- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫിസിൽ ഫോണില്ല; ഇമെയിൽ ഉപയോഗിക്കാൻ വൈഫൈയില്ല; പരാതികൾ നൽകിയവർക്ക് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കയ്യിൽനിന്ന് ചെലവിട്ടത് ഒന്നര ലക്ഷം രൂപ; കണ്ണടച്ച് സർക്കാർ; തെരുവുനായ കടിച്ചാൽ ലക്ഷങ്ങൾ നഷ്ടപരിഹാരം കിട്ടുമെന്ന് അത്ര പ്രതീക്ഷ വേണ്ട; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രതിസന്ധിയിൽ
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുമ്പോഴും ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി കടുത്ത പ്രതിസന്ധിയിൽ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും കമ്മിറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നൽകാൻ സർക്കാർ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
തെരുവുനായകളുടെ കടിയേറ്റുവാങ്ങുന്നവർ സ്വന്തം ചെലവിൽ ചികിത്സ തേടുകയാണ് പതിവ്. തെരുവുനായ കടിച്ചാൽ, നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്കാണ് ഇക്കാര്യങ്ങൾ പരിശോധിക്കാൻ അധികാരമുള്ളത്. സംസ്ഥാനത്ത് വർഷം ഒരു ലക്ഷത്തിലധികം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നുള്ളതാണ് വസ്തുത.
ഫണ്ട് ലഭിക്കാത്തതിനാൽ കമ്മിഷന്റെ പ്രവർത്തനത്തിനു തടസ്സം നേരിടുന്നതായി ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. ഓഫിസിൽ ഫോൺപോലും ഇല്ലാത്ത അവസ്ഥയാണ്. വൈഫൈ ഇല്ലാത്തതിനാൽ ഇമെയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. 5500 ഓളം അപേക്ഷകളാണ് കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്. ഇതിൽ 818 കേസുകൾ പരിശോധിച്ചു. 749 എണ്ണത്തിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിനു കൈമാറി.
തദ്ദേശ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. പരാതികൾ നൽകുന്നവർക്ക് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കയ്യിൽനിന്ന് ചെലവായത് ഒന്നര ലക്ഷം രൂപയാണ്. പരാതി ലഭിച്ചാൽ ആദ്യം നോട്ടിസ് അയയ്ക്കും. പിന്നീട് സിറ്റിങ് തീയതി തീരുമാനിച്ച് രണ്ടാമത് നോട്ടിസ് അയയ്ക്കും. ഒരു പരാതിയിൽ നോട്ടിസ് അയയ്ക്കുന്നതിന് 180 രൂപയാണ് ചെലവ്.
ഫണ്ട് ലഭിക്കാത്തതിനാൽ ജില്ലകളിലെ സിറ്റിങ് ഇപ്പോൾ നടക്കുന്നില്ല. ടിഎ, ഡിഎ, ഗസ്റ്റ് ഹൗസിലെ താമസത്തിനുള്ള പൈസ എന്നിവ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലകളിലെ സിറ്റിങ് നടക്കാത്തത്. തദ്ദേശവകുപ്പാണ് പ്രവർത്തനത്തിനുള്ള പണം നൽകേണ്ടത്. ജസ്റ്റിസ് സിരിജഗനെ കൂടാതെ സെക്രട്ടറിയും ക്ലാർക്കും പ്യൂണുമാണ് ഓഫിസിലുള്ളത്. ക്ലാർക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. സെക്രട്ടറി സർക്കാരിൽനിന്ന് ഡെപ്യുട്ടേഷനിൽ പ്രവർത്തിക്കുന്നതാണ്. നഗരസഭയുടെ കെട്ടിടത്തിലാണ് പ്രവർത്തനം.
കൂടുതൽ ജീവനക്കാർ വേണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ഓണറേറിയവും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ്. സർക്കാരിനെ ഇക്കാര്യങ്ങൾ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ജില്ലകളിൽ പോകാൻ കഴിയാത്തതിനാൽ ഇപ്പോൾ ആളുകളെ ഓഫിസിലേക്കു വിളിച്ചു വരുത്തുകയാണ്. ഇത്തരമൊരു സംവിധാനം ഉണ്ടെന്ന് പലർക്കും അറിയാത്തത് പരാതികളുടെ എണ്ണം കുറയാനിടയാക്കിയതായി ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. സിരിജഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണിത്. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്റ്റംബറിൽ നിലവിൽ വന്നു. ആരോഗ്യ ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങൾ. വളർത്തുനായകൾ ഈ കമ്മിറ്റിയുടെ പരിഗണനയിൽ വരില്ല.
വിലാസം:
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി,
കോർപ്പറേഷൻ ബിൽഡിങ്,
പരമാര റോഡ്, നോർത്ത്
എറണാകുളം 682018
തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവർ കമ്മിറ്റിക്കു പരാതി നൽകേണ്ടത് ഇങ്ങനെ: തെരുവുനായ ആക്രമിക്കുകയോ തെരുവുനായ കാരണം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ അപേക്ഷ കടലാസിൽ എഴുതി നൽകാം. അപേക്ഷയോടൊപ്പം ചികിൽസ തേടിയ ആശുപത്രിയിലെ ബില്ലുകൾ, ഒപി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കു ചെലവായ തുക എന്നിവ സിരിജഗൻ കമ്മിറ്റിയുടെ ഓഫിസിലേക്ക് അയയ്ക്കണം.
അപേക്ഷ ലഭിച്ചാൽ പരാതിക്കാരനെ കൊച്ചിയിലേക്ക് ഹിയറിങിനായി വിളിക്കും. വക്കീലിന്റെയോ മറ്റു സഹായികളുടെയോ ആവശ്യമില്ല. നേരിട്ട് കമ്മിറ്റിക്കു മുന്നിൽ പരാതികൾ ഉന്നയിക്കാം. പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ട തദ്ദേശ സ്ഥാപനത്തിനു നോട്ടിസ് അയയ്ക്കും. അവരുടെ ഭാഗംകൂടി കേട്ടശേഷം നഷ്ടപരിഹാരം വിധിക്കും.
സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. തിരുവനന്തപുരം47,829, കൊല്ലം50869, പത്തനംതിട്ട14080, ആലപ്പുഴ19249, കോട്ടയം9915, ഇടുക്കി7375, എറണാകുളം 14155, തൃശൂർ25277, പാലക്കാട്29898, മലപ്പുറം18554, കോഴിക്കോട്14044,വയനാട്6907, കണ്ണൂർ23666, കാസർകോട്8168. 202122 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തെരുവുനായയുടെ കടിയേറ്റത് തിരുവനന്തപുരത്താണ്3411.
തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല തെരുവുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുന്നു.
കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കൾ അപകടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ദ്ധർ പറയുന്നു. മനുഷ്യസമ്പർക്കമില്ലാതെ വളർന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ