ന്യൂഡൽഹി: പട്ടയഭൂമി കാർഷിക - ഗാർഹിക ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് ക്വാറി ഉടമകൾ. ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് ക്വാറി ഉടമകൾ ഹർജി പിൻവലിച്ചത്. 

ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവർ  നിലപാടിൽ ഉറച്ചു നിന്നതോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നു ക്വാറി ഉടമകൾ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി, ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ അനുമതി നൽകി.

പട്ടയ ഭൂമിയിൽ പാറമട അനുവദിക്കുന്നതിനു കേന്ദ്രത്തിന്റെ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിലും കേരള ലഘു ധാതു ഇളവു നിയമത്തിലും വ്യവസ്ഥയുണ്ടെന്നു ക്വാറി ഉടമകൾ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

എന്നാൽ, പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കാര്യം ചട്ടത്തിലുണ്ടെന്നു കോടതി ആവർത്തിച്ചു. അനുവദനീയമല്ലാത്ത പാറ പൊട്ടിക്കൽ എങ്ങനെ നടക്കുമെന്ന ചോദ്യവും ഉന്നയിച്ചു. എന്നാൽ 2019 ൽ ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതു നിലനിൽക്കെ ഭേദഗതിയുടെ ആവശ്യമില്ലെന്നും ക്വാറി ഉടമകൾ പറഞ്ഞു. ഇക്കാര്യം നേരത്തേ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണു ഹൈക്കോടതിയിൽ പുനഃപരിശോധനയ്ക്ക് അനുമതി നൽകിയത്.

നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

നിലനിൽക്കുന്ന ചട്ട പ്രകാരം പട്ടയ ഭൂമിയിൽ വീട് വയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് അവകാശം. എന്നാൽ ഖനനം ഉൾപ്പടെ ഭൂമിക്ക് താഴെയുള്ള പ്രവർത്തങ്ങൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാൻ ചട്ടത്തിൽ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നൽകിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂതല അവകാശം പോലെ ഭൂമിക്ക് താഴെയുള്ള പ്രവർത്തനങ്ങൾക്കും പട്ടയ ഭൂമിയിൽ അനുമതി നൽകാൻ സർക്കാരിന് അധികാരമുണ്ടെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിരുന്നു. നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പുനപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് സുപ്രീംകോടതി രണ്ടാഴ്‌ച്ച സമയം അനുവദിച്ചു.

ക്വാറി ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ.വി. വിശ്വനാഥൻ, വി. ഗിരി അഭിഭാഷകരായ ഇ. എം. എസ് അനാം, എം. കെ. എസ് മേനോൻ, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി. കെ. ശശി, അബ്ദുള്‌ല നസീഹ് എന്നിവർ സുപ്രീം കോടതിയിൽ ഹാജരായത്. പരിസ്ഥിതി വാദികൾക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ജെയിംസ് ടി. തോമസ് എന്നിവരും ഹാജരായി