- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂയസ് കനാലിലെ ചരക്ക് നീക്കം തടസ്സപ്പെടുത്തി വീണ്ടും മറ്റൊരു കപ്പൽ കൂടി കുറുകെ നിന്നു; അഞ്ചുമണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായി റിപ്പോർട്ട്; ഒന്നരവർഷം മുൻപ് ആറു ദിവസം ലോകത്തെ ആശങ്കപ്പെടുത്തിയ എവെർഗിവൺ കപ്പലിന്റെ ഓർമ്മയിൽ ലോകം
ലോക വ്യാപാരത്തിന്റെ സുപ്രധാന നാഢിയാണ് സൂയസ് കനാൽ. കൃസ്തുവിനും മുൻപ് സ്വപ്നത്തിൽ പിറന്ന സൂയസ് കനാൽ എന്ന ആശയം ഒരു പതിറ്റാണ്ടു കാലത്തെ കഠിനാദ്ധ്വാനത്തിനു ശേഷം 1869 നവംബർ 17 ന് സാക്ഷാത്ക്കരിച്ചപ്പോൾ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലെ ദൂരം കുറഞ്ഞത് ഏകദേശം 8900കിലോ മീറ്ററായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 20 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കുന്ന് ഒരു കപ്പലിന്റെ യാത്രയിൽ കുറവ് വന്നത് 10 ദിവസത്തെ യാത്രയായിരുന്നു.
ചെലവേറെ കുറഞ്ഞ മാർഗ്ഗമായതിനാൽ, ചരക്ക് നീക്കം പ്രധാനമായും സമുദ്രമാർഗ്ഗത്തിൽ നടക്കുന്ന ഇക്കാലത്ത്, അതുകൊണ്ടു തന്നെ സൂയസ് കനാൽ ആഗോള വിപണിയെ തന്നെ സ്വാധീനിക്കുന്ന ഒന്നായി മാറുകയായിരുന്നു. ഈജിപ്ഷ്യൻ സർക്കാരും ചില ബ്രിട്ടീഷ്- ഫ്രഞ്ച് കമ്പനികളും ആയിരുന്നു ആദ്യകാലത്ത് ഈ കനാലിന്റെ ചുമതല സംയുക്തമായി വഹിച്ചിരുന്നതെങ്കിൽ 1956-ൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ട് ഗാമൽ അബ്ദെൽ നാസ്സർ കനാൽ ദേശസാത്ക്കരിച്ചത് അന്ന് വലിയൊരു പ്രതിസന്ധിക്ക് കാരണമായി മാറിയിരുന്നു.
ആഗോളവ്യാപാരത്തിന്റെ 12 ശതമാനത്തോളം നടക്കുന്നത് സൂയസ് കനാലിലൂടെയാണ്. അതുപോലെ, ഇന്ന് ലോകത്ത് വിവിധ ഭാഗങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കണ്ടെയ്നറുകളിൽ 30 ശതമാനത്തോളം യത്ര ചെയ്യുന്നതുംഈ കൃത്രിമ ജലഗതാഗത മാർഗ്ഗത്തിലൂടെയാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് 2020-ൽ കൊറോണ പ്രതിസന്ധി നിലനിന്നിട്ട് പോലും 19,000 കപ്പലുകൾ ഈ വഴി സഞ്ചരിച്ചു എന്നാണ് വ്യക്തമാകുന്നത്. 1 ട്രില്ല്യൺ (1 ലക്ഷം കോടി) അമേരിക്കൻ ഡോളറിന്റെ വ്യാപാരമാണ് ഒരോ വർഷവും സൂയസ് കനാലിലൂടെ നടക്കുന്നത്.
ഇത്രയും തന്ത്ര പ്രധാനമായ സൂയസ് കനാൽ, ഒന്നര വർഷം മുൻപാണ് ആറു ദിവസത്തേക്ക് അടച്ചിടേണ്ടിവന്നത്. എവെർഗിവൺ എന്ന കപ്പൽ സൂയസ് കനാലിൽ വിലങ്ങനെ കിടന്നുപോയതായിരുന്നു കാരണമായത്. അന്ന് ലോക വിപണിയിൽ സംഭവിച്ചത് കണക്കില്ലാത്ത നഷ്ടമായിരുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും കളിപ്പാട്ടങ്ങൾ മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ കടുത്ത ക്ഷാമം നേരിടുന്ന അവസ്ഥ സംജാതമായി. അതുകൊണ്ട് തന്നെയാണ് അന്നത് കേവലം ഒരു ഷിപ്പിങ് കമ്പനിയുടെയോ, സൂയസ് കനാലിന്റെയോ പ്രശ്നമായി ഒതുക്കാതെ, ലോക രാജ്യങ്ങൾ തന്നെ അത് ഏറ്റെടുത്ത് കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
ചരിത്രം വീണ്ടും ആവർത്തിക്കും എന്ന് എല്ലാവരേയും ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരിക്കൽ കൂടി സൂയസ് കനാലിൽ ഗതാഗത തടസ്സം ഉണ്ടായി. ഇത്തവണ ഒരു ഓയിൽ ടാങ്കർ ആയിരുന്നു പ്ര്ശ്നം സൃഷ്ടിച്ചത്. ഇന്നലെ, പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷമായിരുന്നു അഫിനിറ്റി അഞ്ച് എന്ന ക്രൂഡ് ഓയിൽ ടാങ്കർ നിയന്ത്രണം തെറ്റി സൂയസ് കനാലിന് കുറുകെ വരികയും, നിശ്ചലമാവുകയും ചെയ്തത്. ഒന്നര വർഷം മുൻപ് എവെർ ഗിവൺ കിടന്ന അതേ സ്ഥലത്താണ് ഇതും സംഭവിച്ചതെന്നത് ആശങ്കകൾക്ക് കനം വർദ്ധിപ്പിച്ചു.
എന്നാൽ, ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട്, കപ്പൽ നേരെയാക്കാനുള്ള് പ്രവർത്തനങ്ങൾ വിജയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം അഞ്ചു മണിക്കൂറോളം ലോകത്തെ മുൾമുനയിൽ നിർത്തിയതിനു ശേഷം കപ്പലിന്റെ എഞ്ചിൻ പ്രവർത്തിക്കാൻ ആരംഭിച്ചു. പിന്നീട് യഥാർത്ഥ റൂട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന കപ്പൽ അതിന്റെ യാത്ര തുടർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
മറുനാടന് ഡെസ്ക്