മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതുകൊല്ലപ്പെട്ടതാണെന്ന് ആവർത്തിച്ച് നടന്റെ പോസ്റ്റ്‌മോർട്ടത്തിൽ സഹായിച്ച മുംബൈ കൂപ്പർ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപ് കുമാർ ഷാ. നടന്റെ ദേഹത്തും കണ്ണിലും മർദ്ദനമേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നുവെന്നും രൂപ് കുമാർ ഷാ വെളിപ്പെടുത്തി. പോസ്റ്റ്‌മോർട്ടത്തിനായി വസ്ത്രങ്ങൾ നീക്കിയപ്പോഴാണ് ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടത്. കയ്യും കാലും അടിയേറ്റ് ഒടിഞ്ഞതു പോലെ തോന്നി. കഴുത്തിൽ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ മുറിവുകൾ കണ്ടു. കൊലപാതകമാണെന്ന് സംശയം മുതിർന്ന സഹപ്രവർത്തകരോട് പങ്കുവച്ചെന്നും പറഞ്ഞു.

2020 ജൂൺ 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐ നടൻ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിൽ എത്തിയതെങ്കിലും അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് മുൻ മാനേജരായ ദിഷാ സാലിയൻ 14ാം നിലയിൽ നിന്നു വീണു മരിച്ച സംഭവം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ കണ്ണിൽ ആരോ ശക്തമായി മർദ്ദിച്ചതായി രൂപ് കുമാർ ഷാ പറഞ്ഞു. 'അദ്ദേഹത്തിന് പരിക്കുകളുണ്ടായിരുന്നു, അസ്ഥികളിൽ പൊട്ടലുകളുണ്ടായിരുന്നു. വിഷയം ഞാൻ എന്റെ സീനിയേഴ്സിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കേട്ടില്ല. എന്നോട് സ്വന്തം കാര്യം നോക്കി പോവാനാണ് പറഞ്ഞത്' ഷാ ഇന്ത്യടുഡേ ടിവിയോട് വെളിപ്പെടുത്തി.

'ഞാൻ പോസ്റ്റുമോർട്ടം ടീമിന്റെ ഭാഗമായിരുന്നു. പക്ഷേ ആരാണ് അന്ന് പോസ്റ്റുമോർട്ടം ടീമിന്റെ തലവൻ എന്ന കാര്യം എനിക്ക് ഓർമയില്ല' ഷാ കൂട്ടിച്ചേർത്തു. നടന്റെ കഴുത്തിലെ പാടുകൾ തൂങ്ങിമരിച്ച നിലയിൽ ഉള്ളതല്ലെന്നും, കഴുത്ത് ഞെരിച്ച് കൊന്നതു പോലെയാണെന്നും ഷാ വെളിപ്പെടുത്തി.

സുശാന്ത് മരണപ്പെട്ട സമയത്ത് ഇതെക്കുറിച്ച് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഷാ ഇങ്ങനെ പ്രതികരിച്ചു. അന്നത്തെ സർക്കാറിൽ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുറത്ത് പറഞ്ഞില്ല. ഇന്ന് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ വരാൻ തയ്യാറാണ്. മൊഴിനൽകാം. എന്റെ സുരക്ഷയെക്കുറിച്ചോർത്ത് ഭയമില്ല. സുശാന്തിന് നീതി ലഭിക്കണം- ഷാ കൂട്ടിച്ചേർത്തു.

ശരീരത്തിലെ മുറിവുകളെ കുറിച്ച് നടന്റെ കുടുംബം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അവർ അത് കണ്ടിട്ടുണ്ടാകില്ല എന്നായിരുന്നു ഷായുടെ പ്രതികരണം. സുശാന്തിന്റെ മുറിയുടെ വാതിൽ പുറത്തുനിന്ന് തകർത്താണ് അകത്ത് കയറിയതെന്ന് വാദം തെറ്റാകാമെന്നും ഷാ പറയുന്നു. ആത്മഹത്യയെന്ന് വിധിയെഴുതിയ സുശാന്തിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഷാ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.

'സുശാന്ത് സിങ് രാജ്പുത് മരിച്ചപ്പോൾ, ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങൾ കൂപ്പർ ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടത്തിനായി ലഭിച്ചിരുന്നു. ആ അഞ്ച് മൃതദേഹങ്ങളിൽ ഒന്ന് ഒരു വിഐപിയുടേതായിരുന്നു. അത് സുശാന്ത് ആണെന്ന ഞങ്ങൾക്ക് മനസിലായി. അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം റെക്കോർഡ് ചെയ്യേണ്ടതുണ്ട്. പക്ഷേ ഉന്നത അധികാരികൾ മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രമാണ് നിർദ്ദേശിച്ചത്. അതിനാൽ ഞങ്ങൾ അത് മാത്രമാണ് ചെയ്തത്' ഷാ എഎൻഐയോട് പറഞ്ഞു.

സുശാന്തിന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് മുംബൈ പൊലീസിനായിരുന്നു. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതോടെ ഇഡി, എൻ.സി.ബി തുടങ്ങിയ അന്വേഷണ ഏജൻസികളും കേസിൽ ഉൾപ്പെട്ടു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നൽകി എന്ന കേസിൽ കാമുകി റിയ ചക്രബർത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസിൽ റിയ പിന്നീട് ജാമ്യത്തിലിറങ്ങി.