ബംഗളലൂരു: തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തതിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്.

സ്വപ്‌നയുടെ പോസ്റ്റ് ഇങ്ങനെ:

ഗോവിന്ദൻ... കോടതിയിലേക്ക് സ്വാഗതം. ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.

എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.

This time it's only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly--!

സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തത് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ സമാന സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് സ്വപ്‌നയ്ക്ക് എതിരെ കേസെടുത്തിരുന്നെങ്കിലും, ഹൈക്കോടതി അന്വേഷണം തടഞ്ഞിരുന്നു.