- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയെന്താ കല്യാണം കഴിക്കാത്തെയെന്ന് മണിച്ചേട്ടൻ; അങ്ങനെ നടന്നില്ല ചേട്ടയെന്ന് ഞാനും; അപ്പോൾ മണി ചേട്ടൻ പറഞ്ഞു നിന്റെ കല്യാണത്തിന് പത്ത് പവൻ എന്റെ വക; കലാഭവൻ മണിയെക്കുറിച്ച് സുബി പറഞ്ഞ വാക്കുകൾ ഇങ്ങനെ; കലാഭവൻ മണിയെപ്പോലെ മലയാളികളെ നൊമ്പരപ്പെടുത്തി സുബിയും മടങ്ങി
തിരുവനന്തപുരം: മലയാളികൾ കലാഭവൻ മണിയെ നെഞ്ചേറ്റാനുള്ള നിരവധി കാരണങ്ങളിൽ ഒന്ന് ഏത് പ്രായക്കാരോടും അവർക്കനുസൃതമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കൂടിയാണ്.കുട്ടികളോടാണെങ്കിൽ അങ്ങിനെയും ഇനി മുതിർന്നവരോടാണെങ്കിൽ അവർക്കനുയോജ്യമായ രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്..അത് തന്റെ പരിപാടികളിലായാൽപ്പോലും.അതേ ഗുണം ഏതാണ്ട് അതേ അളവിൽ ലഭിച്ച അവതരകയാണ് സുബി. അതിനാൽ തന്നെയാണ് സുബിയുടെ അപ്രതീക്ഷിത മരണവും കലാഭവൻ മണിയുടെതിന് സമാനമായി സുബിയുടെ മരണവും മലയാളിയെ തളർത്തുന്നത്.
നിരവധി വേദികൾ ഒരുമിച്ച് പങ്കിട്ട താരങ്ങളാണ് കലാഭവൻ മണിയും സുബി സുരേഷും.തന്റെ ഒരു ചാനൽ അഭിമുഖത്തിൽ സുബി കലാഭവൻ മണിയുമൊത്തുള്ള തന്റെ അനുഭവങ്ങൾ ഓർത്തെടുക്കുകയും ചെയ്തിരുന്നു.സുബിയുടെ വിയോഗത്തിന് പിന്നാലെ ആ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.സുബിയുടെ വിവാഹത്തിന് 10 പവൻ നൽകുമെന്ന് കലാഭവൻ മണി തന്നോടും തന്റെ അമ്മയോടും പല തവണ പറഞ്ഞിട്ടുണ്ടെന്നാണ് സുബി സുരേഷ് അഭിമുഖത്തിൽ പറയുന്നത്.
ആദ്യം തനിക് ഭയങ്കര അഹങ്കാരമാണെന്നാണ് മണി ചേട്ടൻ വിചാരിച്ചതെന്നും അടുത്ത് അറിഞ്ഞപ്പോഴാണ് തന്നെ അദ്ദേഹത്തിന് മനസിലായതെന്നും നടി പറഞ്ഞു.'ധർമ്മജനിൽ നിന്നും കലാഭവൻ ഷാജോണിൽ നിന്നുമൊക്കെയാണ് എന്റെ ജീവിതത്തെക്കുറിച്ച് മണിച്ചേട്ടൻ അറിയുന്നത്. തന്നെപ്പോലെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാൾ എന്നാവും അദ്ദേഹം മനസിലാക്കിയത്.നീ എന്താണ് കല്യാണം കഴിക്കാത്തതെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. അങ്ങനെ വന്നില്ല ചേട്ടാ എന്ന് പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് സെറ്റിൽഡ് ആവണമെന്നും അത് അമ്മയ്ക്ക് ഒരു അത്താണി ആവുമെന്നും പറഞ്ഞു.
നിന്റെ കല്യാണം നടക്കുകയാണെങ്കിൽ പത്ത് പവൻ ഞാൻ തരുമെന്നും പറഞ്ഞു. ഞാനത് കേട്ട് അങ്ങ് വിട്ടുകളഞ്ഞു'.പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് നിന്റെ അമ്മയെ വിളിച്ചിട്ട് എനിക്ക് ഫോൺ തരണമെന്ന് പറഞ്ഞു.അമ്മേ എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണമെന്ന് അമ്മയോടും പറഞ്ഞു.പത്ത് പവന്റെ കാര്യവും പറഞ്ഞു.45 ദിവസത്തിനു ശേഷം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ എന്നെ വിളിക്കാൻ അച്ഛനും അമ്മയും വന്നിരുന്നു.നേരത്തെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അഹങ്കാരിയാണെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു.
അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്റെ കാര്യം വീണ്ടും ഓർമ്മിപ്പിച്ചു. പത്ത് പവന്റെ കാര്യമൊന്നുമല്ല, പുള്ളിക്കാരൻ അങ്ങ് പോയില്ലേ', സുബി പറഞ്ഞു. മലയാളികളുടെ മനസ്സ് നൊമ്പരപ്പെടുത്തി യാത്രയായി കലാഭവൻ മണിയും സുബിയും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ തന്ന് അവർ മലയാളികളെ വേർപിരിഞ്ഞു പോയി.
ഇന്ന് രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. രാവിലെ 10 മുതൽ വാരാപ്പുഴയിൽ പൊതുദർശനമുണ്ടാകും. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അടുത്തകാലത്തായി യൂട്യൂബിൽ അടക്കം സജീവമായിരുന്നു സുബി. മലയാള സിനിമ - ടെലിവിഷൻ രംഗത്തെ പ്രമുഖർ താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ