കൊച്ചി: ഇടവേളയ്ക്ക് ശേഷം സ്വപ്‌ന സുരേഷ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി മാധ്യമങ്ങൾക്കു മുന്നിൽ വിമർശനം ഉന്നയിച്ച ശേഷം, ഇപ്പോൾ നിശബ്ദയായെന്ന വിമർശനം തള്ളിക്കൊണ്ടാണ് ഇന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തന്റെ പോരാട്ടം തുടരുമെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. താൻ സൈലന്റ് ആയി എന്ന പ്രചാരണം ശരിയല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം നല്ല നിലയിൽ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതിൽ തൃപ്തയാണെന്നും അഭിഭാഷകനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോൾ അവർ വ്യക്തമാക്കി.

രാഷ്ട്രീയ താപര്യം വച്ച് ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇ ഡി അന്വേഷണം കഴിയട്ടെ.നീതി കിട്ടും എന്നാണ് പ്രതീക്ഷ. അതേസമം തനിക്ക് ബാംഗ്ലൂരിൽ ജോലി കിട്ടിയതായും സ്വപ്‌ന പറഞ്ഞു. അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ബംഗളുരുവിൽ ജോലി കിട്ടി. എന്നാൽ കേരള പൊലീസ് വഴി ജോലി കിട്ടിയത് തടയാൻ ശ്രമം നടന്നു. ബാംഗ്ലൂർ പൊലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് എച്ച്ആർഡിഎസ് ഇഡിക്ക് പരാതി നൽകിയതിനെപ്പറ്റി തനിക്ക് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ അറിവോടെയല്ല ഇത് ചെയ്തത്, അവരുടെ താല്പര്യം എന്തെന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കടത്തും, ഡോളർ കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷ് വിവിധ സമയങ്ങളിൽ നടത്തിയെ വെളിപ്പെടുത്തലുകൾ വിശദീകരിച്ചു കൊണ്ടാണ് എച്ച്ആർഡിഎസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചത്.

അട്ടപ്പാടി കേന്ദ്രീകരിക്കു പ്രവർത്തിക്കുന്ന സ്ന്നദ്ധസംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് കത്തയച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് കത്തിൽ എച്ച്ആർഡിഎസ് ആവശ്യപ്പെടുന്നത്. സ്വപ്ന സുരേഷിന്റെ അറിവോടെയാണോ ഇത്തരമൊരു കത്ത് എച്ച്ആർഡിഎസ് അയച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. പരാതി ഡൽഹി ഇ ഡി ഓഫീസിൽ സ്വീകരിച്ചു രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. ഇഡി. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണൻ ഇ.ഡിയെ സമീപിക്കുന്നത്. തുല്യനീതി എന്നത് മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ലെന്നും അതിനാലാണ് ഈ നടപടിയെന്നും എച്ച്.ആർ.ഡി.എസ് പറയുന്നു.

ഇ ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്കാണ് അജി കൃഷ്ണൻ കത്തയച്ചിരിക്കുന്നത്. കസ്റ്റംസ് മുമ്പാകെയും മാധ്യമങ്ങൾക്ക് മുമ്പാകെയും സ്വപ്ന സുരേഷ് നടത്തി വെളിപ്പെടുത്തലുകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കത്ത്. യുഎഇ കൗൺസിൽ വഴി സ്വപ്ന സുരേഷിനെ ഉപയോഗിച്ചു ഡോളർ കടത്തിയെന്ന് അടക്കം കത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായിട്ടാണ് ഷാർജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന ഉന്നയിച്ച ആരോപണം അടക്കം കത്തിൽ വ്യക്തമാക്കുന്നു.

'കാലിക്കറ്റ് സർവകലാശാലയിലായിരുന്നു ഡി ലിറ്റ് നൽകേണ്ടിയിരുന്നത്. അത് പൂർണ്ണമായും വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേർന്നാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിൽ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനിൽ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂൾ. അതിനെ വളച്ച് തിരിച്ചത് ഞാനാണ്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സന്ദർശിച്ചത് നിയമവിരുദ്ധമായിട്ടാണ്. ക്ലിഫ് ഹൗസിലെ സന്ദർശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ല. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം അന്ന് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് പൈലറ്റ് വാഹനം വഴി തിരിച്ചുവിട്ടവളാണ് ഞാൻ. ഇവരുടെ നിർദ്ദേശപ്രകാരം ഞാൻ തന്നെയാണ് അതൊക്കെ ചെയ്തത്' സ്വപ്ന പറഞ്ഞ വിവരം കത്തിൽ അടിവരയിട്ടു വ്യക്തമാക്കുന്നു.

ഷാർജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചതെന്നും വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തതെന്ന സ്വപ്നയുടെ ആരോപണവും ഇ ഡിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. മുഖ്യമന്ത്രി, വീണ വിജയൻ, കമല ഇങ്ങനെയുള്ളവരൊക്കെ ഷാർജ ശൈഖിന് ഗിഫ്റ്റ് നൽകിയിട്ടുണ്ടെന്ന് സ്വപ്നയുടെ ആരോപണവും ഇ ഡിക്ക് മുമ്പാകെ അജി കൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.