ഭോപാൽ: ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണുണ്ടായ അപകടത്തിൽ കാണാതായ ഒരു പൈലറ്റിന് വീരമൃത്യു. മിറാഷ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇജക്ട് ചെയ്‌തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്.

സുഖോയ്30 വിമാനത്തിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. രക്ഷപ്പെട്ട പൈലറ്റുമാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.

മൊറേനയിൽനിന്ന് നൂറു കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിൽ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരിൽ ഒരു ചാർട്ടർ വിമാനം തകർന്നുവീണുവെന്നായിരുന്നു ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചിരുന്നത്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കി.


സുഖോയ്30 വിമാനം മധ്യപ്രദേശിലെ മൊറേനയിൽ തകർന്നു വീണുവെന്നാണ് നിലവിലെ റിപ്പോർട്ട്. എന്നാൽ മിറാഷ് 2000 വിമാനമാണ് രാജസ്ഥാനിൽ വീണതെന്നും റിപ്പോർട്ടുകളുണ്ട്. മിറാഷിലെ പൈലറ്റ് ഇജക്ട് ചെയ്‌തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ കൂട്ടിയിടിച്ച വിമാനമാണോ ഇതെന്ന് വ്യോമസേനാ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നഗ്ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങൾക്ക് തീപിടിച്ച് സ്‌ഫോടനം ഉണ്ടാവുകയും ചെയ്തു. ഗ്രാമത്തിനടുത്ത് പാടത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.