മലപ്പുറം: നാട്ടുകാർ തക്കസമയത്ത് ഇടപെട്ടതുകൊണ്ടു മാത്രമാണ് തന്നെ തരുവുനായ്ക്കൾ എന്നെ കടിച്ചുകീറാതിരുന്നതെന്നും ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടലാണെന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട എടക്കരയിലെ വ്യാപാരി പൂവത്തിപൊയിലെ വടക്കുംപാടം മുഹമ്മദ് കുട്ടി പറയുന്നു. കോവിലകം റോഡിലെ കടയിൽനിന്ന് പള്ളിയിൽ പോകാനിറങ്ങിയപ്പോഴാണ് രണ്ടു നായ്ക്കൾ കുരച്ചുകൊണ്ട് ആക്രമിക്കാൻ ഓടിയടുത്തത്. എന്തുചെയ്യണമെന്നറിയാതെ ആദ്യം അന്തിച്ചുപോയെങ്കിലും പിന്നീട് കൈകൾവീശി പ്രതിരോധിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് നായ്ക്കളെ എറിഞ്ഞു.
ലക്ഷ്യംതെറ്റി തെറിച്ചു വീണ് ഫോൺ തകർന്നു. കച്ചവടക്കാരാണ് ഇതുകണ്ട് ആദ്യം ഓടിവന്നത്. റോഡരികിൽ നിന്നു കിട്ടിയ വടിയും ഒരാളുടെ അടുത്തുണ്ടായിരുന്നു. സമീപത്തെ സ്റ്റാൻഡിൽനിന്ന് ഓട്ടോ ഡ്രൈവർമാരും പാഞ്ഞെത്തി. ആൾക്കൂട്ടത്തെ കണ്ടതോടെയാണ് നായ്ക്കൾ പിന്തരിഞ്ഞതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. തെരുവുനായ് ശല്യം രൂക്ഷമാകുന്നു എന്നു വിലപിക്കുമ്പോഴും മാലിന്യം റോഡരികിൽ തള്ളാൻ മടിയില്ല.

അറവുമാലിന്യം, ഹോട്ടൽ മാലിന്യം എന്നിവ സംസ്‌കരിക്കുന്നതിന് ജില്ലയിൽ സർക്കാർ തലത്തിലോ തദ്ദേശ സ്ഥാപനതലത്തിലോ ഒരു സംവിധാനവുമില്ല. സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ അറവുമാലിന്യവും ഹോട്ടൽ മാലിന്യവും ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ കൊണ്ടുപോകുന്നത്. പക്ഷേ, അവർ അത് എവിടെക്കൊണ്ടുപോയി തള്ളുന്നു എന്ന് ആരും ചോദിക്കാറുമില്ല. ഈ പഞ്ചായത്തിൽ നിന്ന് കൊണ്ടുപോയ മാലിന്യം കുറച്ചപ്പുറത്തുള്ള പഞ്ചായത്തിലെ പാതയോരത്തു തള്ളിയ എത്രയോ സംഭവങ്ങൾ അടുത്തകാലത്തു തന്നെ ഉണ്ടായി. പാതയോരത്തു വലിച്ചെറിയപ്പെടുന്ന ഈ മാലിന്യമാണ് തെരുവുനായ് ശല്യം വർധിക്കുന്നതിന് ഒരു പരിധിവരെ കാരണമെന്നു പറയുന്നു.

അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ 5966 പേർ ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബർ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തിൽ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. 2022 ജനുവരു മുതൽ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേർ തെരുവ് നായ ആക്രമണത്തിൽ ചികിത്സ തേടിയതായി പറയുന്നത്.

ഈ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ 24833 പേർ ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളേജിൽ 5966 കേസുകളും തൃശൂർ മെഡിക്കൽ കോളേജിൽ 4841 കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം ഈ കണക്കുകൾ സർക്കാരിന് മുന്നിലുണ്ടായിട്ടും കർമ്മ പദ്ധതിയെ കുറിച്ച് ആലോചിച്ചുക്കുന്നതും നടപ്പിലാക്കാൻ തീരുമാനിക്കുന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. ഈ കാലതാമസം തെരുവ് നായ ആക്രമണത്തിൽ വൻ വർധനയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തെരുവ് നായ ആക്രമണം വർധിക്കുന്നതിൽ വിശദമായ പഠനം നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടേയും നിലപാട്.

തെരുവ് നായകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ഡി.ജി.പി സർക്കുലറിറക്കി. തെരുവ് നായ്ക്കൾക്ക് വിഷം നൽകുന്നതും ഉപദ്രവിക്കുന്നത് തടയണമെന്നാണ് സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്.