- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയതു കൊണ്ടും ഹിന്ദു ആരാധനാലയങ്ങളെ ഉൾപ്പെടുത്തുന്നു; അയോദ്ധ്യയിൽ പോയപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു; രാമക്ഷേത്ര നിർമ്മാണ സ്ഥലത്തിന്റെ വീഡിയോക്ക് പിന്നാലെ സൈബർ ആക്രമണം മുറുകുമ്പോൾ സുജിത് ഭക്തന് പറയാനുള്ളത്
കൊച്ചി: അയോധ്യ എന്ന വൈകാരിക വിഷയം ഒരുപക്ഷേ ഉത്തർപ്രദേശിലേക്കാൾ അധികം ചർച്ച ചെയ്യുന്നതും വൈകാരികമായി ഇടപെടുന്നതുമായ ഇടം കേരളമാകാം. അതുകൊണ്ട് തന്നെ പലപ്പോഴും സെൻസിറ്റീവായ ഈ വിഷയത്തിൽ ഇടപെടുമ്പോൾ ആരായാലും അൽപ്പം മുൻകരുതൽ എടുക്കണമെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. എന്നാൽ, കൗതുകം കൊണ്ടുള്ള സന്ദർശനത്തിന്റെ പേരിൽ അയാളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന വിധത്തൽ സൈബർ ആക്രമണം പോലും നടക്കുന്നു എന്നു പറഞ്ഞാൽ അത് അൽപ്പം കടന്നപോയെന്ന് പറയേണ്ടി വരും.
പ്രമുഖ ട്രാവർ വ്‌ലോഗറായ സുജിത്ത് ഭക്തന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് ഇതാണ്. അദ്ദേഹം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ വീഡിയോ പോസ്റ്റു ചെയ്തതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. അയോധ്യയിലെ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദർശിച്ചു വീഡിയോ തയ്യാറാക്കിയത് വലിയ തെറ്റെന്ന വിധത്തിലാണ് ഒരു വിഭാഗം തീവ്രനിലപാടുകാരുടെ പ്രതികരണം. ഈ വിഷയത്തിൽ ഒടുവിൽ വിശദീകരണവും നൽകേണ്ടി വന്നു സുജിത്ത് ഭക്തന്.
ഉത്തർപ്രദേശിൽ കൂടുതലും ഉള്ളത് ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളാണെന്നും പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉൾപ്പെടുത്തുന്നതെന്നുമാണ് സുജിത് ഭക്തന്റെ വിശദീകരണം. അയോദ്ധ്യ എന്ന വളരെ സെൻസിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോൺട്രോവേർസി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാൻ എനിക്ക് താൽപര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുജിത്ത് ഭക്തൻ സൈബർ ആക്രമണത്തിന് മുറപടിയായി കുറിച്ചത് ഇങ്ങനെ:
ഞാൻ ഒരു യാത്രികനാണ്, കഴിഞ്ഞ 6 മാസത്തിലധികമായി ഇന്ത്യ മുഴുവനായി വണ്ടിയിൽ യാത്ര ചെയ്യുന്നു, പല പല സ്ഥലങ്ങളിൽ പോകുന്നു. അതിൽ ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട്, ബുദ്ധമത ആരാധനാലയങ്ങൾ ഉണ്ട്, മുസ്ലിം പള്ളികൾ ഉണ്ട്, സിഖുകാരുടെ ഗുരുദ്വാരയുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയും ഉണ്ട്. മറ്റു മതങ്ങളെക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും പരമാവധി പോകാൻ ശ്രമിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ കയറാൻ സാധിക്കാറില്ല, കയറ്റാറില്ല, പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ പരമാവധി പോകാറുണ്ട്. കഴിഞ്ഞ 6 മാസം കൊണ്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ഇപ്പൊൾ ഉള്ളത് UP യിലാണ്. UP യിൽ കൂടുതലും ഉള്ളത് ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളാണ്, പ്രായമായ അച്ചനും അമ്മയും കൂടി കൂടെ ഉള്ളതുകൊണ്ടും ഞാൻ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയതുകൊണ്ടും ആ സ്ഥലങ്ങളും കൂടുതലായി ഉൾപ്പെടുത്തുന്നുണ്ട്.
അയോദ്ധ്യ എന്ന വളരെ സെൻസിറ്റീവ് ആയ ഈ സ്ഥലത്ത് പോയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തെക്കുറിച്ച് കോൺട്രോവേർസി വരുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ഇന്നത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരുടേയും മത വികാരം വ്രണപ്പെടുത്തതാൻ എനിക്ക് താൽപര്യവുമില്ല.
ഈ വീഡിയോ കാരണം ആരും തമ്മിൽ തല്ലുന്നത് കാണാൻ താൽപര്യം ഇല്ലാത്തതിനാൽ ഈ വീഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരിക്കും എന്ന് അറിയിച്ചുകൊള്ളട്ടെ. ഞാൻ കാരണം ആരും തമ്മിൽ തല്ലരുത്. ഹിന്ദു ആയതുകൊണ്ടും പേരിൽ ഭക്തൻ ഉള്ളതുകൊണ്ടും എന്നെ എല്ലാവരും ചേർന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാക്കാൻ ശ്രമിക്കുന്നുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഞാൻ മനുഷ്യനാണ്, ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ',
അതേസമയം സുജിത് ഭക്തനെതിരായ സൈബർ ആക്രമണം ഏറ്റുപിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പിണറായി വിജയനും കൂട്ടരും മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ:
ആര് എന്ത് പറയണം, എന്ത് അവതരിപ്പിക്കണം, എന്ത് ഭക്ഷണം വെക്കണം, എന്ത് കഴിക്കണം, എന്ത് എഴുതണം, എവിടെ പോകണം എന്നെല്ലാം ഇസ്ലാമിസ്റ്റുകൾ തീരുമാനിക്കുമെന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത Travel lnfluencer സുജിത്ത് ഭക്തന് നേരെ സോഷ്യൽ മീഡിയയിലുണ്ടായ ജിഹാദി സൈബർ ആക്രമണം. '
സുജിത്ത് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ച വീഡിയോ പോസ്റ്റ് ചെയ്തതാണ് പ്രബുദ്ധ കേരളത്തിലെ മതവർഗീയവാദികൾക്ക് ഹാലിളകാൻ കാരണം. അയോധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലവും ശ്രീരാമൻ ആരാധ്യപുരുഷനുമാണ് എന്നിരിക്കെ നിങ്ങൾ എന്തിനാണ് അവിടേക്ക് പോയി എന്നാണ് സൈബർ ജിഹാദികൾ ചോദിക്കുന്നത്. നിങ്ങൾ എവിടെ പോകണം എന്ത് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന താലിബാനിസമാണ് ഇത്.
ഒടുവിൽ എല്ലാ മതവിദ്വേഷം പടർത്തുന്ന കമന്റുകളും ഡിലീറ്റ് ചെയ്ത് തന്റെ മതേതരത്വം തെളിയിക്കുന്ന കമന്റ് ഇടേണ്ടി വന്നു ആ യുവ യൂട്ഊബർക്ക്. നാഴികയ്ക്ക് നാൽപ്പതുവട്ടം ഇത് കേരളമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമില്ലാത്തതൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്. സ്‌കൂൾ കലോത്സവത്തിൽ ദേശസ്‌നേഹം ജ്വലിപ്പിക്കുന്ന സൈനികരുടെ പോരാട്ട വീര്യം കാണിക്കുന്ന ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിച്ചവരെ വേട്ടയാടുകയാണ് ഇടത് സർക്കാർ. ആ കലാസംഘത്തിന്റെ കൺവീനർ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം തരണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിൽ തന്നെ കേരളത്തിന്റെ ഇന്നത്തെ ദയനീയ ചിത്രം പ്രകടമാണ്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പിണറായി വിജയനും കൂട്ടരും മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണ്. പഴയിടത്തെ പോലെയുള്ള സീനിയറായ ഒരു പാചകക്കാരന് ഈ മതമൗലികവാദികളെ പേടിച്ച് കലോത്സവ വേദിയിൽ നിന്നും പടിയിറങ്ങേണ്ടി വരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെപ്പോലൊരു മന്ത്രി നേരിട്ടാണ് ഇത്തരം ഇസ്ലാമികവത്ക്കരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നതാണ് ഞെട്ടിക്കുന്നത്. ജിഹാദികളുടെ മേധാവിത്വ മനോഭാവം അംഗീകരിച്ചു തരാൻ ഈ നാട്ടിലെ എല്ലാവരും ഒരുക്കമല്ലെന്ന് മാത്രം മന്ത്രിയേയും പരിവാരങ്ങളെയും ഓർമ്മിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ