തൃശ്ശൂർ: അണികളെ സംരക്ഷിക്കാതെ സ്വന്തം നേട്ടത്തിനായി നെട്ടോട്ടമോടുന്ന നേതാക്കളെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ധാരാളമായി കാണാം. എന്നാൽ, അണികൾക്ക വേണ്ടി ചങ്കു പറച്ചു കൊടുക്കുന്ന നേതാക്കൾ കുറവാണ്. ഇക്കൂട്ടത്തിൽ കെ സുധാകരനാണ് താഴെതട്ടിൽ അണികളോട് കൂറുള്ള നേതാവ്. അത്തരത്തിൽ കെ സുധാകരന്റെ സുരക്ഷ ഒരിക്കൽ ലഭിച്ചതോടെ ജീവിതം മാറിമറിഞ്ഞ കോൺഗ്രസുകാരനാണ് കുട്ടമംഗലം സ്വദേശി ഇൻഷാദ് വലിയകത്ത്.

യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറിയാണ് ഈ ഇൻഷാദ് വലിയകം. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ സജീവമായ വ്യക്തിത്വം. ഇദ്ദേഹത്തിന് കെ സുധാകരനെന്നാൽ ജീവനാണ്. അദ്ദേഹത്തിന് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഇൻഷാദ് തയ്യാറാകും. അതിന് കാരണം രാഷ്ട്രീയ എതിരാളികൾ ഇദ്ദേഹത്തിന് മേൽ ചാർത്തിക്കൊടുത്ത ഒരു കേസായിരുന്നു. ഈ കേസിൽ കോൺഗ്രസ് നേതാക്കളെല്ലാം കൈവിട്ടപ്പോൾ അന്ന് കെപിസിസി അധ്യക്ഷൻ പോലുമല്ലാതിരുന്ന സുധാകരനെ അഭയം പ്രാപിക്കുകയായിരുന്നു ഇൻഷാദ്.

വക്കീലിനെ അടക്കം ഏർപ്പാടാക്കി എല്ലാ സഹായങ്ങളും തനിക്ക് സുധാകരൻ ചെയ്തു തന്നപ്പോൾ അന്ന് മുതൽ കെ എസിന്റെ കട്ട ആരാധകരനായി ഇദ്ദേഹം. അന്ന് മുതൽ ഇടയ്ക്കിടെ ഈ ആരാധന കൊണ്ട് വാർത്തകളിലും ഇടം പിടിക്കാറുണ്ട് ഇൻഷാദ്. ഇൻഷാദിന് കല്യാണമായപ്പോൾ ക്ഷണിച്ചത് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നിച്ചായിരുന്നു. ആ വിധത്തിലായിരുന്നു കത്ത് തയ്യാറാക്കിയത്. പ്രമുഖരായ നാല് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളും കത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പുറമേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരുമാണ് ക്ഷണക്കത്തിൽ ഉണ്ടായിരുന്നത്.

പിന്നീട് ഇൻഷാദ് വാർത്തകളിൽ നിറഞ്ഞത് സ്വന്തം വീടിന് കെഎസ് ഭവനം എന്നു പേരിട്ടായിരുന്നു. വീടിനുള്ളിൽ സുധാകരന്റെ ചിത്രവും പെയിന്റ് ചെയ്തു. അന്ന് തന്റെ ആരാധകനായി യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് കാണാൻ കെ എസ് നേരിട്ട് എത്തുകയും ചെയ്തു. തൃശൂർ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം. കൂടാതെ അതിഥി മുറിയിലായി കെ സുധാകരന്റെ വലിയൊരു ചിത്രവും തൂക്കിയിട്ടുണ്ട്. കെ സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ഇൻഷാദിന്റെ ആരാധന എന്തുമാത്രമുണ്ടെന്ന് ജനങ്ങൾക്കും മനസിലായത്. തൃശൂരിൽ നിന്ന് കണ്ണൂരിലേക്കൊരു യാത്ര, അതും ബൈക്കിൽ, വെറും ബൈക്കല്ല സുധാകന്റെ മുഖചിത്രം വരച്ച ബൈക്കിൽ.

ആയിരം സ്‌ക്വയർ ഫീറ്റിൽ അഞ്ചു സെന്റ് ഭൂമിയിലാണ് കെ എസ് ഭവനം നിർമ്മിച്ചിരിക്കുന്നത്. വീട് പണി തീർന്നതോടെ വീടിന് എന്ത് പേരിടും എന്ന കാര്യത്തിൽ ഇൻഷാദിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കെക എസ് ഭവനം സന്ദർശിക്കാൻ സുധാകരൻ എത്തിയതും. കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ഏറ്റവും അധികം സന്തോഷിച്ചവരുടെ കൂട്ടത്തിലായിരുന്നു ഇൻഷാദിന്റെ സ്ഥാനവും.

ഇത്തവണ ഇൻഷാദ് ശ്രദ്ധ നേടുന്നത് തനിക്കൊരു കുഞ്ഞു ജനിച്ചപ്പോൾ ആ കുഞ്ഞിന് സുധാകരനുമായി ചേർത്ത് പേരിട്ടാണ്. ഭാര്യയ്ക്ക് പ്രസവ തീയ്യതി അടുത്തപ്പോൾ തന്നെ ആൺകുട്ടിയെങ്കിൽ മുഹമ്മദ് സുധാകരൻ എന്നും പെൺകുഞ്ഞാണെങ്കിൽ സുധാ ഫാത്തിമ എന്നും പേരിടാനാണ് ഇൻഷാദ് തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ 11.57ന് പെൺകുഞ്ഞാണ് പിറന്നത്. കുഞ്ഞിന് സുധാ ഫാത്തിയമെന്ന് പേരുമിട്ടത്.

2009 മുതൽ കെ എസുമായി അടുപ്പമുണ്ടെന്നാണ് ഇൻഷാദ് പറയുന്നത്. തന്റെ ആത്മാർഥമായ പ്രവർത്തനങ്ങളെ കെഎസ് വിലമതിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹവുമായുള്ള അടുപ്പവും ആരാധനയുമായി മാറുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും സുധാകരനോടുള്ള ആരാധന സൈബറിടത്തിലും ചർച്ചയായിട്ടുണ്ട്. നേതാക്കളും അണികളുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന പക്ഷക്കാരനാണ് ഇൻഷാദും.