ന്യൂഡൽഹി: സുഡാനിൽ സംഘർഷം രൂക്ഷമായ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നിക്കത്തിലേ്ക്ക് സർക്കാർ. റോഡ് മാർഗം കേന്ദ്രസർക്കാർ മുഖ്യമായി പരിഗണിക്കുന്നതായി സൂചന. സുഡാനിലെ അർധസൈനികവിഭാഗവും സേനയും തമ്മിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന സംഘർഷമാണ് ഒഴിപ്പിക്കലിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംഘർഷത്തിൽ അയവുണ്ട്. ഈ സമയം പരമാവധി പേരെ രക്ഷിക്കാനാണ് നീക്കം. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയതായും സുഡാനിലെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നിർദ്ദേശം നൽകിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഘർഷത്തിന് അയവ് വരുന്ന സാഹചര്യം വിലയിരുത്തി ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ഖർത്തൂം വിമാനത്താവളം അടച്ചതോടെ വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം വൈകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് റോഡ് മാർഗങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. സുഡാനിലെ സംഘർഷഭരിതമേഖലകളിൽ കുടുങ്ങിപ്പോയ 3,000ത്തോളം ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തരപദ്ധതികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഘർഷത്തിൽ കൊല്ലപ്പെട്ട അൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും അടക്കം പ്രതിസന്ധിയിലാണ്.

ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തത്ക്കാലം അവിടെ തുടരും. സംഘർഷം ആരംഭിച്ചതിനുപിന്നാലെ ഖർത്തൂമിലെ യുഎസ് എംബസി പ്രവർത്തനം നിർത്തുകയും ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു. 3000-4000 ഇന്ത്യാക്കാർ സുഡാനിലുണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗം പേരും സംഘർഷത്തിന്റെ പ്രഭവസ്ഥാനമായ ഖർത്തൂമിൽ കുടുങ്ങിക്കിടക്കുകയാണ്. സൗദി നാവികസേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ 157 പേരടങ്ങുന്ന സംഘത്തെ ബോട്ടുകളിൽ സുഡാനിൽ നിന്ന് ശനിയാഴ്ച ജിദ്ദയിലെത്തിച്ചിരുന്നു.

ഇന്ത്യ, കുവൈത്ത്, ഖത്തർ, യുഎ, ഈജിപ്ത്, ടുണീഷ്യ, പാക്കിസ്ഥാൻ, ബൾഗേറിയ, ഫിലിപ്പീൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു. ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്റെ അടിയന്തര സഹായം തേടി വെടിവെപ്പിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും അഭ്യർത്ഥനയുമായി എത്തിയിരുന്നു. സുഡാനിൽ കുടുങ്ങിയ പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. എന്നാൽ എപ്പോൾ ദൗത്യം നടക്കുമെന്നതിൽ ആർക്കും ഉറപ്പില്ല. ഇതാണ് അൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തേയും സമാനതളില്ലാത്ത പ്രതിസന്ധിയിലാക്കുന്നത്. ഇത് വാർത്തയായ ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തുന്നത്. ഇവരെ ഉടൻ നാട്ടിലെത്തിക്കും.

ഖർത്തൂമിലെ ഫ്ളാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കണ്ണൂരിലുള്ള കുടുംബത്തിലൂടെയാണ് ഇവരുടെ ദുരിതം പുറം ലോകം അറിയുന്നത്. സൈന്യവും അർദ്ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഫ്ളാറ്റിൽ ഏപ്പിൽ 15നാണ് സൈബല്ലയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ളാറ്റിന്റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. തീർത്തും അപ്രതീക്ഷിതമായിരുന്നു വെടിവയ്‌പ്പ്.

സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ളാറ്റിലെ ബേസ് മെന്റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി ഫ്ളാറ്റിന്റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു. സൈബല്ലയുടെ ഫ്ളാറ്റിലെ മറ്റ് താമസക്കാരെയെല്ലാം വിവിധ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് ആരും ബന്ധപ്പെടുന്നില്ലെന്നാണ് ആൽബർട്ടിന്റെ കുടുംബം പറയുന്നത്.

ആൽബർട്ടിന്റെ ഭാര്യയേയും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കിയിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ ഇതെല്ലാം വെറും അവകാശ വാദമാണെന്ന് വ്യക്തമാക്കുന്നതാണ് കുടുംബത്തിന്റെ വാക്കുകളിലുള്ളത്. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്റെ അച്ഛൻ അഗസ്റ്റിൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.