- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം അർഹിക്കുന്നവർക്ക് പാത്രമറിഞ്ഞ് വിളമ്പും; പതിവു തെറ്റിക്കാതെ സുരേഷ് ഗോപി; രാജ്യസഭാ എംപി അല്ലെങ്കിലും പറഞ്ഞ വാക്കുപാലിച്ച് ഇക്കുറിയും താരമായി; 10 ദിവസം കൊണ്ട് മുക്കംപുഴ ആദിവാസി ഊരിനു ഫൈബർ ബോട്ട് നൽകി
അതിരപ്പിള്ളി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപി എന്നും നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു. രാഷ്ട്രീയം കൊണ്ട് തനിക്ക് എത്രപേരെ സഹായിക്കാൻ സാധിക്കുമെന്നതിലാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി നിന്നത്. അടുത്ത തവണ തൃശ്ശൂരിൽ മത്സരിക്കണമെന്ന് ബിജെപി നേതാക്കൾ നിർബന്ധിക്കുമ്പോഴും അദ്ദേഹം അതിന് തയ്യാറാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയം അതിന്റെ വഴിക്ക് പോയാലും തന്റെ സേവന മേഖലയിൽ ഇപ്പോഴും സജീവമാണ് സുരേഷ് ഗോപി. ഇപ്പോൾ രാജ്യസഭാ എംപി പോലും അല്ലെങ്കിലും തന്നാൽ കഴിയുന്ന സഹായവുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിരവധി സഹായങ്ങൾ എത്തിച്ചിട്ടുള്ള സുരേഷ് ഗോപി ഇക്കുറി സഹായ ഹസ്തം നീട്ടിയത് പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിനു സമീപമുള്ള മുക്കംപുഴ ആദിവാസി ഊരിനായിരുന്നു. ഇവിടെ താൻ പറഞ്ഞതു പ്രകാരം ഫൈബർ ബോട്ട് എത്തിച്ചു നൽകിയാണ് അദ്ദേഹം വാക്കു പാലിച്ചത. സർക്കാർ പദ്ധതികൾക്കു പിറകെ പാഞ്ഞാൽ കാര്യം നടക്കാത്ത സാഹചര്യത്തിലാണ് ഫൈബർ ബോട്ട് നൽകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മീൻപിടിത്തക്കാർക്കും വനവിഭവങ്ങൾ ശേഖരിക്കാൻ ജലാശയം കടന്നുപോകുന്നവർക്കും വനപാലകർക്കും തുരുത്തുകളിൽ താമസിക്കുന്ന ഗർഭിണികളായ സ്ത്രീകളെ ഊരുകളിൽ എത്തിക്കുന്നതിനും ബോട്ട് പ്രയോജനപ്പെടുമെന്ന് ഊരുമൂപ്പൻ രാമചന്ദ്രൻ പറഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡില്ലാത്ത വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സ്ട്രെച്ചർ നൽകാൻ എത്തിയപ്പോഴാണ് മുക്കംപുഴ കോളനിക്കാരുടെ യാത്രാദുരിതം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
തുടർന്നു 10 ദിവസം കൊണ്ട് ഫൈബർ ബോട്ട് നിർമ്മിച്ച് എത്തിക്കുകയായിരുന്നു. സിനിമാജീവിതം സാധാരണ ജനങ്ങളിൽ നിന്ന് ഒരുപാട് അകലെയാണെന്നും നടീനടന്മാർ ഊരുകൾ സന്ദർശിച്ചാൽ മുഖ്യമന്ത്രിമാർക്കു കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരം ടിനി ടോം, നിസി ജിത്ത്, സംവിധായകൻ ജി. മാർത്താണ്ഡൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, എസ്ടി മോർച്ച സംസ്ഥാന സെക്രട്ടറി പി.കെ. ബാബു, ബിജെപി ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, പി.വി ഷാജി, സജീവ് പള്ളത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയെ പുകഴ്‌ത്തി സ്ഫടികം ജോർജ്ജും രംഗത്തുവന്നിരുന്നു. രാഷ്ട്രീയമൊന്നുമല്ല; കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നാണ് ജോർജ്ജ് പറഞ്ഞത്. വൃക്ക മാറ്റിവച്ച് കിടക്കുന്ന നാളുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ചന്വേഷിക്കുന്ന ആളായിരുന്നു സുരേഷ് ഗോപി. സഹായം ആവശ്യമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു എന്നും സ്ഫടികം ജോർജ് പറയുന്നു.
'കിഡ്‌നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്‌കതയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം.''
അതിനിടെ കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ രാജ്യത്തു കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്. ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ നടക്കുന്ന ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ