതുജനങ്ങൾക്ക് യാത്രചെയ്യാം. വൈറ്റിലകാക്കനാട് റൂട്ടിൽ 27 മുതൽ സർവീസ് ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്‌വൈപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും.

നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണുള്ളത്. സുരക്ഷയ്ക്ക് വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകൾ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റം എന്നിവയുമുണ്ട്.

യാത്രാനിരക്ക്

വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്‌വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഇളവുകളുമുണ്ട്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാം.

1136.83 കോടിയുടെ പദ്ധതി

വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിങ് ഏജൻസിയായ കെഎഫ്ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട.

പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്- വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.

സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചുനൽകുന്നതുകൊച്ചിൻ ഷിപ്പ് യാർഡാണ്.